
കൊച്ചി : സ്പാ ജീവനക്കാരിയുടെ മാല മോഷ്ടിച്ചെന്നും ഇക്കാര്യം ഭാര്യയെ അറിയിക്കുമെന്നും ഭീഷണിപ്പെടുത്തി പോലീസുകാരനില്‍നിന്ന് നാലുലക്ഷം രൂപ തട്ടിയ സംഭവത്തില്‍ എസ്ഐ ഉള്‍പ്പെടെ മൂന്നാളുകളുടെ പേരില്‍ കേസെടുത്തു.
പാലാരിവട്ടം സ്റ്റേഷനിലെ എസ്ഐ കെ.കെ. ബൈജുവാണ് (53) കേസില്‍ ഒന്നാം പ്രതി. സ്പാ നടത്തിപ്പുകാരന്‍ ഷിഹാം, പാലാരിവട്ടം റോയല്‍ വെല്‍നെസ് സ്പായിലെ ജീവനക്കാരി രമ്യ എന്നിവരാണ് മറ്റ് പ്രതികള്‍.
കഴിഞ്ഞ സെപ്റ്റംബര്‍ 8-ന് വൈകീട്ട് അഞ്ചരയോടെ പോലീസുകാരന്‍ പാലാരിവട്ടത്തെ സ്പായിലെത്തിയിരുന്നു. പിറ്റേന്ന് രാവിലെ പത്തോടെ സ്പായിലെ ജീവനക്കാരി രമ്യ പോലീസുകാരനെ ഫോണില്‍ വിളിച്ചു. മസാജ് ചെയ്യുന്നതിനിടെ താന്‍ മാല ഊരിവെച്ചിരുന്നെന്നും അത് തിരികെ നല്‍കണമെന്നും അല്ലെങ്കില്‍ ആറര ലക്ഷം രൂപ കൈമാറണമെന്നും ആവശ്യപ്പെട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മാല താന്‍ എടുത്തിട്ടില്ലെന്നും പോലീസില്‍ പരാതി നല്‍കൂവെന്നും പോലീസുകാരന്‍ പറഞ്ഞു. തുടർന്ന് സ്പാ ജീവനക്കാരി പരാതി നല്‍കിയിരുന്നു. ഈ പരാതിയെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തിയിരുന്നു. അതിനിടെ കേസ് പെട്ടെന്ന് ഒത്തുതീര്‍പ്പായതും സംശയമുണ്ടാക്കി.
രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണത്തിലാണ് ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന വിവരം ഉന്നത ഉദ്യോഗസ്ഥര്‍ അറിയുന്നത്. എറണാകുളം ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്സിലെ സിപിഒയുടെ പരാതിയിലാണ് നടപടി.




