പൊലീസുകാർ പണിയെടുത്തു മരിക്കുന്നു: കേരളത്തിലെ കാക്കിക്കാരുടെ കഴുത്തിൽ കൊലക്കയർ; അഞ്ചു വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 65 പേർ..!

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: കാക്കിയണിഞ്ഞ് ജോലിയ്ക്കിറങ്ങുന്ന പൊലീസുകാർ പണിയെടുത്ത് ചാകുന്നു..! പൊലീസ് ഉദ്യോഗസ്ഥരുടെ മാനസിക സമ്മർദം എത്രത്തോളം വലുതാണെന്ന് തെളിയിക്കുന്നതാണ് ഉദ്യോഗസ്ഥരിലെ ആത്മഹത്യയുടെ തോത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 65 പൊലീസുകാരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. ഈ വർഷം ഇതുവരെ മാത്രം 11 പൊലീസുകാരും ജീവനൊടുക്കി. കഴിഞ്ഞ ഒരു മാസത്തിനിടെ ഒരു വനിതാ ഉദ്യോഗസ്ഥ അടക്കം പൊലീസുകാരാണ് ജില്ലയിൽ മരിച്ചത്.
കഴിഞ്ഞ അഞ്ചു വർഷം ആത്മഹത്യ ചെയ്ത പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം ഇങ്ങനെയാണ് 2014 – ഒമ്പത് പേർ, 2015 – അഞ്ച്, 2016 – 13, 2017 – 14, 2018 – 13, 2019 -ൽ ഇതുവരെ 11 പേർ. നിലവിൽ 18 ലക്ഷം കേസുകളാണ് സംസ്ഥാനത്തിലുള്ളത്. 15000 പോലീസ് ഉദ്യോഗസ്ഥർ മാത്രമാണ് ഈ കേസുകൾ അന്വേഷിക്കുന്നതിനായി ഉള്ളത്. ഈ ഉദ്യോഗസ്ഥർ 24 മണിക്കൂർ അന്വേഷിച്ചാലും കാൽ ഭാഗം കേസുകൾ പോലും തീർപ്പാകില്ല. നിയമപാലനവും കേസ് അന്വേഷണവും കൂടാതെ വി ഐ പി സുരക്ഷയും ദുരന്തമുഖത്തെ രക്ഷാപ്രവർത്തനങ്ങളും അടക്കമുള്ള മറ്റ് ജോലികളും കൂടി എത്തുമ്‌ബോൾ ഉദ്യോഗസ്ഥരുടെ ജോലി ഭാരം വർധിക്കുകയും ചെയ്യുന്നു.
അമിത ജോലിഭാരം, മാനസിക സമ്മർദ്ദം, മേലുദ്യോഗസ്ഥരിൽ നിന്നുള്ള ഭീഷണിയും പീഡനവും ഒക്കെയാണ് ഉദ്യോഗസ്ഥരെ ജീവിതം അവസാനിപ്പിക്കാൻ നയിക്കുന്നതെന്നാണ് കരുതുന്നത്. അടിയന്തരമായി പ്രശ്നപരിഹാര നിർദ്ദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള എട്ടു മണിക്കൂർ ഷിഫ്റ്റ് കർശനമാക്കുക, 500 ആളുകൾക്ക് ഒരു പോലീസ് എന്ന അനുപാതത്തിൽ നിയമനം നടത്തുക തുടങ്ങിയ നിർദ്ദേശങ്ങൾ ഇനിയും പാലിക്കപ്പെട്ടിട്ടില്ല. ശാസ്ത്രീയ അന്വേഷണ സംവിധാനങ്ങൾ എല്ലാ ജില്ലകളിലും നടപ്പാക്കുക എന്ന ആവശ്യവും നടപ്പിലായിട്ടില്ല.