
പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ വഴിയോര കച്ചവടക്കാരൻ മരിച്ച സംഭവം; പൊലീസ് വാഹനം അമിതവേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍; കാലപഴക്കം ചെന്നതും ടയറുകള്‍ തേഞ്ഞുതീര്‍ന്നതുമായ വാഹനം; പ്രതിഷേധവുമായി നാട്ടുകാര്‍
മാനന്തവാടി: വയനാട് മാനന്തവാടി വള്ളിയൂര്‍കാവ് ക്ഷേത്രത്തിന് സമീപം അമ്പലവയൽ പൊലീസ് സ്റ്റേഷനിലെ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പ്രതിഷേധവുമായി നാട്ടുകാര്‍. സ്ഥലത്ത് നിന്ന് പൊലീസ് ജീപ്പ് നീക്കാൻ നാട്ടുകാര്‍ അനുവദിച്ചില്ല. പൊലീസ് ജീപ്പിന്റെ കാലപഴക്കവും ടയറുകള്‍ തേഞ്ഞുതീര്‍ന്നതുമാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
അപകടത്തിൽ വഴിയോരകച്ചവടക്കാരൻ മരിച്ചിരുന്നു. പൊലീസുകാര്‍ക്കും പരിക്കേറ്റു. പൊലീസ് വാഹനം അമിതവേഗതയിലായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. പൊലീസ് വാഹനം സ്ഥലത്ത് നിന്ന് മാറ്റാൻ ക്രെയിൻ എത്തിച്ചെങ്കിലും ആദ്യം നാട്ടുകാര്‍ തടഞ്ഞു. സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണുള്ളത്.
അപകടകാരണം അറിയാതെയും വഴിയോരക്കച്ചവടക്കാരന്‍റെ മരണത്തിലും തീരുമാനമാകാതെ വാഹനം നീക്കം ചെയ്യാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാര്‍. ആര്‍ടിഒ സ്ഥലത്തെത്തിയെങ്കിലും നിലവിൽ വാഹനം തലകീഴായാണ് കിടക്കുന്നതെന്നും ഈ രീതിയിൽ പരിശോധന നടത്താനാകില്ലെന്നും അറിയിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെയും പൊലീസും നാട്ടുകാരും തമ്മിൽ സ്ഥലത്ത് വാക്കേറ്റം തുടര്‍ന്നു. ആര്‍ടിഒ വാഹനം പരിശോധിക്കാനെത്തിയതോടെ ക്രെയിൻ ഉപയോഗിച്ച് ഉയര്‍ത്താൻ സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് ജീപ്പ് ക്രെയിൻ ഉപയോഗിച്ച് ഉയര്‍ത്തി. ആര്‍ടിഒ വാഹനം പരിശോധിക്കുമെന്ന് അറിയിച്ചു. പൊലീസ് വാഹനം നല്ല വേഗതയിലായിരുന്നുവെന്നും മഴയായതുകൊണ്ട് ആൽത്തറയുടെ സമീപത്ത് ആളുകള്‍ കുറവായിരുന്നുവെന്നും ദൃക്സാക്ഷി പറഞ്ഞു.
പൊലീസ് വാഹനത്തിന്‍റെ ചില്ല് തകര്‍ത്താണ് പൊലീസ് ഉദ്യോഗസ്ഥരെയടക്കം പുറത്തെടുത്തത്. മഴ പെയ്തിരുന്നുവെന്നും അപകടം കണ്ട ഓട്ടോ ഡ്രൈവർ പറഞ്ഞു. ഇന്ന് വൈകിട്ടുണ്ടായ അപകടത്തിൽ വഴിയോരക്കച്ചവടക്കാരനായ വള്ളിയൂര്‍കാവ് തോട്ടുങ്കൽ ശ്രീധരൻ (65) ആണ് മരിച്ചത്. ഇയാൾ ഉന്തുവണ്ടി കച്ചവടക്കാരനാണ്.