play-sharp-fill
വിജയം കണ്ട് രക്ഷാപ്രവര്‍ത്തനം; കഞ്ചാവുകൃഷി നശിപ്പിക്കാന്‍ പോകുന്നതിനിടെ വനത്തില്‍ കുടുങ്ങിയ പോലീസ് സംഘം തിരിച്ചെത്തി

വിജയം കണ്ട് രക്ഷാപ്രവര്‍ത്തനം; കഞ്ചാവുകൃഷി നശിപ്പിക്കാന്‍ പോകുന്നതിനിടെ വനത്തില്‍ കുടുങ്ങിയ പോലീസ് സംഘം തിരിച്ചെത്തി

അഗളി: വഴിതെറ്റി അട്ടപ്പാടി വനത്തില്‍ കുടുങ്ങിയ പോലീസ് സംഘം തിരിച്ചെത്തി.

കഞ്ചാവുകൃഷി നശിപ്പിക്കാന്‍ പോകുന്നതിനിടെയായിരുന്നു അഗളി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള 14 അംഗ സംഘം ഒരു രാത്രി മുഴുവൻ വനത്തില്‍ കുടുങ്ങിയത്.
റെസ്‌ക്യൂ സംഘം ഇന്നലെ രാത്രി വനത്തിലെത്തുകയും ഇന്ന് പുലര്‍ച്ചെയോടെ ഇവരെ തിരിച്ചെത്തിക്കുകയും ചെയ്തു.

ചൊവ്വാഴ്ച പുലർച്ച ഗൊട്ടിയാർകണ്ടിയില്‍നിന്നുമാണ് കഞ്ചാവ് തിരച്ചിലിനായി സംഘം കാട്ടിലേക്ക് പോയത്. ഭവാനിപ്പുഴയ്ക്കടുത്ത് മല്ലീശ്വരന്‍മുടിയോടനുബന്ധിച്ച്‌ കിടക്കുന്ന വിദൂര ഊരായ മുരുഗളയ്ക്കും ഗൊട്ടിയാര്‍കണ്ടിക്കുമിടയിലുള്ള നിബിഡ വനത്തിലാണ് സംഘം കുടുങ്ങിയത്. ഡിവൈ.എസ്.പി. എസ്. ജയകൃഷ്ണനുപുറമേ, ഏഴ് പോലീസുദ്യോഗസ്ഥരും വനംവകുപ്പിലെ അഞ്ച് ജീവനക്കാരുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഞ്ചാവുതോട്ടം നശിപ്പിച്ച്‌ തിരിച്ചിറങ്ങുന്നതിനിടെ സംഘം വഴിതെറ്റി മുരുഗള ഊരിന് മുകളിലുള്ള പാറക്കെട്ടിന് മുകളിലെത്തുകയായിരുന്നു. നേരമിരുട്ടിയതോടെ വഴി തിരിച്ചറിയാൻ കഴിയാതെ പോകുകയായിരുന്നു. വനംവകുപ്പിലെ ഒരു ഉദ്യോഗസ്ഥന്റെ ഫോണിന് റേഞ്ചുണ്ടായിരുന്നതിനാല്‍ കുടുങ്ങിയ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു.

പുതൂര്‍ പോലീസ് സ്റ്റേഷനിലെ എസ്.ഐ. ജയപ്രസാദ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ അന്‍വര്‍, സുബിന്‍, വിശാഖ്, ഓമനക്കുട്ടന്‍, സുജിത്ത്, രാഹുല്‍ എന്നിവരും അട്ടപ്പാടി റേഞ്ചിലെ മുക്കാലി ഫോറസ്റ്റ് സ്റ്റേഷനില്‍നിന്ന് രണ്ട് ബീറ്റ് ഫോറസ്റ്റോഫീസര്‍മാരും മൂന്ന് വാച്ചര്‍മാരുമാണ് സംഘത്തിലുണ്ടായിരുന്നത്.

ചൊവ്വാഴ്ച രാത്രിയോടെ പോലീസും വനംവകുപ്പും ഇവരെ തിരിച്ചെത്തിക്കുന്നതിനുള്ള ശ്രമം തുടങ്ങിയിരുന്നു. 11.45 ഓടെ വനത്തിലെത്തിയ റെസ്ക്യൂ സംഘം ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും പുലർച്ചെയോടെ തിരിച്ചെത്തിക്കുകയുമായിരുന്നു.

ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ്, മണ്ണാർക്കാട് ഡി.എഫ്.ഒ. യു. ആഷിക്ക് അലി എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.