play-sharp-fill
പൊലീസിലെ മാഫിയയെ കുടുക്കാൻ വിജിലൻസിന്റെ മിന്നൽ പരിശോധന: കോട്ടയത്ത് എരുമേലിയിലും , തലയോലപ്പറമ്പിലും , ചിങ്ങവനത്തും പൊലീസ് സ്റ്റേഷനുകളിൽ വിജിലൻസ് പരിശോധന;  മിന്നൽ വേഗത്തിൽ വിജിലൻസ് സംഘം കയറിയത് 53 സ്റ്റേഷനിൽ; ഓപ്പറേഷൻ തണ്ടർ തുടങ്ങി

പൊലീസിലെ മാഫിയയെ കുടുക്കാൻ വിജിലൻസിന്റെ മിന്നൽ പരിശോധന: കോട്ടയത്ത് എരുമേലിയിലും , തലയോലപ്പറമ്പിലും , ചിങ്ങവനത്തും പൊലീസ് സ്റ്റേഷനുകളിൽ വിജിലൻസ് പരിശോധന; മിന്നൽ വേഗത്തിൽ വിജിലൻസ് സംഘം കയറിയത് 53 സ്റ്റേഷനിൽ; ഓപ്പറേഷൻ തണ്ടർ തുടങ്ങി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കാക്കിയണിഞ്ഞ മാഫിയ സംഘങ്ങളെ കുടുക്കാൻ ഓപ്പറേഷൻ തണ്ടറുമായി വിജിലൻസ് സംഘം രംഗത്ത്. കോട്ടയം ജില്ലയിൽ എരുമേലി , ചിങ്ങവനം , തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷനുകളിലാണ് വിജിലൻസ് സംഘം പരിശോധന നടത്തുന്നത്.
മാഫിയ ബന്ധമുള്ള ഉദ്യോഗസ്ഥരുണ്ടെന്ന് കണ്ടത്തിയ സംസ്ഥാനത്തെ 53 പൊലീസ് സ്റ്റേഷനുകളിലാണ് വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തിയത്. സംസ്ഥാനത്തെ വിജിലൻസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയധികം പൊലീസ് സ്റ്റേഷനുകളിൽ ഒരേ സമയം പരിശോധന നടക്കുന്നത്.
സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളെ അഴിമതി വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിജിലൻസ് ഓപ്പറേഷൻ തണ്ടറിന് തുടക്കമിട്ടത്. സംസ്ഥാന പൊലീസിൽ അഴിമതിക്കാരുടെ എണ്ണം വർധിക്കുന്നതായി വിജിലൻസ് രഹസ്യാന്വേഷണ വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് വിജിലൻസ് സംഘം പരിശോധനയ്ക്കുള്ള തയ്യാറെടുപ്പ് നടത്തിയത്. പൊലീസ് സ്റ്റേഷനുകളിലെ ക്രിമിനൽ സംഘങ്ങളും ചില പൊലീസ് ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ ബന്ധം സജീവമാണെന്ന് ആരോപണം ഉയർന്ന സ്റ്റേഷനുകളിലാണ് പരിശോധന നടക്കുന്നത്.
കോട്ടയം ജില്ലയിലെ ഏറ്റവും കുത്തഴിഞ്ഞ പൊലീസ് സ്റ്റേഷനുകളിൽ ഒന്നാണ് ചിങ്ങവനം. ഈ സ്റ്റേഷനിൽ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ താവളമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വാഹനാപകട കേസുകൾ ഒരു അഭിഭാഷകനെ തന്നെ ഏൽപ്പിക്കുന്നത് സംബന്ധിച്ച് ചില പൊലീസ് ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തുന്നതായി നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. ഇത് സംബന്ധിച്ച രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിനെ തുടർന്നാണ് ചിങ്ങവനം സ്റ്റേഷനിൽ വിജിലൻസ് പരിശോധന നടത്തുന്നത്.
ജില്ലയിൽ ഏറ്റവും കൂടുതൽ മണൽ മാഫിയ സംഘങ്ങൾ പ്രവർത്തിക്കുന്ന സ്ഥലമാണ് തലയോലപ്പറമ്പ്. ഇവിടെ ലക്ഷങ്ങളാണ് കൈക്കൂലിയായി ഉദ്യോഗസ്ഥരിൽ എത്തി മറിയുന്നതെന്നാണ് കണ്ടെത്തൽ. ഇത് സംബന്ധിച്ചും നേരത്തെ പലതവണ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി വിജിലൻസ് സംഘം ഈ സ്റ്റേഷനിലും പരിശോധന നടത്തുന്നത്. തലയോലപ്പറമ്പ് , ചിങ്ങവനം സ്റ്റേഷനുകളിൽ നിലവിൽ എസ് ഐമാരാണ് എസ്എച്ച് ഒ ചുമതല വഹിക്കുന്നത്.
എരുമേലി സ്റ്റേഷനിലെ നടപടികളെപ്പറ്റി നേരത്തെ മുതൽ തന്നെ ആരോപണം ഉയർന്നിരുന്നു. ക്രിമിനൽ ബന്ധമുള്ള പൊലീസ് ഉദ്യോസ്ഥരാണ് സ്റ്റേഷൻ ഭരിക്കുന്നതെന്നായിരുന്നു ആരോപണം. ഇത് തെളിയിക്കുന്നതാണ് ഇപ്പോഴത്തെ പരിശോധന. ഡിവൈഎസ്പിമാരായ എം കെ മനോജ് , സിനി ഡെനിസ് , പി.കെ ബാബു, സി ഐമാരായ റിജോ പി ജോസഫ് , ബാബു സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. ഇടുക്കിയിൽ കട്ടപ്പന പൊലീസ് സ്‌റ്റേഷനിലും പരിശോധന നടക്കുന്നുണ്ട്.