
അനധികൃത മണല്‍ക്കടത്ത് തടയാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ ടിപ്പര്‍ ലോറി ഇടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ
വളപട്ടണം: അനധികൃത മണല്‍ക്കടത്ത് തടയാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ ടിപ്പര്‍ ലോറി ഇടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതിയെ അറസ്റ്റു ചെയ്തു. പാപ്പിനിശേരിയിലെ കെ.പി മുഹമ്മദ് ജാസിഫിനെയാണ് (38)വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച്ച പുലര്‍ച്ചെ പാപ്പിനിശേരിയിലെ വീട്ടില്‍ നിന്നായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്.
സംഭവത്തില്‍ പ്രതികളെ സഹായിച്ച രണ്ടു പേരെ കഴിഞ്ഞ ദിവസം വളപട്ടണം പോലീസ് അറസ്റ്റു ചെയ്തിരുന്നു.
ജൂലായ് 25-ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പാപ്പിനിശേരിയിലെ പാറക്കടവില്‍ നിന്നും പോലീസിനെതിരെ വധശ്രമമുണ്ടായത്.
പാപ്പിനിശേരി മേഖലയിലെ വിവിധ കടവുകളില്‍ നിന്നും മണല്‍കടത്തിന് നേതൃത്വം നല്‍കുന്നയാളാണ് മുഹമ്മദ് ജാസിഫ്. മണല്‍കടത്ത് പിടികൂടാനെത്തിയ വളപട്ടണം എസ്. ഐ ടി. എം വിപിന്‍, സി.പി.ഒ കിരണ്‍ എന്നിവരെയാണ് മണല്‍ ലോറി ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
സ്‌കൂട്ടറില്‍ വേഷം മാറി മണല്‍ കടത്ത് പിടികൂടാനെത്തിയ എസ്ഐയേയും പോലിസുകാരനെയും തിരിച്ചറിഞ്ഞ ജാസിഫ് മണല്‍ കടത്ത് സംഘത്തിന് നേതൃത്വം നല്‍കിയ ആളോട് ഇടിച്ചു കൊല്ലിനെടാ എന്ന് ആക്രോശിക്കുകയായിരുന്നത്രേ.
ഇതോടെ പൊലിസുകാര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ടിപ്പര്‍ ലോറി ഡ്രൈവര്‍ ഇടിച്ചു തെറിപ്പിച്ചു.
.പരുക്കേറ്റ പൊലിസുകാർ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്‌സ തേടിയിരുന്നു