സമരത്തിനിടെ പൊലീസുദ്യോ​ഗസ്ഥൻ അകാരണമായി മർദിച്ചെന്ന പരാതി; ഉദ്യോ​ഗസ്ഥനെതിരെ വകുപ്പുതല നടപടിക്ക് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

Spread the love

മലപ്പുറം: കോൺഗ്രസ് സമരത്തിനിടെ കളക്ടറേറ്റിന് സമീപം കെ.എസ്.ആർ.ടി.സി. സ്റ്റാന്റിൽ നിൽക്കുമ്പോൾ, പോലീസുകാരൻ അകാരണമായി ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ മലപ്പുറം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർക്കെതിരെ വകുപ്പുതല നടപടികൾ സ്വീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്.

സി.പി.ഒ. ഹരിലാലിനെതിരെ വകുപ്പുതല അന്വേഷണം നടത്തി അച്ചടക്ക നടപടികൾ സ്വീകരിക്കാനാണ് കമ്മീഷൻ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയത്. കോൺഗ്രസ് നേതാവാണെങ്കിലും ഇടതുകൈവിരലുകൾ ഒടിഞ്ഞ് പ്ലാസ്റ്റർ ഇട്ട അവസ്ഥയിലായതിനാൽ പൊന്നാനി സ്വദേശി ശിവരാമൻ സമര സ്ഥലത്തു നിന്നും ഏതാണ്ട് നൂറു മീറ്റർ ദൂരെയായിരുന്നു നിന്നിരുന്നത്. 2020 സെപ്റ്റംബർ 19 ന് നടന്ന മർദ്ദനത്തിൻ്റെ ദൃശ്യങ്ങൾ സഹിതമാണ് ശിവരാമൻ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.