
തിരുവനന്തപുരം: വീണ്ടും പൊലീസിനെതിരെ കസ്റ്റഡി മര്‍ദനാരോപണം. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസിനെതിരെയാണ് ഗുരുതര ആരോപണം. ബൈക്ക് മോഷണക്കേസിലെ പ്രതികളെ ക്രൂരമായി തല്ലിച്ചതിച്ചെന്നാണ് പരാതി. ബൈക്ക് മോഷണ കേസില്‍ കൊച്ചി പൊലീസ് പിടികൂടിയ ജിനു ബേബിയ്ക്കും കൂട്ടുപ്രതി ഉണ്ണിയ്ക്കുമാണ് മര്‍ദനമേറ്റത്.പ്രതികളെ ഫോര്‍ട്ട് പൊലീസിന് കൈമാറുകയായിരുന്നു.
ഫോര്‍ട്ട് പൊലീസില്‍ രജിസ്റ്റര്‍ ചെയ്ത മോഷണ കേസിലാണ് പ്രതികള്‍ പിടിയിലാകുന്നത്. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ജിനുവിനെ ജയിലില്‍ നിന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ നടത്തി.
ബൈക്ക് മോഷണക്കേസിലെ കൂട്ടുപ്രതിയായ ഉണ്ണിയും ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് മര്‍ദിച്ചെന്ന പരാതിയില്‍ മജിസ്ട്രേറ്റ് ഇരുവരുടെയും രഹസ്യമൊഴി രേഖപ്പെടുത്തി. വാഹനത്തിലിട്ട് പട്ടിക കഷ്ണം കൊണ്ട് അടിച്ചുവെന്നാണ് പ്രതികളുടെ മൊഴി. എന്നാല്‍,റിമാൻഡ് സമയത്തോ വൈദ്യപരിശോധനസമയത്തോ മർദ്ദിച്ചതായി പ്രതികള്‍ പറഞ്ഞിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി സിറ്റി പൊലീസ് കമ്മീഷണർ കാർത്തിക് അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


