നാട്ടുകാരെ പറ്റിക്കാൻ മുറ്റത്തെ അയയിൽ കാക്കി യുണിഫോം നനച്ചിട്ടു: ‘പൊലീസിലാ’ മനുവിന്റെ വാക്കിൽ നാട്ടുകാർ മയങ്ങി: എല്ലാം ഒപ്പിച്ച ശേഷം തമിഴ്നാട്ടിലേയ്ക്ക് മുങ്ങിയ മനുവിനെ പൊക്കിയത് അന്വേഷണ മികവ്: പിടിയിലായത് വ്യാജ റിക്രൂട്ട്മെന്റ് സംഘത്തിലെ ‘പരീക്ഷാ കൺട്രോളർ’
തേർഡ് ഐ ബ്യൂറോ
കോട്ടയം: നല്ല വിദ്യാഭ്യാസവും വിവരവുമുണ്ടെങ്കിലും തട്ടിപ്പിന്റെ കറക്ക് കമ്പനിയിൽ ചേർന്ന മനു എല്ലാം ഉപയോഗിച്ചത് ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് തട്ടിപ്പ് നടത്താൻ. കഴിഞ്ഞ മാസം കടുവാക്കുളം എമ്മാവൂസ് പബ്ളിക്ക് സ്കൂളിലെ വ്യാജ പൊലീസ് റിക്രൂട്ട് മെന്റ് സംഘത്തിലെ പരീക്ഷ കൺട്രോളറായ വ്യാജ എസ് ഐ മനുവിന്റെ രീതികളാണ് പൊലീസിന്റെ കണ്ണു തളളിപ്പിച്ചത്. സംഭവത്തിലെ പ്രധാന പ്രതി ആലപ്പുഴ കലവൂർ കുളമാക്കിൽ കോളനി വീട് എസ്. മനു (24) വിനെ ചൊവ്വാഴ്ചയാണ് ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ സി ഐ ടി.ആർ ജിജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രതിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.
എം.ബി എ ബിരുദധാരിയായ പ്രതി താൻ പൊലീസിലാണെന്നാണ് നാട്ടിൽ മുഴുവൻ പ്രചരിപ്പിച്ചിരുന്നത്. നാട്ടുകാരെ തെറ്റിധരിപ്പിക്കാൻ വീട്ടുമുറ്റത്ത് പൊലീസ് യൂണിഫോം വിരിച്ചിട്ടുമായിരുന്നു. ഇത്തരത്തിൽ വമ്പൻ തട്ടിപ്പാണ് പ്രതി ആസൂത്രണം ചെയ്ത് നടത്തിയിരുന്നത്. വിദ്യാഭ്യാസത്തിന് ശേഷം രവി അടക്കമുള്ള തട്ടിപ്പുകാർക്കൊപ്പം ചേരുകയായിരുന്നു. ആറ് സ്ത്രീകളും , എട്ട് പുരുഷന്മാരുമാണ് സംഘത്തിലുണ്ടായിരുന്നത്. പത്രങ്ങളിൽ പരസ്യം നൽകിയ ശേഷമാണ് ഇവർ ഉദ്യോഗാർത്ഥികളെ വലയിൽ വീഴ്ത്തിയിരുന്നത്. പരസ്യം കണ്ട് എത്തുന്ന ഉദ്യോഗാർത്ഥികളിൽ നിന്ന് പരീക്ഷാ ഫീസായി ഇരുന്നൂറ് രൂപ ഈടാക്കും. തുടർന്ന് ഇവർക്ക് ഒ എം ആർ മാതൃകയിൽ പരീക്ഷ നടത്തും. പരീക്ഷ വിജയിക്കുന്ന 14 പേരെ മാത്രമാണ് സേനയിലേക്ക് നിയമിക്കുക. ഇവരിൽ നിന്ന് മുവായിരം രൂപ ഫീസായി ഈടാക്കും. പരീക്ഷയ്ക്കും നിയമനത്തിനും വിശ്വാസ്യത ഉണ്ടാകാൻ വേണ്ടിയാണ് പ്രതികൾ ഇത്തരത്തിൽ തട്ടിപ്പ് തന്ത്രമൊരുക്കിയിരുന്നത്. പരീക്ഷയിൽ പരാജയപ്പെടുന്ന ഉദ്യോഗാർത്ഥികളോട് പിൻവാതിൽ നിയമനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പതിനായിരം രൂപ വരെ കൈക്കൂലിയായും ഈടാക്കിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
പിടിയിലായ മനുവാണ് സംഘത്തിൽ ഏറ്റവും കൂടുതൽ വിദ്യാഭ്യാസമുണ്ടായിരുന്നത്. മനുവാണ് പരീക്ഷയ്ക്ക് ചോദ്യക്കടലാസുകൾ തയ്യാറാക്കിയിരുന്നതും.
തട്ടിപ്പ് സംഘത്തെ പൊലീസ് പിടികൂടിയതോടെ നാട് വിട്ട പ്രതി തമിഴ്നാടിന്റെ പല ഭാഗങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. നാഗർകോവിൽ, കോയമ്പത്തൂർ, ബംഗളൂരു എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ ശേഷം കഴിഞ്ഞ ദിവസമാണ് പ്രതി ആലപ്പുഴ മണ്ണഞ്ചേരിയിൽ എത്തിയത്. ഇയാൾ ഇവിടെ എത്തിയതായി ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഡി വൈ.എസ്.പി ആർ ശ്രീകുമാർ , ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ സി ഐ ടി.ആർ ജിജു, ഈസ്റ്റ് എസ് ഐ തോമസ് ജോർജ് , സ്ക്വാഡ് അംഗങ്ങളായ എ.എസ് ഐ ഐ സജികുമാർ , എസ് സി പി ഒ പി.എൻ മനോജ് , ആഷ് ടി ചാക്കോ , സി പി ഒ മാരായ പി.സി സജി , കെ.ആർ ബൈജു , ഡ്രൈവർ വിജിലാൽ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പൊലീസ് ഡിപ്പാർട്ട്മെന്റിലാണെന്നാണ് പ്രതി നാട്ടിൽ പ്രചരിപ്പിച്ചിരുന്നത്. തമിഴ് നാട്ടിൽ നിന്ന് യൂണിഫോം തുണി വാങ്ങിയിരുന്ന പ്രതികൾ തിരുവനന്തപുരത്തു നിന്നും എറണാകുളത്ത് നിന്നുമാണ് നക്ഷത്ര ചിഹ്നങ്ങൾ വാങ്ങിയിരുന്നത്. തട്ടിപ്പിലൂടെ സ്വന്തമാക്കുന്ന തുക കൃത്യമായി വീതം വയ്ക്കുകയും ചെയ്തിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ അയ്മനം ഒളശ ചെല്ലിത്തറ ബിജോയ് മാത്യു (36) , പനച്ചിക്കാട് കൊല്ലാട് വട്ടക്കുന്നേൽ പി.പി ഷൈമോൻ (40) , മൂലേടം കുന്നമ്പള്ളിൽ വാഴക്കുഴിയിൽ സനിതാ മോൾ ഡേവിഡ് (30) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സനിതാ മോൾ പിന്നീട് ജാമ്യത്തിലിറങ്ങി. കേസിലെ പ്രധാന പ്രതിയായ എസി പി രവി എന്ന രവി സംഭവം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും ഒളിവിലാണ്