പൊലീസിന്റെ മധ്യനിരയ്ക്കു ശ്വാസം മുട്ടുന്നു..! ആനൂകൂല്യങ്ങളില്ല, സ്ഥാനക്കയറ്റമില്ല; ടെൻഷൻ മാത്രം മിച്ചം; പ്രളയത്തിലും കൊവിഡിലും നട്ടെല്ലുമുറിയെ പണിയെടുത്ത  പൊലീസിന് ചവിട്ടും കുത്തും

പൊലീസിന്റെ മധ്യനിരയ്ക്കു ശ്വാസം മുട്ടുന്നു..! ആനൂകൂല്യങ്ങളില്ല, സ്ഥാനക്കയറ്റമില്ല; ടെൻഷൻ മാത്രം മിച്ചം; പ്രളയത്തിലും കൊവിഡിലും നട്ടെല്ലുമുറിയെ പണിയെടുത്ത പൊലീസിന് ചവിട്ടും കുത്തും

ഏ.കെ ശ്രീകുമാർ

കോട്ടയം: സംസ്ഥാനത്തെ പൊലീസ് സേനയുടെ  നട്ടെല്ലായ മധ്യ നിര ഉദ്യോഗസ്ഥർക്കു ശ്വാസം മുട്ടുന്നു. പണിയെടുക്കുന്നവരും പഴികേൾക്കുന്നവുമായ ഈ ഉദ്യോഗസ്ഥ സംഘത്തിന് കൊറോണക്കാലത്ത് ചില്ലറയൊന്നുമല്ല കഷ്ടപ്പാട്. സ്വയം രോഗംവരാതെ കാക്കുന്നതിനൊപ്പം, നാട്ടുകാരെ സംരക്ഷിക്കുകയും സർക്കാരിന്റെ മുഖം രക്ഷിക്കുകയും ചെയ്യേണ്ട ഭാരിച്ച ഉത്തരവാദിത്വമാണ് കാക്കിയ്ക്കുള്ളിലെ ഈ പാവം മനുഷ്യർക്കുള്ളത്.

സിനിയറായ എസ് ഐ മാരിലെയും സി ഐ മാരിലെയും പത്തു ശതമാനം പേർക്ക് രണ്ട്   ഇൻക്രിമെൻ്റ് നല്കണമെന്നാണ് ചട്ടമെങ്കിലും വർഷങ്ങളായി കിട്ടാറില്ല.സംസ്ഥാനത്ത് 20 എസ് പി മാരുടെ ഒഴിവുണ്ടെങ്കിലും സീനിയർ ഡിവൈഎസ്പിമാർക്ക് പ്രമോഷനും നല്കുന്നില്ല. മറ്റ് ഡിപ്പാർട്ടുമെൻ്റുകളിൽ പ്രമോഷൻ കൃത്യമായി നടപ്പാക്കുമ്പോഴാണ് സർക്കാരിൻ്റെ മുഖം മിനുക്കേണ്ട ഉത്തരവാദിത്വം കൂടിയുള്ള മധ്യനിര പോലീസിനോട് സർക്കാരിൻ്റെ ഇരട്ടത്താപ്പ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്.ഐ മുതൽ ഡിവൈ.എസ്.പി വരെയുള്ളവരാണ് പൊലീസിന്റെ നട്ടെല്ലായി നിന്ന് സ്വയം നട്ടെല്ലൊടിക്കുന്നത്. ഒരിക്കലും തളരില്ലെന്നും നീതിയ്ക്കായി സ്വയം തീയാകുമെന്നും പ്രതിജ്ഞ ചെയ്തിറങ്ങിയവർ പക്ഷേ, ഇപ്പോൾ അൽപം തളർച്ചയിലാണ്. ഒരു വർഷത്തോളം നീണ്ടു നിന്ന കഠിനപരിശീലനം എന്ന തീച്ചൂളയിലാണ് ഓരോ പൊലീസ് ഉദ്യോഗസ്ഥനും വാർത്തെടുക്കപ്പെടുന്നത്.

നേരിട്ട് എസ്.ഐആയി നിയമനം നേടുന്ന പൊലീസ് ഉദ്യോഗസ്ഥരെല്ലാം ഉന്നതമായ പരിശീലനം പൂർത്തിയാക്കിയവരാണ്. എന്നാൽ, ഒരു സാദാ പൊലീസ് ഉദ്യോഗസ്ഥൻ കോൺസ്റ്റബിളായി കയറി എസ്.ഐ ആയി വിരമിക്കുമ്പോൾ കടക്കുന്നത് സിവിൽ പൊലീസ് ഓഫിസർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ , എ.എസ്.ഐ , എസ്.ഐ ഒരു പക്ഷേ, സി.ഐ എന്നീ സ്ഥാനക്കയറ്റക്കടമ്പകളാണ്. എന്നാൽ, നേരിട്ട് എസ്.ഐ ആയി നിയമനം ലഭിക്കുന്നവരുടെ കാര്യമാണ് കഷ്ടം.

സർക്കാരിന്റെ ജനങ്ങൾക്കു മുന്നിലെ നേരിട്ടുള്ള മുഖമാണ് എസ്.ഐ മുതൽ ഡിവൈ.എസ്.പി വരെയുള്ളവർ. നേരത്തെ എസ്.ഐമാർക്കു സ്റ്റേഷൻ ചുമതലയുണ്ടായിരുന്നപ്പോൾ നാട്ടിൽ അൽപം വിലയുണ്ടായിരുന്നു. എന്നാൽ, സി.ഐമാർ എസ്.എച്ച്.ഒ ആകുകയും, തസ്തികയിൽ തരം താഴ്ത്തപ്പെടുകയും ചെയ്തതോടെ എസ്.ഐമാർ പല്ലുകൊഴിഞ്ഞ സിംഹമായി മാറി. തസ്തികമാറിയെങ്കിലും പണിയിൽ യാതൊരു മാറ്റവുമില്ല.

സർക്കാരിന്റെ ജനങ്ങളുമായി അടുത്ത മുഖമാണ് പൊലീസ്. ജനത്തിനും സർക്കാരിനും ഇടയിൽ കണ്ണാടി പോലെ പ്രവർത്തിക്കുകയാണ് പൊലീസ്. സർക്കാർ എറിഞ്ഞാലും, ജനം എറിഞ്ഞാലും പൊട്ടുന്നത് ഈ കണ്ണാടി തന്നെയാണ്. പക്ഷേ, ജനത്തിന്റെ ആയാലും സർക്കാരിന്റെ ആയാലും ഏറ് നേരിട്ട് കൊള്ളുന്നത് പൊലീസിന്റെ നട്ടെല്ലായ ഈ മധ്യ നിരയ്ക്കു തന്നെയാണ്.

പൊലീസിൽ ഏറ്റവും കൂടുതൽ അച്ചടക്ക നടപടിയ്ക്കു വിധേയരാകേണ്ടി വരുന്ന ഒരു വിഭാഗം എസ്.ഐയും സി.ഐയുമാണ്. ഏത് ആരോപണം ഉണ്ടായാലും, സ്റ്റേഷനിലെ എന്തു പ്രശ്‌നമുണ്ടായാലും ആദ്യം സർക്കാർ സസ്‌പെന്റ് ചെയ്യാൻ നിർദേശിക്കുക സ്റ്റേഷൻ ചുമതലയുണ്ടായിരുന്ന എസ്.എച്ച്.ഒയെ ആണ്.

ഈ കൊറോണക്കാലത്ത് ആരോഗ്യ പ്രവർത്തകർക്ക് റിസ്‌ക് അലവൻസ് അനുവദിച്ചിട്ടുണ്ട്. കൊവിഡ് രോഗികളെ നേരിട്ട നേരിടുന്ന ആരോഗ്യ പ്രവർത്തകർക്ക് അറിയാം തങ്ങൾ കാണുന്നതും, നേരിടുന്നതും കൊവിഡ് രോഗികളെ ആണ് എന്ന്. പക്ഷേ, വല്ല നാട്ടിലും ഒളിവിൽ കഴിയുന്ന ക്രിമിനലുകളെയും ഗുണ്ടകളെയും മോഷ്ടാക്കളെയും ഓടിച്ചിട്ടു പിടികൂടുന്ന പൊലീസിനു പക്ഷേ, ഇവന്റെ രോഗം എന്താണ് എന്നു പോലും അറിയില്ല. പക്ഷേ, രോഗികളെ നേരിട്ട് പരിചരിക്കുന്ന സുരക്ഷാ ഉപകരണങ്ങൾ എല്ലാം ഉള്ള നഴ്‌സുമാർക്കും ആരോഗ്യ പ്രവർത്തകർക്കും റിസ്‌ക് അലവൻസ് ഉണ്ട്. പക്ഷേ, പാവം പൊലീസുകാർക്ക് ഒന്നുമില്ല.

ഇൻക്രിമെന്റും, മറ്റ് ആനൂകൂല്യങ്ങളും മറ്റു വകുപ്പുകളിൽ എല്ലാം കൃത്യമായി ലഭിക്കുമ്പോൾ 24 മണിക്കൂറും ഏഴു ദിവസവും 30 ദിവസവും മഴ ആയാലും വെയിലായാലും മഞ്ഞായാലും പരാതിയില്ലാതെ വരിനിന്ന് പണിയെടുക്കുന്ന പൊലീസിനു മാത്രം ഇതൊന്നും ബാധകമല്ല. പിന്നെ, പൊലീസിന് ആകെ ബാക്കി തല്ലും ചവിട്ടും തെറിവിളിയും മാത്രം…!