പൊലീസ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ്: ഷൈമോന്റെ നടപ്പ് പെറ്റിയടിക്കാനുള്ള രസീതുമായി; കറക്കം എസ്.ഐയുടെ വേഷത്തിൽ; വാഹനം തടഞ്ഞ് പെറ്റി പിരിച്ചതിനു നേരത്തെ പരാതി
തേർഡ് ഐ ബ്യൂറോ
കോട്ടയം: പൊലീസ് റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ സംഘത്തിലെ ഷൈമോൻ ജീവിക്കുന്നത് പൊലീസായി. പൊലീസ് വേഷത്തിൽ റോഡിൽ വാഹനങ്ങൾ പരിശോധിച്ച് പെറ്റി പിരിച്ചതിനു ഷൈമോനെതിരെ നേരത്തെ തന്നെ നാട്ടുകാരുടെ പരാതിയും നിലവിലുണ്ട്. റിക്രൂട്ട്‌മെന്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് ഷൈമോൻ അടക്കമുള്ളവരുടെ സംസ്ഥാനം മുഴുവൻ വ്യാപിച്ചു കിടക്കുന്ന തട്ടിന്റെ ശൃംഖല നാട്ടുകാർക്ക് ബോധ്യമായത്. സംഭവത്തിൽ അറസ്റ്റിലായ
അയ്മനം ഒളശ ചെല്ലിത്തറ ബിജോയ് മാത്യു (36), പനച്ചിക്കാട് കൊല്ലാട് വട്ടക്കുന്നേൽ പി.പി ഷൈമോൻ (40), മൂലേടം കുന്നമ്പള്ളി വാഴക്കുഴിയിൽ സനിതാമോൾ ഡേവിഡ് (30) എന്നിവരെ വെള്ളിയാഴ്ച ഉച്ചയോടെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
സംസ്ഥാനം മുഴുവനും വ്യാപിച്ചു കിടക്കുന്ന ശൃംഖലയാണ് തട്ടിപ്പ് സംഘത്തിനുള്ളതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. തൃശൂരിലും ആലപ്പുഴയിലും റിക്രൂട്ട്‌മെന്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇവർക്ക് നിലവിൽ കേസുകളുണ്ട്. ഇതിനിടെയാണ് മലയാള മനോരമയിൽ വാർത്ത നൽകി ഇവർ തട്ടിപ്പ് നടത്തുന്നത്. കേസിൽ ഇനി പിടിയിലാകാനുള്ളത് ട്രാഫിക് ട്രെയിനിംഗ് ഫോഴ്‌സിലെ എസിപി എന്ന പേരിൽ തട്ടിപ്പിനു നേതൃത്വം നൽകിയിരുന്ന രവിയാണെന്ന് പൊലീസ് പറഞ്ഞു. രവിയെ പിടികൂടുന്നതോടെ മാത്രമേ സംസ്ഥാനത്ത് എവിടെയൊക്കെ ഇവർ തട്ടിപ്പ് നടത്തിയിട്ടുണ്ട് എന്നു വ്യക്തമായ സൂചന ലഭിക്കുകയുള്ളൂ.
ഇതിനിടെ ഷൈമോൻ സ്ഥിരമായി പൊലീസ് യൂണിഫോം ധരിച്ച് പൊലീസ് ലേബൽ പതിച്ച വാഹനങ്ങളിൽ സ്ഥിരമായി കറങ്ങിയിരുന്നതായി നാട്ടുകാർ പറയുന്നു. വർഷങ്ങൾക്ക് മുൻപ് സ്‌പെഷ്യൽ പൊലീസ് ഓഫിസറായി ഇടക്കാലത്ത് ഇയാൾ സേവനം അനുഷ്ടിച്ചിരുന്നു. എന്നാൽ, ഇയാൾക്ക് നിലവിൽ പൊലീസുമായി യാതൊരു ബന്ധവുമില്ല. എന്നാൽ, സ്വന്തം നിലയിൽ തയിച്ച പൊലീസ് യൂണിഫോമും ധരിച്ച് ഇടവഴികളിൽ വാഹന പരിശോധന നടത്തുകയാണ് ഇയാളുടെ രീതിയെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. നേരത്തെ തന്നെ ഇയാൾക്കെതിരെ നാട്ടുകാർ നിരവധി ആരോപണങ്ങൾ ഉയർത്തിയിരുന്നു. എന്നാൽ, ഇതൊന്നും കൃത്യമായി പരിശോധനാ വിധേയമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇപ്പോൾ പുതിയ പരാതി ഉയർന്നതും പ്രതി പൊലീസ് പിടിയിലായതും.
ഇതിനിടെ കേസിലെ മറ്റൊരു പ്രതിയും മൂലവട്ടം കുന്നമ്പള്ളിൽ വാഴക്കുഴിയിൽ സനിതാമോൾ ഡേവിഡും (30) സമാന രീതിയിൽ യൂണിഫോം ധരിച്ചാണ് നാട്ടിൽ കറങ്ങി നടന്നിരുന്നത്. പത്താം ക്ലാസ് കഷ്ടിച്ച് വിജയിച്ച സനിത പൊലീസ് ആയതിനെപ്പറ്റി നാട്ടുകാർ തിരക്കുമ്പോൾ പൊലീസിലെ താല്കാലിക വേക്കൻസിയാണ് എന്നാണ് ഇവർ പറഞ്ഞിരുന്നത്. ഇത്തരത്തിൽ വ്യാപകമായ തട്ടിപ്പാണ് സംഘം സംസ്ഥാനത്ത് എമ്പാടും നടത്തിയിരുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവർക്കെതിരെ നിലവിൽ നടക്കുന്ന അന്വേഷണം പൂർത്തിയാകുന്നതോടെ കൂടുതൽ ആളുകൾ പരാതിയുമായി എത്തുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.