പ്രണയത്തിലായിരുന്ന യുവതി ബന്ധത്തിൽ നിന്നും പിന്മാറി ; ഫേസ്‌ബുക്കിൽ ലൈവ് നൽകി യുവാവിന്റെ ആത്മഹത്യ ശ്രമം ; രക്ഷപ്പെടുത്തി പോലീസ്

Spread the love

മലപ്പുറം: റെയിൽവേ ട്രാക്കിൽ ആത്മഹത്യ ചെയ്യാൻ എത്തിയ യുവാവിനെ രക്ഷപ്പെടുത്തി കുറ്റിപ്പുറം പൊലീസ്. പ്രണയ നൈരാശ്യത്താൽ ഫേസ്‌ബുക്കിൽ ലൈവ് നൽകിയശേഷം കുറ്റിപ്പുറം റെയിൽവേ ട്രാക്കിൽ ആത്മഹത്യ ചെയ്യാനായിരുന്നു യുവാവിന്റെ ശ്രമം. പൊന്നാനി സ്റ്റേഷൻ പരിധിയിലുള്ള കാലടി സ്വദേശിയായ യുവാവിനെയാണ് കുറ്റിപ്പുറം എസ് ഐ ബാബുജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.

യുവാവുമായി പ്രണയത്തിലായിരുന്ന യുവതി ബന്ധത്തിൽ നിന്നും പിന്മാറിയതിനെ തുടർന്നാണ് ഫേസ്ബുക്കിൽ ലൈവ് ഇട്ട ശേഷം കുറ്റിപ്പുറത്തെ റെയിൽവേ ട്രാക്കിലേക്ക് ആത്മഹത്യ ചെയ്യാനെത്തിയത്. പൊന്നാനി പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ യുവാവിന്റെ ലൊക്കേഷൻ കണ്ടെത്തി പൊലീസ് സ്ഥലത്ത് എത്തുകയായിരുന്നു.

എന്നാൽ പൊലീസ് അവിടെ എത്തുമ്പോഴേക്കും യുവാവ് റെയിൽവേ ട്രാക്കിന്റെ മറ്റൊരു സ്ഥലത്തേക്ക് മാറിയിരുന്നു. ഇതിനെ തുടർന്ന് ഫോൺ നമ്പറിലേക്ക് എസ്ഐ വിളിക്കുകയും യുവാവിനോട് സംസാരിക്കുകയും ചെയ്തു. ശേഷം യുവാവിനെ കണ്ടെത്തുകയായിരുന്നു. ഏറെനേരം നീണ്ട പൊലീസുകാരുടെ കൗൺസിലിങ്ങിലാണ് യുവാവ് ആത്മഹത്യയിൽ നിന്നും പിന്മാറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group