പൊലീസ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ്: ലക്ഷ്യം സാമ്പത്തിക തട്ടിപ്പ് മാത്രമല്ലെന്ന് സംശയം; സമാന്തര പൊലീസ് സേന രൂപീകരിക്കാൻ നീക്കം പൊലീസ് പരിശോധിക്കുന്നു
തേർഡ് ഐ ബ്യൂറോ
കോട്ടയം: നഗരമധ്യത്തിൽ കടുവാക്കുളം ഇമ്മാവൂസ് പബ്ലിക്ക് സ്‌കൂളിൽ നടന്ന പൊലീസ് റിക്രൂട്ട്‌മെന്റ് തട്ടിപ്പിനു പിന്നിൽ സാമ്പത്തികമല്ലാതെ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നു. കേസിൽ അറസ്റ്റിലായ പ്രധാന പ്രതികളായ അയ്മനം ഒളശ ചെല്ലിത്തറ ബിജോയ് മാത്യു (36), പനച്ചിക്കാട് കൊല്ലാട് വട്ടക്കുന്നേൽ പി.പി ഷൈമോൻ (40), മൂലേടം കുന്നമ്പള്ളി വാഴക്കുഴിയിൽ സനിതാമോൾ ഡേവിഡ് (30) എന്നിവരെ ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്യുന്നതോടെയാണ് ഇതു സംബന്ധിച്ചുള്ള വ്യക്തമായ ചിത്രം ലഭിക്കുക. പ്രതികളെ കോടതിയിൽ വെള്ളിയാഴിച ഹാജരാക്കും. തുടർ അന്വേഷണത്തിന്റെ ഭാഗമായി ഇവരെ വീണ്ടും കസ്റ്റഡിയിൽ വാങ്ങിയേക്കുമെന്നാണ് സൂചന.
തട്ടിപ്പ് സംഘത്തിൽ സജീവമായി പ്രവർത്തിച്ചിരുന്നത് ആറു പേരാണ്. ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം ഇപ്പോൾ പുരോഗമിക്കുന്നത്. പ്രതികളായവർ പരിശീലനത്തിനും പരീക്ഷയ്ക്കും എത്തിയവർക്കൊപ്പം പൊലീസ് യൂണിഫോം ധരിച്ച് നിന്ന് എടുത്ത ചിത്രങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. റിക്രൂട്ട്‌മെന്റ് റാലിയുടെ ഭാഗമായി നടത്തിയ വിവിധ കായിക ക്ഷമതാ പരിശോധനകളുടെയും ചിത്രങ്ങൾ ഇവർ പകർത്തി സൂക്ഷിച്ചിട്ടുണ്ട്. ഇതെല്ലാം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഇതുകൂടാതെ തട്ടിപ്പ് സംഘം പരീക്ഷയ്ക്ക് എത്തുന്നവരിൽ നിന്നും 200 രൂപ മാത്രമാണ് ഫീസായി ഈടാക്കിയിരുന്നത്. ഇതുകൂടാതെ 3000 രൂപ മാത്രമാണ് ജോലി നൽകുന്നതിനുള്ള ഫീസായും നൽകേണ്ടിയിരുന്നത്. കൂടുതൽ തുക നഷ്ടമായതായി ആരും പരാതിയും നൽകിയിട്ടുമില്ല. ഇതുകൂടാതെ പ്രതികളെല്ലാവരും തന്നെ പൊലീസ് യൂണിഫോമിലാണ് എത്തിയിരുന്നത്. ഇവർ പ്രതിനിധാനം ചെയ്യുന്ന കേരള ട്രാഫിക് ട്രെയിനിംഗ് പൊലീസ് ഫോഴ്സിന്റെ ലെറ്റർ പാഡും, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും അടക്കമുള്ളവ ഇവരുടെ പക്കലുണ്ടായിരുന്നു. ഇവയെല്ലാം വ്യാജമാണോ എന്ന് ഇനി കണ്ടെത്തേണ്ടിയിരിക്കുന്നു.
ഇതുകൂടാതെ പരീശീലനത്തിനായി യോഗ്യത നേടി എന്ന് ഇവർ കണ്ടെത്തുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതികൾ മൂന്നു നേരവും ഭക്ഷണവും നൽകിയിരുന്നു. വൻ ആഡംബരമായാണ് ഇവർ പരിപാടികളെല്ലാം നടത്തിയിരുന്നത്.
എഴുത്തു പരീക്ഷ പാസായി എത്തുന്നവർക്ക് നടത്തിയിരുന്ന കായികക്ഷമതാ പരിക്ഷകളും ഏറെ കഠിനമായിരുന്നു. കഴിഞ്ഞ ആറു മുതൽ ഒൻപത് വരെയാണ് കടുവാക്കുളം ഇമ്മൗസ് പബ്ലിക്ക് സ്‌കൂൾ മൈതാനത്ത് കായിക ക്ഷമതാ പരീക്ഷയും പരിശീലനവും നടന്നിരുന്നത്. ഈ സ്‌കൂൾ മൈതാനത്ത് 200 മീറ്റർ ഓട്ടം, ലോങ് ജമ്പ്, ഹൈജമ്പ് എന്നീ ഇനങ്ങളെല്ലാം തട്ടിപ്പ് പൊലീസുകാർ കായിക ക്ഷമതാ പരീക്ഷയുടെ ഭാഗമായി നടത്തിയിരുന്നു. ഇതുകൂടാതെ പരീശീലനത്തിനായി സിലക്ഷൻ ലഭിച്ചവർക്ക് എല്ലാ ദിവസവും രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചു വരെ പരേഡും, മറ്റ് വ്യായാമ മുറകളും ഉണ്ടായിരുന്നു. മൂന്ന് പെൺകുട്ടികൾ അടക്കം 15 പേരാണ് കഴിഞ്ഞ മൂന്നു ദിവസമായി ഇവിടെ പരിശീനത്തിൽ എർപ്പെട്ടിരുന്നത്.
ഇത്തരത്തിൻ വൻ തുക മുടക്കി തുച്ഛമായ തട്ടിപ്പിനു വേണ്ടി ഇവർ രംഗത്ത് ഇറങ്ങുമോ എന്നതാണ് സംശയത്തിനു ഇട നൽകുന്നത്. മൂന്നു ദിവസമായി പരിശീലനത്തിനു എത്തിയ 15 പേരിൽ നിന്നായി 45,000 രൂപ മാത്രമാണ് പ്രതികൾ വാങ്ങിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ സമാന്തര പൊലീസ് സംവിധാനം രൂപീകരിക്കുന്നതിനു പ്രതികൾ പദ്ധതിയിട്ടിരുന്നോ എന്ന കാര്യവും പരിശോധനാ വിധേയമാക്കേണ്ടി വരും. ഇവർക്ക് ഏതെങ്കിലും വിഘടനവാദികളുമായി ബന്ധമുണ്ടോ എന്ന കാര്യവും പൊലീസ് വിശദമായി പഠനവിധേയമാക്കുന്നുണ്ട്. എന്നാൽ, സാമ്പത്തിക തട്ടിപ്പ് മാത്രമാണ് പ്രതികൾ ലക്ഷമിട്ടതെന്നാണ് പ്രാഥമിക പരിശോധനയിൽ നിന്നു വ്യക്തമാകുന്നതെന്ന് ഈസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ ടി.ആർ ജിജു തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.