ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവെ ബൈക്ക് അപകടത്തിൽപെട്ടു ; ആരുമറിയാതെ സിവിൽ പൊലീസ് ഓഫീസർ റോഡരികിൽ കിടന്നത് മണിക്കൂറുകൾ ; ഒടുവിൽ രക്തം വാർന്ന് ദാരുണാന്ത്യം

ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവെ ബൈക്ക് അപകടത്തിൽപെട്ടു ; ആരുമറിയാതെ സിവിൽ പൊലീസ് ഓഫീസർ റോഡരികിൽ കിടന്നത് മണിക്കൂറുകൾ ; ഒടുവിൽ രക്തം വാർന്ന് ദാരുണാന്ത്യം

 

സ്വന്തം ലേഖിക

വിതുര: അർധരാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങവെ ബൈക്ക് അപകടത്തിൽപ്പെട്ടു.സിവിൽ പൊലീസ് ഓഫീസർ ചോരയൊലിച്ച് റോഡരികിൽ കിടന്നത് മണിക്കൂറുകളോളം, ഒടുവിൽ ചികിത്സ കിട്ടാതെ മരണത്തിന് കീഴടങ്ങി.

വിതുര ജനമൈത്രി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ പറണ്ടോട് കീഴ്പാലൂർ കോളനിയിൽ എസ് സന്തോഷ് കുമാറാണ്(40) ദാരുണമായി മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ റബ്ബർ ടാപ്പിങ്ങിനു പോയ തൊഴിലാളികളാണ് സന്തോഷ് കുമാറിനെ ആശുപത്രിയിലെത്തിക്കുന്നത്. ആ സമയം ജീവനുണ്ടായിരുന്നുവെങ്കിലും വൈകാതെ തന്നെ അദ്ദേഹം മരണത്തിന് കീഴടങ്ങി.

അർദ്ധരാത്രി പൊലീസ് സ്റ്റേഷനിലെ ഡ്യൂട്ടി കഴിഞ്ഞ് പത്തുകിലോമീറ്റർ അകലെയുള്ള വീട്ടിലേക്കുള്ള യാത്രയിൽ നാലു കിലോമീറ്റർ പിന്നിട്ടപ്പോഴാണ് അപകടം. ദർപ്പ പാലത്തിനു സമീപം കൊടും വളവിൽ ബൈക്ക് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.

രാവിലെ ടാപ്പിങ്ങിനു പോയ തൊഴിലാളികളാണ് അപകടവിവരം ആദ്യമറിയുന്നത്. ഉടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.തുടർന്ന് പൊലീസ് എത്തി വിതുര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡ്യൂട്ടിക്കു ശേഷം രാവിലെ മാത്രമേ വീട്ടിലെത്തൂ എന്ന് അറിയിച്ചിരുന്നതിനാൽ വീട്ടുകാരും രാത്രി അന്വേഷിച്ചിരുന്നില്ല.

എന്നാൽ സന്തോഷ് രാത്രി തന്നെ പുറപ്പെടുകയും അപകടത്തിൽപ്പെടുകയുമായിരുന്നു. ശ്രീജയാണ് ഭാര്യ. മക്കൾ ദേവിക, ഭൂമിക, ശ്രീക്കുട്ടൻ. മൃതദേഹം വിതുര പൊലീസ് സ്റ്റേഷനിൽ പൊതുദർശനത്തിനു വച്ചശേഷം വീട്ടു വളപ്പിൽ സംസ്‌കരിച്ചു.