ഒരാഴ്ച നീണ്ടുനിന്ന ‘ഹെല്‍മെറ്റ് ഓണ്‍- സേഫ് റൈഡ്’ സ്പെഷ്യല്‍ ഡ്രൈവ്; ഹെല്‍മറ്റില്ലാ യാത്രയ്ക്ക് പിഴയിട്ടത് 2.5 കോടിയിലേറെ; സംസ്ഥാനത്ത് കണ്ടെത്തിയത് 50000ത്തോളം നിയമലംഘനങ്ങള്‍

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്ര വാഹന യാത്രക്കാർ ഹെല്‍മറ്റ് ധരിക്കാത്തതിനെതിരെ കേരള പോലീസ് നടത്തിയ കർശന പരിശോധനയില്‍ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്.

video
play-sharp-fill

ഒരാഴ്ച നീണ്ടുനിന്ന ഹെല്‍മെറ്റ് ഓണ്‍- സേഫ് റൈഡ് എന്ന സ്പെഷ്യല്‍ ഡ്രൈവില്‍ 50,969 നിയമലംഘനങ്ങള്‍ കണ്ടെത്തുകയും 2,55,97,600 രൂപ പിഴയായി ഈടാക്കുകയും ചെയ്തു.

ട്രാഫിക് ആൻ്റ് റോഡ് സേഫ്റ്റി മാനേജ്മെൻ്റ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായാണ് പരിശോധന നടന്നത്. ആകെ 1,19,414 ഇരുചക്ര വാഹനങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ പരിശോധനയ്ക്ക് വിധേയമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനും ഹെല്‍മറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനുമാണ് ഡ്രൈവ് സംഘടിപ്പിച്ചത്. 2026 ജനുവരി 11, 12 തീയതികളില്‍ മാത്രം ഹെല്‍മറ്റ് ധരിക്കാത്തതു മൂലം ഉണ്ടായ അപകടങ്ങളില്‍ 11 പേർക്ക് ജീവൻ നഷ്ടമായിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് കർശന നടപടി.

ഹൈവേ പട്രോളിംഗ് വിഭാഗം വരും ദിവസങ്ങളിലും നിരന്തര പരിശോധന തുടരാൻ ഐ.ജി നിർദ്ദേശം നല്‍കി. നിയമലംഘനം ആവർത്തിക്കുന്നവർക്കെതിരെ ലൈസൻസ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ സ്വീകരിക്കും. ട്രാഫിക് നോർത്ത് സോണ്‍, സൗത്ത് സോണ്‍ എസ്.പിമാരുടെ മേല്‍നോട്ടത്തില്‍ ജില്ലാ ട്രാഫിക് നോഡല്‍ ഓഫീസർമാരുമായി സഹകരിച്ചാണ് പരിശോധനകള്‍ ഏകോപിപ്പിച്ചത്.