കോട്ടയം ചിങ്ങവനത്ത് മദ്യലഹരിയിൽ പൊലീസുകാരൻ ക്വാർട്ടേഴിസിനു തീയിട്ടു: തീയിട്ടത് ഭാര്യയെയും മക്കളെയും ക്വാർട്ടേഴ്‌സിൽ നിന്നും അടിച്ചോടിച്ച ശേഷം; നിരന്തരം മദ്യപാനിയായ പൊലീസുകാരൻ സസ്‌പെൻഷനു ശേഷം സർവീസിൽ കയറിയത് ദിവസങ്ങൾക്കു മുൻപ്
തേർഡ് ഐ ബ്യൂറോ
കോട്ടയം: മദ്യലഹരിയിൽ ഭാര്യയെയും കുട്ടികളെയും വീട്ടിൽ നിന്നും അടിച്ചിറക്കിയ പൊലീസുകാരൻ ക്വാർട്ടേഴ്‌സിനു തീയിട്ടു. ചിങ്ങവനം കുറിച്ചിയിൽ വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടെയാണ് പൊലീസുകാരൻ ക്വാർട്ടേഴ്‌സിനു തീയിട്ടത്. ആളിക്കത്തിയ തീയിൽ ക്വാർട്ടേഴ്‌സിനുള്ളിലെ സാധനങ്ങൾ കത്തി നശിച്ചു. കോട്ടയം പൊലീസ് കൺട്രോൾ റൂമിലെ സിവിൽ പൊലീസ് ഓഫിസർ ചെറുകര സ്വദേശി അജിത്താണ് വീടിനുള്ളിൽ വൻ അക്രമം നടത്തിയത്.
സ്ഥിരം മദ്യപാനിയും വീട്ടുകാരുമായി പ്രശ്‌നമുണ്ടാക്കുന്നയാളുമായ അജിത്ത് നേരത്തെയും പല തവണ പ്രശ്‌നങ്ങളിൽ കുടുങ്ങിയിട്ടുണ്ടെന്നു പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. കഴിഞ്ഞ ദിവസം ഇയാൾ വീട്ടിൽ പ്രശ്‌നമുണ്ടാക്കിയതിനെ തുടർന്നു മറ്റു പൊലീസുകാർ ഇടപെട്ട് ഇയാളെ ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. തുടർന്നു പൊലീസ് ഉദ്യോഗസ്ഥർ മധ്യസ്ഥ ശ്രമം നടത്തിയെങ്കിലും നടന്നില്ല. തുടർന്നു, പൊലീസിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ ഭാര്യയെയും കുട്ടികളെയും വീട്ടിലേയ്ക്കു അയച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനു ശേഷം ഇയാൾ തിരികെ വീട്ടിലെത്തി. പകൽ സമയം മുഴുവൻ ക്വാർട്ടേഴ്‌സിൽ ഇരുന്ന് ഇയാൾ മദ്യപിക്കുകയായിരുന്നുവെന്നു അയൽവാസികൾ പറഞ്ഞു. ഇതിനിടെയാണ് വൈകിട്ട് ഏഴു മണിയോടെ ക്വാർട്ടേഴ്‌സിൽ നിന്നും തീയും പുകയും ഉയരുകയായിരുന്നു. തുടർന്നു ഓടിക്കൂടിയ അയൽവാസികൾ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും നാട്ടുകാരും അയൽവാസികളും ചേർന്നു തീ അണച്ചിരുന്നു.
തീ ആളിപ്പടരുമ്പോൾ പൊലീസുകാരനായ അജിത്ത് ക്വാർട്ടേഴ്‌സിനുള്ളിൽ തന്നെ ഇരിക്കുകയായിരുന്നു. ഇയാളെ ബലം പ്രയോഗിച്ചാണ് പൊലീസ് ഉദ്യോഗസ്ഥർ ക്വാർട്ടേഴ്‌സിൽ നിന്നും പുറത്തിറക്കിയത്. തുടർന്നു, മുറിയ്ക്കുള്ളിൽ വെള്ളം പമ്പ് ചെയ്താണ് അഗ്നിരക്ഷാ സേനാംഗങ്ങൾ തീയുടെ ചൂട് നിയന്ത്രിച്ചു നിർത്തിയത്.
മൂന്നു മാസം മുൻപാണ ഇയാൾ സസ്‌പെൻഷൻ പൂർത്തിയാക്കി സർവീസിൽ തിരികെ കയറിയത്. മുൻപും പല തവണ ഇയാൾക്കെതിരെ പൊലീസ് അധികൃതർ വകുപ്പ് തല നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ഭാര്യയെയും മക്കളെയും ഉപദ്രവിക്കുന്നതും പതിവായിരുന്നു. ക്വാർട്ടേഴ്‌സിനു തീയിട്ടതിനും പൊതുമുതൽ നശിപ്പിച്ചതിനു ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. അജിത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ശനിയാഴ്ച ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് ശനിയാഴ്ച റിപ്പോർട്ട് സമർപ്പിക്കുമെന്നു ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫീസർ ബിൻസ് ജോസഫ് പറഞ്ഞു.