
ആൾമാറാട്ടം നടത്തി സ്ത്രീക്കൊപ്പം ഹോട്ടലിൽ മുറിയെടുത്തു; മുറിവാടക നല്കാതെ മുങ്ങി ; പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
സ്വന്തം ലേഖകൻ
കോഴിക്കോട്: ആള്‍മാറാട്ടം നടത്തി ഹോട്ടലില്‍ സ്ത്രീക്കൊപ്പം മുറിയെടുത്ത ശേഷം മുറിവാടക മുഴുവന്‍ നല്‍കിയില്ലെന്ന പരാതിയിൽ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കോഴിക്കോട് സിറ്റി ട്രാഫിക്കിലെ ഗ്രേഡ് എസ്‌ഐ ജയരാജനെതിരേയാണ് നടപടി. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍.
ജയരാജന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ അച്ചടക്കലംഘനം, സ്വഭാവദൂഷ്യം എന്നിവയാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതായി സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. സേനയുടെ അന്തസ്സും പ്രതിച്ഛായയും കളങ്കപ്പെടാന്‍ സംഭവം കാരണമാകുകയും ചെയ്തിട്ടുണ്ടെന്നും പരാമര്‍ശമുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിറ്റി ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റില്‍ എസ്‌ഐയായ ജയരാജന്‍ മേയ് പത്തിന് ഉച്ചയ്ക്കാണ് കോഴിക്കോട് ലിങ്ക് റോഡിലെ ലോഡ്ജില്‍ സ്ത്രീയുമായി എത്തി മുറിയെടുത്തത്. ലോഡ്ജ് ഉള്‍പ്പെടുന്ന ടൗണ്‍ പോലീസ് സ്‌റ്റേഷനിലെ എസ്‌ഐയാണെന്ന് സ്വയം പരിചയപ്പെടുത്തി. ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡും കാണിച്ചു. രണ്ടായിരത്തി അഞ്ഞൂറ് രൂപ ദിവസ വാടകയുള്ള എയര്‍കണ്ടീഷന്‍ ചെയ്ത റൂം ഉപയോഗിച്ചു.
എന്നാൽ പോലീസ് ഇന്‍സ്‌പെക്ടര്‍ എന്ന ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് മുറിവാടകയായി ആയിരം രൂപ മാത്രമാണ് ഇയാൾ നൽകിയത്. ലോഡ്ജ് ജീവനക്കാര്‍ നടത്തിയ അന്വേഷണത്തില്‍ ആള്‍മാറാട്ടം വ്യക്തമാകുകയും സംഭവം വാര്‍ത്തയാകുകയുമായിരുന്നു. ഇതേത്തുടര്‍ന്നാണ് സ്‌പെഷല്‍ബ്രാഞ്ച് അന്വേഷണം നടത്തിയത്. ഇതുപ്രകാരം വയനാട്ടിലേക്ക് സ്ഥലം മാറ്റിയെങ്കിലും മൂന്നു ദിവസത്തിനു ശേഷം തിരികെ കോഴിക്കോട്ടേക്കു തിരികെ നിയമിക്കുകയായിരുന്നു.
പോലീസ് ഉദ്യോഗസ്ഥനെതിരായ ആരോപണങ്ങള്‍ വാക്കാലന്വേഷിക്കാന്‍ കോഴിക്കോട് റൂറല്‍ ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയിരുന്നു. കണ്ണൂര്‍ റേഞ്ച് ഐജിയുടെ ചുമതലയുള്ള സിറ്റി പോലീസ് കമ്മീഷണര്‍ രാജ്പാല്‍ മീണയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.