മദ്യസല്‍ക്കാരത്തിനിടെയുള്ള പോലീസുകാരുടെ തമ്മിലടി; നടപടിയെടുത്തത് രണ്ടു പോലീസുകാര്‍ക്കെതിരേ മാത്രം
സ്വന്തം ലേഖകൻ
പത്തനംതിട്ട: പൊലീസ് സേനയ്‌ക്ക് വലിയ മാനക്കേട് ഉണ്ടാക്കിയ സംഭവം ആയിരുന്നു പത്തനംതിട്ടയിൽ മദ്യസൽക്കാരത്തിനിടെ ഉണ്ടായ പോലീസ് തമ്മിലടി.
എന്നാൽ സ്ഥാനക്കയറ്റം കിട്ടിയ ഉദ്യോഗസ്‌ഥന്റെ യാത്രയയപ്പ് ചടങ്ങിനോട് അനുബന്ധിച്ചുളള മദ്യസല്‍ക്കാരത്തിനിടെ തമ്മിലടിച്ച മൂന്നു പോലീസ് ഉദ്യോഗസ്‌ഥരില്‍ നടപടി എടുത്തത് രണ്ടു പേര്‍ക്കെതിരേ മാത്രമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഘട്ടനത്തിന് വഴിയൊരുക്കിയ ഉദ്യോഗസ്‌ഥനെതിരേ ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് അയച്ചെന്ന് പറയുന്നുണ്ടെങ്കിലും ഇയാള്‍ക്കെതിരേ ഇതു വരെ ഒരു നടപടിയും സ്വീകരിക്കാത്തത് സേനയില്‍ തന്നെ വിമര്‍ശനത്തിന് കാരണമായി.
ഇയാള്‍ക്കെതിരേ എസ്‌പിക്ക് നടപടിയെടുക്കാന്‍ കഴിയാത്തതിനാല്‍ ദക്ഷിണമേഖലാ ഐജിക്ക് റിപ്പോര്‍ട്ട് അയച്ചിരുന്നുവെന്നാണ് പറയുന്നത്.
സംഭവം നടന്ന് നാലു ദിവസം കഴിഞ്ഞിട്ടും നടപടിയെടുക്കുന്ന ലക്ഷണമൊന്നും ഇല്ലാതെ വന്നതോടെയാണ് പോലീസുകാര്‍ക്കിടയിയില്‍ എതിര്‍ സ്വരങ്ങള്‍ ഉയരുന്നത്. എ.ആര്‍. ക്യാമ്പിലെ ഗ്രേഡ് എ.എസ്.ഐ ഗിരി, ഡ്രൈവര്‍ എസ്. സി.പി.ഓ സാജന്‍ എന്ന് അറിയപ്പെടുന്ന ജോണ്‍ ഫിലിപ്പ് എന്നിവരെയാണ് സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ജില്ലാ പോലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്‌തത്.
പരിപാടി സംഘടിപ്പിച്ച എ.ആര്‍. ക്യാമ്പിലെ മുന്‍ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ (എം.ടി.ഓ) അജയകുമാറിനെതിരേയാണ് നടപടിക്ക് എസ്.പി ശുപാര്‍ശ ചെയ്‌ത് റിപ്പോര്‍ട്ട് ഡി.ഐ.ജിക്ക് കൈമാറിയത്. മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് ഇന്‍സ്‌പെക്‌ടര്‍ (എം.ടി.ഐ) ആയി സ്‌ഥാനക്കയറ്റം കിട്ടിയ അജയകുമാറിന്റെ യാത്രയയപ്പ് സല്‍ക്കാരം ബുധനാഴ്‌ച മൈലപ്ര സാംസ് ഓഡിറ്റോറിയത്തിലാണ് നടന്നത്.
ലഹരി മൂത്തപ്പോഴാണ് തമ്മിലടിച്ചത്. അജയകുമാറും ജോണ്‍ ഫിലിപ്പും ചേര്‍ന്ന് എ.എസ്.ഐ ഗിരിയെ മര്‍ദിക്കുകയായിരുന്നു.
ജില്ലയിലെ പോലീസ് വാഹനങ്ങളുടെ ചുമതല മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറായ അജയകുമാറിനാണ്.
വാഹനങ്ങളുടെ അറ്റകുറ്റപ്പണി, ഇന്ധനം നിറയ്‌ക്കല്‍ എന്നിവയുടെയൊക്കെ ബില്‍ സമര്‍പ്പിക്കുന്നത് ഇദ്ദേഹമാണ്. അടുത്തിടെ കോയിപ്രം പോലീസ് സ്‌റ്റേഷനിലെ ജീപ്പ് വടശേരിക്കരയിലെ വര്‍ക്ക്‌ഷോപ്പില്‍ അറ്റകുറ്റപ്പണി നടത്തിയിരുന്നു. ഇതിന് ചെലവായ തുകയില്‍ കൂടുതല്‍ കാണിച്ച് ബില്‍ വാങ്ങിയെന്ന് ഗിരി ആരോപിച്ചതാണ് സംഭവങ്ങളുടെ തുടക്കം.
സല്‍ക്കാരത്തിന്റെ ലഹരിയിലായിരുന്നവര്‍ വാക്കേറ്റം ഉണ്ടാവുകയും തമ്മിലടിക്കുകയുമായിരുന്നു. പോലീസ് വാഹനങ്ങള്‍ക്കുള്ള ഇന്ധനം നിറയ്‌ക്കുന്ന പമ്പില്‍ നിന്ന് കമ്മിഷന്‍ ഇനത്തില്‍ അജയകുമാര്‍ തന്റെ സ്വകാര്യ വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്‌ക്കാറുണ്ടെന്ന് നേരത്തേ പരാതി ഉയര്‍ന്നിരുന്നു. ഡീസല്‍ അടിച്ച ബില്ലില്‍ ക്രമക്കേട് കാട്ടിയെന്ന് കാണിച്ച് ഇന്‍ഡന്റ് സഹിതം ക്യാമ്പിലെ അസി. കമാന്‍ഡന്റിന് ജോണ്‍ഫിലിപ്പ് പരാതി നല്‍കിയിരുന്നു. തന്റെ കൈവശമുണ്ടായിരുന്ന ഇന്‍ഡന്റ് ജോണ്‍ ഫിലിപ്പ് മോഷ്‌ടിച്ചു കൊണ്ടു പോയെന്ന് അജയകുമാറും പരാതി നല്‍കി.
രണ്ടു പേര്‍ക്കും പണി കിട്ടുമെന്നായപ്പോള്‍ പരാതി പിന്‍വലിച്ച് രമ്യതയിലെത്തി.
ഇങ്ങനെ രമ്യതയിലെത്തിയ അജയനും ജോണും ചേര്‍ന്നാണ് ഗിരിയെ ഓഡിറ്റോറിയത്തിലിട്ട് കൈയേറ്റം ചെയ്‌തത്. അടിയും അസഭ്യ വര്‍ഷവും കനത്തതോടെ ഓഡിറ്റോറിയം ഉടമയെത്തി എല്ലാവരെയും പുറത്താക്കുകയായിരുന്നു.
സേനയ്‌ക്ക് ഇത്രയും വലിയ മാനക്കേട് ഉണ്ടാക്കിയിട്ടും അജയകുമാറിനെതിരേ നടപടിയില്ലാത്തത് ഇദ്ദേഹത്തിന് ഉന്നതങ്ങളിലുള്ള സ്വാധീനം കാരണമാണെന്നാണ് പറയുന്നത്. അടിപിടിയുണ്ടായതിന്റെ പിറ്റേന്ന് ഇയാള്‍ എസ്.പിയെ കണ്ട് താന്‍ നിരപരാധിയാണെന്ന് അറിയിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്.