video
play-sharp-fill

ഈ പൊലീസുകാരും മനുഷ്യരാണ് സർ..! പ്രതികളുടെ അടിയും ഇടിയും അസഭ്യവും പൊലീസിന്: ഭീഷണികൊണ്ടു പൊറുതിമുട്ടിയ പൊലീസുകാർ ഇനി എന്ത് ചെയ്യണം; ഗുണ്ടാ സംഘങ്ങൾ അഴിഞ്ഞാടുമ്പോൾ അടിയും ഇടിയും മാറ്റി വച്ച് പൊലീസ്

ക്രൈം ഡെസ്‌ക്

കോട്ടയം: ഞാനിടിക്കും, ഇമ്മാതിരി ടീംസിന്റെ എന്റെ കയ്യിൽക്കിട്ടിയാൽ നല്ല ഇടിയിടിക്കും. ഞാൻ പള്ളീലച്ചനല്ല, പൊലീസുകാരനാണ്..! എസ്‌ഐ ബിജു പൗലോസിന്റെ ഈ ഡയലോഗ് കേട്ട് കോരിത്തരിച്ച് തീയറ്ററിലിരുന്ന് കയ്യടിച്ചവരാണ് മലയാളികൾ.

വെള്ളിത്തിരയിൽ കിണ്ണൻ ഡയലോഗ് വിടുന്ന എസ്.ഐമാരെ പക്ഷേ, യഥാർത്ഥ ജീവിതത്തിൽ നമുക്ക് അത്ര താല്പര്യമില്ല. കാക്കിയിട്ടവരെല്ലാം കാലന്മാരെന്ന രീതിയിലാണ് നമ്മളിൽ പലരും ഇപ്പോൾ കാണുന്നത്. അടികൊണ്ടു ഇടികൊണ്ടു വഴിയിൽ വീഴുന്ന സാദാ പൊലീസുകാർ മുതൽ സിഐമാർ വരെയുള്ളവരെ നമുക്ക് പുച്ഛമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ കോട്ടയം ജില്ലയിൽ മാത്രം പൊലീസുകാർ കൊണ്ട അടിയുടെയും ഇടിയുടെയും ഭീഷണിയുടെയും കണക്കെടുത്താൽ മാത്രം മതി പൊലീസുകാർ എത്ര അരക്ഷിതമായാണ് ജോലി ചെയ്യുന്നതെന്ന് മനസിലാക്കാൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റവും ഒടുവിൽ വൈക്കത്ത് കൊലപാതകം അടക്കമുള്ള ഗുണ്ടാ കേസുകളിൽ പ്രതിയായ യുവാവിന്റെ അക്രമണമാണ് ഇപ്പോൾ പൊലീസ് ഇരയാക്കുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം. കൊലപാതകം അടക്കമുള്ള കേസുകളിൽ പ്രതിയായ വൈക്കം ഉല്ലല ഓണശേരിയിൽ അഖിൽ (ലെങ്കോ – 30)യാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ വൈക്കം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ റെജികുമാറിനെ തലയ്ക്കടിച്ചു വീഴ്ത്തിയത്. പങ്കായത്തിന് തലയ്ക്കടിച്ചതിനെ തുടർന്ന് റെജികുമാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അബോധാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്.

റെജികുമാറിനെ അടിച്ചു വീഴ്ത്തിയെങ്കിലും, പ്രതിയായ ലെങ്കോയെ വിടാതെ പിടികൂടുകയായിരുന്നു പൊലീസ് ഉദ്യോഗസ്ഥൻ. പത്തു മിനിറ്റോളം ലെങ്കോയുമായി റെജികുമാർ മൽപ്പിടുത്തം നടത്തി. ഇതിന് ശേഷമാണ് ഒപ്പമുണ്ടായിരുന്ന പൊലീസുകാർക്ക് ഓടിയെത്താൻ സാധിച്ചത്. തുടർന്ന് ഇവർ ചേർന്ന് ലെങ്കോയെ പിടികൂടുകയായിരുന്നു.

അടികിട്ടിയ പൊലീസുകാരൻ റെജിമോൻ ഇതിനിടെ അബോധാവസ്ഥയിലാകുകയും, മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. ഇതിനെല്ലാം ശേഷം വൈക്കം താലൂക്ക് ആശുപത്രിയിൽ കുപ്രസിദ്ധ ഗുണ്ട ലെങ്കോയെ എത്തിച്ചപ്പോൾ ഡോക്ടർ ആദ്യം ചോദിച്ചത് പൊലീസ് മർദിച്ചോ എന്നാണ്.

ഇതിനു ശേഷമാണ് ലെങ്കോയുടെ അമ്മയും ഭാര്യയും ചേർന്ന് പട്ടാപ്പകൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് പൊലീസുകാരെ അടിക്കുകയും, കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നാട്ടുകാർ നോക്കി നിൽക്കെയാണ് ഇവർ പൊലീസുകാരുടെ മേൽ കുതിരകയറിയത്.

കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ രണ്ടാഴ്ച മുൻപ് ഗുണ്ടാ സംഘത്തലവൻ അലോട്ടിയെ പിടികൂടിയ വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ എം.ജെ അരുണിനെയും, സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.എം മനോജിനെയും അലോട്ടി പരസ്യമായി ഭീഷണിപ്പെടുത്തുകയായിരുന്നു. ഗുണ്ടാ സംഘത്തലവൻ അലോട്ടി പൊലീസ് ഉദ്യോഗസ്ഥരുടെ
ഭാര്യമാരെ ബലാത്സംഗം ചെയ്യുകയും, പൊലീസ് ഉദ്യോഗസ്ഥരുടെ ശരീരത്തിൽ എയ്ഡ്‌സ് വൈറസ് കുത്തിവയ്ക്കുകയും ചെയ്യുമെന്നായിരുന്നു അലോട്ടിയുടെ ഭീഷണി.

കോട്ടയത്ത് ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴും അലോട്ടിയോട് ഡോക്ടർ പൊലീസ് മർദിച്ചിട്ടുണ്ടോ എന്ന് ജനറൽ ആശുപത്രിയിലെ ഡോക്ടർ ചോദിച്ചു. പൊലീസ് മർദിച്ചെന്ന് പറഞ്ഞപ്പോൾ ഇത് മെഡിക്കൽ റിപ്പോർട്ടിൽ രേഖപ്പെടുത്തുകയും ചെയ്തു. ജഡ്ജിയുടെ മുന്നിൽ എത്തിയപ്പോൾ ഗുണ്ടയോട് പൊലീസ് മർദിച്ചോ എന്നായി ജഡ്ജിയുടെ ചോദ്യം. ഇതേ തുടർന്ന് ജഡ്ജി ഇത് രേഖപ്പെടുത്തുകയും ചെയ്തു. ഭാര്യമാരെ ബലാത്സഗം ചെയ്യുമെന്നും, എയ്ഡ് വൈറസ് കുത്തി വയ്ക്കുകയും ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതിയ്ക്ക് പോലും ഇതേ നീതി ലഭിക്കുമ്പോഴാണ് പൊലീസ് ഇവരുടെയെല്ലാം ചവിട്ടേൽക്കേണ്ടി വരുന്നത്.

ഇതേ അലോട്ടി തന്നെയാണ് മറ്റൊരു കേസിൽ തന്നെ തിരക്കി വീട്ടിലെത്തിയ ഗാന്ധിനഗർ സ്‌റ്റേഷനിലെ എസ്.ഐയെ ഭീഷണിപ്പെടുത്തിയത്. ഈ കേസിൽ പൊലീസ് അലോട്ടിയ്‌ക്കെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ നിരവധി ആക്രമണങ്ങളും ഭീഷണിയുമാണ് പൊലീസ് സേനയിൽ നേരിടുന്നത്.

സാധാരണക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പൊലീസ് സേനയാണ് ഇത്തരത്തിൽ ഗുണ്ടകളുടെ ഭീഷണി നേരിടുന്നത്.