play-sharp-fill
പൊലീസിലേയ്ക്ക് ആളെയെടുക്കുന്നതിന്റെ പേരിൽ വൻ തട്ടിപ്പ്: നൂറുകണക്കിന് യുവാക്കൾ തട്ടിപ്പിന് ഇരയായി; തട്ടിയെടുത്തത് ലക്ഷങ്ങൾ: പൊലീസിന്റെ പേരിൽ തട്ടിപ്പ് റിക്രൂട്ട്‌മെന്റ് റാലി നടന്നത് കടുവാക്കുളം എമ്മൗസ് സ്‌കൂൾ മൈതാനത്ത്; പരിശീലനം നൽകിയത് വ്യാജ എ.എസ്.പിയും സി.ഐയും; മൂന്നു പേർ പൊലീസ് പിടിയിൽ

പൊലീസിലേയ്ക്ക് ആളെയെടുക്കുന്നതിന്റെ പേരിൽ വൻ തട്ടിപ്പ്: നൂറുകണക്കിന് യുവാക്കൾ തട്ടിപ്പിന് ഇരയായി; തട്ടിയെടുത്തത് ലക്ഷങ്ങൾ: പൊലീസിന്റെ പേരിൽ തട്ടിപ്പ് റിക്രൂട്ട്‌മെന്റ് റാലി നടന്നത് കടുവാക്കുളം എമ്മൗസ് സ്‌കൂൾ മൈതാനത്ത്; പരിശീലനം നൽകിയത് വ്യാജ എ.എസ്.പിയും സി.ഐയും; മൂന്നു പേർ പൊലീസ് പിടിയിൽ

 സ്വന്തം ലേഖകൻ
കോട്ടയം: പൊലീസിലേയ്ക്ക് ആളെയെടുക്കുന്നതിന്റെ പേരിൽ കോട്ടയം കടുവാക്കുളത്ത് ലക്ഷങ്ങളുടെ തട്ടിപ്പ്. നിരവധി യുവാക്കളെ വിളിച്ചു വരുത്തി ദിവസങ്ങളോളമായി തട്ടിപ്പ് സംഘം പരിശീലനം നടത്തുകയായിരുന്നു. കടുവാക്കുളത്ത് മാത്രം 76 പേർ തട്ടിപ്പിന് ഇരയായിട്ടുണ്ട്. പതിനഞ്ച് പേർക്ക് നിയമനം നൽകിയ ശേഷമുള്ള മൂന്നു ദിവസത്തെ പരിശീലനാണ് മൂലവട്ടം കടുവാക്കുളം എമ്മാവൂസ് പബ്ലിക്ക് സ്‌കൂളിൽ  കഴിഞ്ഞ ദിവസങ്ങളിലായി നടന്നിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അയ്മനം ഒളശ ചെല്ലിത്തറ ബിജോയ് മാത്യു (36), പനച്ചിക്കാട് കൊല്ലാട് വട്ടക്കുന്നേൽ പി.പി ഷൈമോൻ (40), മൂലേടം കുന്നമ്പള്ളി വാഴക്കുഴിയിൽ സനിതാമോൾ ഡേവിഡ് (30) എന്നിവരെയാണ് ഈസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ ടി.ആർ ജിജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. സ്‌കൂൾ അധികൃതർ കെട്ടിടം വാടകയ്ക്ക് നൽകിയതാണെന്നു പൊലീസ് തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.

വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവങ്ങളുടെ തുടക്കം. വ്യാഴാഴ്ച പുലർച്ചെ പുറത്തിറങ്ങിയ മലയാള മനോരമ ദിനപത്രത്തിൽ കേരള പൊലീസിന്റെ ട്രാഫിക് ട്രെയിനിംഗ് പൊലീസ് ഫോഴ്‌സിലേയ്ക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നതായി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. 11 ന് രാവിലെ എട്ടിന് ആലപ്പുഴ മാരാരിക്കുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂളിൽ ടെസ്റ്റ് നടത്തുമെന്നായിരുന്നു പത്രത്തിലെ വാർത്ത. എന്നാൽ, കേരള പൊലീസിന്റെ പേരിൽ ഇത്തരത്തിൽ റിക്രൂട്ട്‌മെന്റ് നടത്തുമെന്ന വാർത്തയിൽ സംശയം തോന്നിയ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ വിവരം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനെ അറിയിച്ചു. ഈ വാർത്തയെ പിൻതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കടുവാക്കുളം എമ്മാവൂസ് പബ്ലിക്ക് സ്‌കൂൾ ഇത്തരത്തിൽ റിക്രൂട്ട്‌മെന്റ് നടക്കുന്നുണ്ടെന്ന വിവരം കണ്ടെത്തിയത്. തുടർന്ന് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ ഡിവൈഎസ്പി ആർ.ശ്രീകുമാറിന് വിവരം കൈമാറി.

തുടർന്ന് സി.ഐ ടി.ആർ ജിജുവിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സ്ഥലത്ത് പരിശോധന നടത്തുകയായിരുന്നു. പൊലീസ് സംഘം ചെല്ലുമ്പോൾ മൂന്ന് സ്ത്രീകൾ അടക്കം പതിനഞ്ചോളം ഉദ്യോഗാർത്ഥികൾക്ക് പരിശീലനം നൽകുകയായിരുന്നു മൂന്നു പ്രതികൾ. ബിജോയ് മാത്യുവിനു സി.ഐ റാങ്കാണെന്നും മറ്റുള്ളവർ എസ്.ഐമാരാണെന്നുമായിരുന്നു അറിയിച്ചിരുന്നത്. വാട്‌സ്അപ്പിലൂടെ സന്ദേശം പ്രചരിപ്പിച്ചാണ് തട്ടിപ്പ് സംഘം ആളുകളെ കൂട്ടിയിരുന്നത്. കഴിഞ്ഞ മാസം 28 ന് എമ്മാവൂസ് സ്‌കൂളിൽ നടന്ന പരീക്ഷയിൽ 76 ഉദ്യോഗാർത്ഥികളാണ് പങ്കെടുത്തത്.
ഈ പരീക്ഷയ്ക്ക് മുന്നോടിയായി ഇവരെ ചേർത്ത് ഒരു വാട്‌സ് ഗ്രൂപ്പും രൂപീകരിച്ചിരുന്നു. പരീക്ഷ കഴിഞ്ഞതിനു പിന്നാലെ വാട്‌സ്അപ്പ് ഗ്രൂപ്പ് പിരിച്ച് വിടുകയും ചെയ്തതായി ഉദ്യോഗാർത്ഥികൾ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.
ഇതിനു ശേഷം പൊലീസ് സേനയിലേയ്ക്ക് പതിനഞ്ച് പേരെ റിക്രൂട്ട് ചെയ്തതായുള്ള സന്ദേശം എത്തി. ഇവരിൽ നിന്നും മൂവായിരം രൂപയാണ് ഫീസായി ഈടാക്കിയിരുന്നത്. ജോലിയ്ക്ക് ചേർന്ന ഇവർക്കുള്ള പരിശീലനമാണ് മൂന്നു ദിവസമായി ഇമ്മാവൂസ് സ്‌കൂൾ മൈതാനത്ത് നടന്നിരുന്നത്. 200 മീറ്റർ ഓട്ടവും പുഷ്അപ്പ് പരീശീലനവും, വിവിധ പരിശീലന മുറകളുമാണ് നടന്നിരുന്നത്. ഇതുകൂടാതെ, സല്യൂട്ട് അടിക്കുന്നതിനും, പരേഡിനുമുള്ള പരിശീലനവും നൽകിയിരുന്നു. തുടർന്ന് പൊലീസ് സംഘം ഇവരെ അറസ്റ്റ് ചെയ്തു.
കേസിലെ പ്രധാന പ്രതിയായ ബിജോയ് പൊലീസിന്റെ നീലയോട് സാമ്യമുള്ള ടീഷർട്ടാണ് ധരിച്ചിരുന്നത്. ഇതിനു മുകളിൽ ട്രാഫിക് ട്രെയിൻഡ് പൊലീസ് ഫോഴ്‌സ് എന്ന ലോഗോയും പേരും എഴുതിയിരുന്നു. ഇതുകൂടാതെ ഈ ടീഷർട്ടിന്റെ പുറത്തും ഇത് എഴുതിച്ചേർത്തിരുന്നു.
കേസിൽ ആറു പ്രതികളുണ്ടെന്നു പൊലീസ് പറഞ്ഞു. എസിപിയുടെ വേഷം കെട്ടിയെത്തിയ തട്ടിപ്പുകാരെ കണ്ടെത്തുന്നതിനും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസിലെ പ്രധാന പ്രതിയായ സ്മിത പൊലീസ് യൂണിഫോം ധരിച്ച് നാട്ടിൽ നടന്നിരുന്നതായും നാട്ടുകാർ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.