
സ്വന്തം ലേഖകൻ
ചങ്ങനാശേരി: മൂന്ന് യുവാക്കള്‍ ഒൻപത് കിലോ കഞ്ചാവുമായി പൊലീസ് പിടിയിലായ സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി തൃക്കൊടിത്താനം പോലീസ് ആന്ധ്രയിലേക്ക് യാത്രതിരിച്ചു.
പിടിയിലായ യുവാക്കളുടെ ആന്ധ്രയിലെ കഞ്ചാവ് മാഫിയാ ബന്ധം അന്വേഷിക്കുന്നതിനാണ് പോലീസ് സംഘം വിശാഖപട്ടണത്തിനടുത്തുള്ള പടയാരു ജില്ലയിലേക്ക് പോയിരിക്കുന്നത്.
തൃക്കൊടിത്താനം ആഞ്ഞിലിപ്പടി പാറയില്‍ അജേഷ് (25), തൃക്കൊടിത്താനം പുലിക്കോട്ടുപടി തുണ്ടിയില്‍ ജെബി ജയിംസ് (24), നാലുകോടി ചെല്ലിവേലിയില് ആരോമല്‍ വിജന് (26)എന്നിവരെയാണ് തൃക്കൊടിത്താനം പോലീസ് മാമ്മൂട് കൊച്ചുറോഡിലുള്ള വെയിറ്റിംഗ് ഷെഡില്‍നിന്നും പിടികൂടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആന്ധ്രായില്‍നിന്നും കഞ്ചാവു കടത്തിക്കൊണ്ട് വരുന്നതായി കോട്ടയം ജില്ലാ പോലീസ് ചീഫ് ഡി. ശില്പക്കു ലഭിച്ച വിവരത്തിന്റെ നാര്‍ക്കോട്ടിക് ഡിവൈഎസ്പി എം.എം. ജോസിന്റെ നേതൃത്വത്തില്‍ തൃക്കൊടിത്താനം എസ്എച്ച്ഒ ഇ. അജീബും സംഘവുമാണ് മൂന്നംഗസംഘത്തെ പിടികൂടിയത്. പ്രതികള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.
ആന്ധ്രയില്‍നിന്നും തമിഴ്നാടിന്റെ വിവിധ ജില്ലകളില്‍നിന്നും ഇവര്‍ കഞ്ചാവ് കടത്തിക്കൊണ്ടു വന്നിട്ടുള്ളതായി ചോദ്യംചെയ്യലില്‍ പോലീസിനു വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഘം പ്രതികളെക്കുറിച്ചുള്ള അന്വേഷണം വ്യാപകമാക്കിയിരിക്കുന്നത്.
കൊറോണാകാലത്ത് പോലീസിനെ വെട്ടിച്ച് ഇതരസംസ്ഥാനങ്ങളില്‍നിന്നും കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്ന് കടത്തിക്കൊണ്ടു ചങ്ങനാശേരി, തിരുവല്ല, കോട്ടയം ഭാഗങ്ങളില്‍ വില്‍പ്പന നടത്തിയിരുന്ന പ്രധാന സംഘത്തില്‍പ്പെട്ടവരാണ് ഇവരെന്നും കേസ് അന്വേഷണ ചുമതലയുള്ള തൃക്കൊടിത്താനം എസ്എച്ച്ഒ ഇ. അജീബ് പറഞ്ഞു.