പോലീസിനുനേരെ ആക്രമണം; കൊച്ചിയില്‍ റോഡിന് നടുവില്‍ വാഹനം നിര്‍ത്തി അഭ്യാസപ്രകടനം നടത്തിയ 7 പേര്‍ അറസ്റ്റില്‍

Spread the love

കൊച്ചി: തൃപ്പൂണിത്തുറ പനങ്ങാട് പോലീസിന് നേരെയാണ് അതിക്രമം നടന്നത്. ഇന്നലെ രാത്രിയാണ് മദ്യലഹരിയിലായിരുന്ന സംഘം പോലീസിനെ ആക്രമിച്ചത്.മദ്യപിച്ച്‌ വാഹനത്തിന് മുകളില്‍ കയറിയുള്ള അഭ്യാസ പ്രകടനം ചോദ്യം ചെയ്തതിൽ പ്രകോപിതരയി പോലീസിനെ ആക്രമിക്കുകയായിരുന്നു. ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശികള്‍ ആണ് പ്രതികള്‍.

പുലർച്ചെ 1.45ഓടെ കുമ്പളം പാലത്തിന് സമീപം റോഡിന് നടുവില്‍ വാഹനം നിർത്തിയായിരുന്നു അഭ്യാസ പ്രകടനം. അതുവഴി വന്ന പട്രോളിംഗ് സംഘം ഇവരോട് മാറാൻ ആവശ്യപ്പെട്ടപ്പോള്‍ അസഭ്യം പറഞ്ഞു. തുടർന്ന് ഷർട്ടിന് കുത്തിപ്പിടിക്കുകയും മർദിക്കുകയും ചെയ്തെന്ന് പോലീസ് പറയുന്നു.തുടർന്ന് കൂടുതല്‍ പോലീസെത്തി പ്രതികളെ അറസ്റ്റ് ചെയ്തു. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.