
പൊലീസ് ലഹരി ഉപയോഗിച്ച് ഡ്യൂട്ടിക്ക് വന്നാൽ ഉത്തരവാദിത്തം മേലുദ്യോഗസ്ഥർക്ക് ; കൗൺസിലിങ് നൽകണം; ശരിയായ മാർഗത്തിൽ കൊണ്ടുവരണം; പൊലീസിലെ ലഹരി ഉപയോഗം തടയാൻ ഉത്തരവ്; തടഞ്ഞില്ലെങ്കിൽ മേലധികാർക്കെതിരെ നടപടി ; മദ്യപിച്ച് ജോലിക്ക് എത്തുന്നതും പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറുന്ന സാഹചര്യത്തിലുമാണ് ഉത്തരവ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പൊലീസുകാരിലെ ലഹരി ഉപയോഗം തടയാൻ നടപടിയുമായി സേന. പൊലീസ് ഉദ്യോഗസ്ഥർ ലഹരി ഉപയോഗിച്ച് ഡ്യൂട്ടിക്ക് വന്നാൽ ഉത്തരവാദിത്തം മേലുദ്യോഗസ്ഥർക്കാണെന്ന് ഉത്തരവിൽ പറയുന്നു. പെരുമാറ്റ ദൂഷ്യമുള്ള ഉദ്യോഗസ്ഥരെ യൂണിറ്റ് മേധാവിമാർ തിരിച്ചറിയണമെന്നും ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പിയുടെ ഉത്തരവിൽ പറയുന്നു.
കൂടാതെ അവർക്ക് കൗൺസിലിങ് നൽകണം. അവരെ ശരിയായ മാർഗത്തിൽ കൊണ്ടുവരണം. ഉദ്യോഗസ്ഥരിലെ ലഹരി ഉപയോഗം ശ്രദ്ധിക്കാത്തത് മേൽനോട്ട വീഴ്ചയാണ്. അങ്ങനെ വീഴ്ചയുണ്ടായാൽ യൂണിറ്റ് മേധാവിമാർക്കും മേൽനോട്ടം വഹിക്കുന്ന മറ്റുള്ളവർക്കുമെതിരെ വകുപ്പുതല നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉദ്യോഗസ്ഥർ മദ്യപിച്ച് ജോലിക്ക് വരുന്നതും പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറുകയും വാക്കേറ്റത്തിലേർപ്പെടുകയും സംഘർഷത്തിന് കാരണമാവുകയും ചെയ്തിട്ടുള്ള സാഹചര്യത്തിലാണ് ഇത് തടയാനുള്ള നീക്കവുമായി മേലുദ്യോഗസ്ഥർ രംഗത്തെത്തിയത്. ഏത് ഉദ്യോഗസ്ഥരാണോ മദ്യപിച്ച് ഡ്യൂട്ടിക്ക് വരുന്നത് അതിന്റെ ഉത്തരവാദിത്തം മേലധികാരികൾക്കാണ്.
സ്റ്റേഷനിലെ കീഴുദ്യോഗസ്ഥരുടെ ഉത്തരവാദിത്തം യൂണിറ്റ് മേധാവികൾക്കും സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കുമാണ്. അതിൽ വീഴ്ചയുണ്ടായാൽ ഇവർക്കെതിരെ വകുപ്പുതല നടപടിയുണ്ടാവും. ഇനി ഇവർ മദ്യപിച്ച് വന്നാൽ അതിന്റെ ഉത്തരവാദിത്തം ഡിവൈഎസ്പി ഉൾപ്പെടെയുള്ളവർക്കാണ്. അവർക്കെതിരെയായിരിക്കും നടപടി.