പൊലീസിന്റെ നട്ടെല്ലായ മധ്യനിരയ്ക്ക് ശ്വാസംമുട്ടുന്നു; ഹര്‍ത്താല്‍ അക്രമങ്ങളില്‍ ഉരുക്ക്മുഷ്ടി പ്രയോഗിക്കാന്‍ ഹൈക്കോടതി; മുഷ്ടിപ്രയോഗം പോയിട്ട് മുഖത്ത് നോക്കി ഉറക്കെ സംസാരിച്ചാല്‍ പോലും വീട്ടിലിരിക്കേണ്ടി വരുമെന്ന് പൊലീസുകാര്‍; കരുനാഗപ്പള്ളി സംഭവത്തില്‍ പലരുടെയും മുഖംരക്ഷിക്കാന്‍ ബലിയാടായത് പൊലീസ്; ജോലിഭാരം താങ്ങാനാകാതെ ആത്മഹത്യ ചെയ്തവര്‍ എത്രയെന്ന് അറിയാമോ? മഴയത്തും വെയിലത്തും വരിനിന്ന് പണിയെടുക്കുന്നവരെ ആര് സംരക്ഷിക്കും..?

പൊലീസിന്റെ നട്ടെല്ലായ മധ്യനിരയ്ക്ക് ശ്വാസംമുട്ടുന്നു; ഹര്‍ത്താല്‍ അക്രമങ്ങളില്‍ ഉരുക്ക്മുഷ്ടി പ്രയോഗിക്കാന്‍ ഹൈക്കോടതി; മുഷ്ടിപ്രയോഗം പോയിട്ട് മുഖത്ത് നോക്കി ഉറക്കെ സംസാരിച്ചാല്‍ പോലും വീട്ടിലിരിക്കേണ്ടി വരുമെന്ന് പൊലീസുകാര്‍; കരുനാഗപ്പള്ളി സംഭവത്തില്‍ പലരുടെയും മുഖംരക്ഷിക്കാന്‍ ബലിയാടായത് പൊലീസ്; ജോലിഭാരം താങ്ങാനാകാതെ ആത്മഹത്യ ചെയ്തവര്‍ എത്രയെന്ന് അറിയാമോ? മഴയത്തും വെയിലത്തും വരിനിന്ന് പണിയെടുക്കുന്നവരെ ആര് സംരക്ഷിക്കും..?

ഏ.കെ ശ്രീകുമാര്‍

കോട്ടയം: സമീപകാലത്ത് കേരളം കണ്ട ഏറ്റവും അക്രമാസക്തമായ ഹര്‍ത്താല്‍ ദിനമാണ് ഇന്നലെ കടന്ന് പോയത്. പെട്രോള്‍ ബോംബ് മുതല്‍ കല്ലും കുറുവടിയും വരെ ആയുധമാക്കി പോപ്പുലര്‍ ഫ്രണ്ട് അക്രമികള്‍ അഴിഞ്ഞാടി. ലൈവായി എല്ലാം അറിയുന്ന മലയാളികള്‍ ആദ്യം കുറ്റപ്പെടുത്തിയത് പൊലീസിനെയാണ്. പൊലീസ് കയ്യുംകെട്ടി നോക്കിനിന്നു, പൊലീസ് അക്രമത്തിന് ഒത്താശ ചെയ്തു, പൊലീസിന് പേടി തുടങ്ങി നിശിതമായ വിമര്‍ശനങ്ങള്‍ സമൂഹത്തിന്റെ നാനാകോണില്‍ നിന്നും ഉയര്‍ന്ന് വന്നു. ഇതിന് ആക്കം കൂട്ടാനെന്ന വണ്ണം കേരളാ ഹൈക്കോടതിയുടെ ശ്രദ്ധേയ പരാമര്‍ശവും, പൗരന്മാരുടെ ജീവിതത്തെ തടസ്സപ്പെടുത്തുന്ന ഇത്തരം അക്രമങ്ങള്‍ പൊലീസ് ഉരുക്ക് മുഷ്ടി ഉപയോഗിച്ചു നേരിടണം.

അക്രമത്തിനെതിരെ വീട്ടിലിരുന്ന് രക്തം തിളച്ചവര്‍ക്ക് കോടതിയുടെ ഉരുക്ക് മുഷ്ടി പ്രയോഗം നന്നേ പിടിച്ചു. എല്ലാം പൊലീസിന്റെ കഴിവുകേടാണ്, അക്രമികളെ നേരിടാന്‍ കഴിയില്ലെങ്കില്‍ ഇവനൊക്കെ എന്തിനാ കാക്കിയിട്ട് ഈ പണിക്കിറങ്ങിയിരിക്കുന്നത്? പറയാന്‍ എത്ര എളുപ്പം. പക്ഷേ, സേനയ്ക്കുള്ളില്‍ പൊലീസുകാര്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദം ആര് മനസ്സിലാക്കും. അത് പൊതുജനം അറിയേണ്ട ആവശ്യമില്ലെങ്കിലും കാക്കിയെ കറുപ്പിക്കും മുന്‍പ് ചില വസ്തുതകളും അറിഞ്ഞിരിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരുനാഗപ്പള്ളിയിലെ സംഭവം കഴിഞ്ഞിട്ട് ഏതാനും ദിവസങ്ങളെ ആയിട്ടുള്ളൂ. അഭിഭാഷകന്‍ എസ്.ജയകുമാറിനെ പോലീസ് ലോക്കപ്പിലിട്ടു മര്‍ദിച്ചെന്ന പരാതിയില്‍ പോലീസ് ഉദ്യോഗസ്ഥരായ കരുനാഗപ്പള്ളി എസ്.എച്ച്.ഒ. ഗോപകുമാര്‍, എസ്.ഐ.മാരായ അലോഷ്യസ് അലക്‌സാണ്ടര്‍, ഫിലിപ്പോസ്, സിവില്‍ പോലീസ് ഓഫീസര്‍ അനൂപ് എന്നിവരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. അഭിഭാഷകന്‍ ആശുപത്രിയില്‍ കാട്ടിക്കൂടിയ അക്രമം ദൃശ്യങ്ങളടക്കം പുറത്ത് വന്നിട്ടും കുറച്ച് അഭിഭാഷകര്‍ കൊടിപിടിച്ചിറങ്ങിയപ്പോള്‍ പണി കിട്ടിയത് പൊലീസിനാണ്. ഇങ്ങനെയുള്ള സാഹചര്യത്തിലാണ് ഉരുക്ക് മുഷ്ടിയുമായി അക്രമങ്ങളെ നേരിടാന്‍ ഹൈക്കോടതിയുടെ ആഹ്വാനം. രാഷ്ട്രീയ പാര്‍ട്ടികളുടെ ഗുണ്ടകളെ തൊട്ടാല്‍ പൊലീസിനും പൊള്ളും. ജീവിതകാലം മുഴുവന്‍ ഭരണം മാറിവരുന്നതിന് അനുസരിച്ച് മുട്ടന്‍പണികളും പിന്നാലെ പിന്നാലെ…

എസ്.ഐ മുതല്‍ ഡിവൈ.എസ്.പി വരെയുള്ളവരാണ് പൊലീസിന്റെ നട്ടെല്ലായി നിന്ന് സ്വയം നട്ടെല്ലൊടിക്കുന്നത്. ഒരിക്കലും തളരില്ലെന്നും നീതിയ്ക്കായി സ്വയം തീയാകുമെന്നും പ്രതിജ്ഞ ചെയ്തിറങ്ങിയവര്‍ പക്ഷേ, ഇപ്പോള്‍ അല്‍പം തളര്‍ച്ചയിലാണ്. കാരണം എന്തിനും ഏതിനും ആദ്യം പണികിട്ടുന്നത് ഈ മധ്യനിരക്കാര്‍ക്കാണ്. രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ഉന്നതരും നല്‍കുന്ന ചവിട്ടിനൊപ്പം ഡിപ്പാര്‍ട്ട്‌മെന്റിനുള്ളിലെ കുത്ത് കൊള്ളാനും വിധിക്കപ്പെട്ടത് ഇവരാണ്.

സീനിയറായ എസ് ഐ മാരിലെയും സി ഐ മാരിലെയും പത്തു ശതമാനം പേര്‍ക്ക് രണ്ട് ഇന്‍ക്രിമെന്റ് നല്കണമെന്നാണ് ചട്ടമെങ്കിലും വര്‍ഷങ്ങളായി കിട്ടാറില്ല. മറ്റ് ഡിപ്പാര്‍ട്ടുമെന്റുകളില്‍ പ്രമോഷന്‍ കൃത്യമായി നടപ്പാക്കുമ്പോഴാണ് സര്‍ക്കാരിന്റെ മുഖം മിനുക്കേണ്ട ഉത്തരവാദിത്വം കൂടിയുള്ള മധ്യനിര പോലീസിനോട് സര്‍ക്കാരിന്റെ ഇരട്ടത്താപ്പ്. നേരത്തെ എസ്.ഐമാര്‍ക്കു സ്റ്റേഷന്‍ ചുമതലയുണ്ടായിരുന്നപ്പോള്‍ ഉണ്ടായിരുന്നപ്പോള്‍ ഉള്ള വിലയല്ല, സി.ഐമാര്‍ എസ്.എച്ച്.ഒ ആകുകയും, തസ്തികയില്‍ തരം താഴ്ത്തപ്പെടുകയും ചെയ്തതോടെ ലഭിക്കുന്നത്. എസ്.ഐമാര്‍ പല്ലുകൊഴിഞ്ഞ സിംഹമായി മാറി. തസ്തികമാറിയെങ്കിലും പണിയില്‍ യാതൊരു മാറ്റവുമില്ല.

പൊലീസില്‍ ഏറ്റവും കൂടുതല്‍ അച്ചടക്ക നടപടിയ്ക്കു വിധേയരാകേണ്ടി വരുന്ന ഒരു വിഭാഗം എസ്.ഐയും സി.ഐയുമാണ്. ഏത് ആരോപണം ഉണ്ടായാലും, സ്റ്റേഷനിലെ എന്തു പ്രശ്നമുണ്ടായാലും ആദ്യം സര്‍ക്കാര്‍ സസ്പെന്റ് ചെയ്യാന്‍ നിര്‍ദേശിക്കുക സ്റ്റേഷന്‍ ചുമതലയുണ്ടായിരുന്ന എസ്.എച്ച്.ഒയെ ആണ്. ഇന്‍ക്രിമെന്റും, മറ്റ് ആനൂകൂല്യങ്ങളും മറ്റു വകുപ്പുകളില്‍ എല്ലാം കൃത്യമായി ലഭിക്കുമ്പോള്‍ 24 മണിക്കൂറും ഏഴു ദിവസവും 30 ദിവസവും മഴ ആയാലും വെയിലായാലും മഞ്ഞായാലും പരാതിയില്ലാതെ വരിനിന്ന് പണിയെടുക്കുന്ന പൊലീസിനു മാത്രം ഇതൊന്നും ബാധകമല്ല.

ജോലിഭാരവും ‘പണി’കിട്ടലും കാരണം ആത്മഹത്യ ചെയ്ത പൊലീസുകാരുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണ്. ദിവസവും പല പ്രശ്‌നങ്ങള്‍ കേട്ടും കണ്ടും കടന്ന് പോകുന്ന സാധാരണ പൊലീസ് ഉദ്യോഗസ്ഥന് കൃത്യമായ കൗണ്‍സലിംഗ് പോലും ലഭിക്കാറില്ല. മാനസികാരോഗ്യം ഇത്രയധികം കുഴപ്പത്തിലാക്കുന്ന മറ്റൊരു തൊഴില്‍ മേഖല കാണില്ല. കൃത്യമായി ശമ്പളം വാങ്ങിയട്ടല്ലേ എന്നൊക്കെ പറയാന്‍ എളുപ്പമാണ്. പക്ഷേ, കളത്തിലിറങ്ങിയാലേ കാക്കിക്കുള്ളില്‍ കരയുന്നവരെ കാണാനാകൂ.

ജനത്തിനും സര്‍ക്കാരിനും ഇടയില്‍ കണ്ണാടി പോലെ പ്രവര്‍ത്തിക്കുന്നവരാണ് പൊലീസുകാര്‍. സര്‍ക്കാര്‍ എറിഞ്ഞാലും, ജനം എറിഞ്ഞാലും പൊട്ടുന്നത് ഈ കണ്ണാടി തന്നെയാണ്..!