നഗരത്തിൽ പൊലീസ് പിടിമുറുക്കി: ഗ്രാമീണ മേഖലകളിലേയ്ക്ക് കടന്നു കയറി കഞ്ചാവ് മാഫിയ; തിരുവാതുക്കലിലും കാരാപ്പുഴയിലും ഇല്ലിക്കലിലും കഞ്ചാവ് മാഫിയ സംഘങ്ങൾ അഴിഞ്ഞാടുന്നു

നഗരത്തിൽ പൊലീസ് പിടിമുറുക്കി: ഗ്രാമീണ മേഖലകളിലേയ്ക്ക് കടന്നു കയറി കഞ്ചാവ് മാഫിയ; തിരുവാതുക്കലിലും കാരാപ്പുഴയിലും ഇല്ലിക്കലിലും കഞ്ചാവ് മാഫിയ സംഘങ്ങൾ അഴിഞ്ഞാടുന്നു

സ്വന്തം ലേഖകൻ

കോട്ടയം: തിരുവാതുക്കലിൽ കഞ്ചാവ് മാഫിയ സംഘം വീട് കയറി ആക്രമണം നടത്തിയ സംഭവത്തിനു പിന്നാലെ തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. നഗരത്തിൽ പിടിമുറുക്കിയിരുന്ന കഞ്ചാവ് മാഫിയ സംഘങ്ങൾ ഇപ്പോൾ നഗരത്തിനു പുറത്തേയ്ക്കും പടർന്നു പന്തലിച്ചതായാണ് തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. തിരുവാതുക്കൽ, കാരാപ്പുഴ, ഇല്ലിക്കൽ, പതിനാറിൽചിറ, വേളൂർ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ഗുണ്ടാ സംഘങ്ങൾ ഇപ്പോൾ കഞ്ചാവ് മാഫിയ പ്രവർത്തനങ്ങൾ നടത്തുന്നത്.
നേരത്തെ ഇല്ലിക്കൽ മൈതാനം കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയ സംഘം പ്രവർത്തിച്ചിരുന്നു. വെസ്റ്റ് പൊലീസ് നടത്തിയ കൃത്യമായ ഇടപെടലിലൂടെ കഞ്ചാവ് മാഫിയയെ ഒരു പരിധിവരെ അടക്കി നിർത്താൻ സാധിച്ചിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പ് സമയത്ത് പൊലീസിന്റെ പിടി അയഞ്ഞതോടെ സാമൂഹ്യ വിരുദ്ധ സംഘം കഞ്ചാവ് മാഫിയ പ്രവർത്തനങ്ങൾ സജീവമാക്കുകയായിരുന്നു. ഇതിനിടെയാണ് ഇപ്പോൾ തിരുവാതുക്കൾ മൈതാനത്ത് കഞ്ചാവ് മാഫിയ സംഘം പിടിമുറുക്കിയത്.
തിരുവാതുക്കലിൽ ഗുണ്ടാ ആക്രമണം നടത്തിയ സംഘത്തിൽ ഒരാൾ നേരത്തെ വീടിനു മുകളിൽ കഞ്ചാവ് വളർത്തിയ കേസിൽ പിടികൂടിയ സംഘത്തിൽപ്പെട്ടയാളാണ്. ഇത്തരത്തിൽ പടിഞ്ഞാറൻമേഖലയാകെ കഞ്ചാവ് മാഫിയ സംഘത്തിന്റെ പിടിയിലാണ്. പടിഞ്ഞാറൻമേഖലയിലെ ഇടവഴികൾ കേന്ദ്രീകരിച്ച് സാമൂഹ്യ വിരുദ്ധ സംഘം കഞ്ചാവുമായി എത്തിയാൽ പലപ്പോഴും ഈ പ്രദേശങ്ങളിലേയ്ക്ക് പൊലീസിനു എത്താൻ സാധിക്കാറില്ല. ഇത് തന്നെയാണ് ഈ പ്രദേശങ്ങളെ കഞ്ചാവ് മാഫിയ സംഘം തിരഞ്ഞെടുത്തിരിക്കുന്നത്.
പാറേച്ചാൽ പാടശേഖരത്തിനു നടുവിലൂടെയുള്ള റോഡിൽ കഞ്ചാവ് മാഫിയ പലപ്പോഴും പിടിമുറുക്കിയതായി നാട്ടുകാർ നേരത്തെ തന്നെ പരാതിപ്പെട്ടിട്ടുണ്ട്. എന്നാൽ, പൊലീസ് എത്തുമ്പോഴേയ്ക്കും ക്ഞ്ചാവ് സംഘം രക്ഷപെട്ടു കഴിഞ്ഞിരിക്കും. തിരുവാതുക്കലിൽ മാഫിയ സംഘം വീട് ആക്രമിച്ചതിനു പിന്നാലെ പൊലീസ് പടിഞ്ഞാറൻമേഖലയിൽ വീണ്ടും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കഞ്ചാവ് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ എം.ജെ അരുൺ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.