play-sharp-fill
ആന അണ്ടർ പൊലീസ് കസ്റ്റഡി..! കാട്ടിൽ നിന്ന് പന മോഷ്ടിച്ചു: പാപ്പാനും ആനയും പൊലീസ് കസ്റ്റഡിയിൽ

ആന അണ്ടർ പൊലീസ് കസ്റ്റഡി..! കാട്ടിൽ നിന്ന് പന മോഷ്ടിച്ചു: പാപ്പാനും ആനയും പൊലീസ് കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ

കോഴിക്കോട്: ആന അണ്ടർ പൊലീസ് കസ്റ്റഡി.! പനം പട്ട മോഷ്ടിച്ച കേസിലാണ് കൊമ്പനാനയും രണ്ട് പാപ്പാന്മാരുടെ പൊലീസ് കസ്റ്റഡിയിലായത്. കാട്ടിൽക്കയറി ഒൻപത് പനയോലകൾ മോഷ്ടിച്ച കേസിലാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. പിടികൂടിയ ആനയെ പിന്നീട് ഉടമസ്ഥന് വിട്ടു നൽകി.
കുഴൂർ സ്വാമിനാഥൻ എന്ന ആനയെയാണ് ഉടമസ്ഥനായ കയ്പമംഗലം മഞ്ചേരി വീട്ടിൽ ഗോപിനാഥന് വനംവകുപ്പ് കൈമാറിയത്. കേസിന്റെ ആവശ്യത്തിനായി എപ്പോൾ ആവശ്യപ്പെട്ടാലും സ്വന്തം ചെലവിൽ സ്റ്റേഷനിലോ കോടതിയിലോ എത്തിക്കണമെന്ന വ്യവസ്ഥയിലാണ് ആനയെ വിട്ടുനൽകിയത്.
പട്ടിക്കാട് വനം റേഞ്ച് ഓഫീസിനു കീഴിലുള്ള പട്ടിക്കാട് തേക്കിൻ കൂപ്പിനുള്ളിൽനിന്ന് ഒമ്പത് പനകൾ മുറിച്ചുകടത്തിയതിന് പാപ്പാന്മാർ ഉൾപ്പെടെ നാലുപേരെ വെള്ളിയാഴ്ചയാണ് വനംവകുപ്പ് അധികൃതർ പിടികൂടിയത്.
തടി വനത്തിൽനിന്ന് നീക്കംചെയ്യാൻ പാപ്പാന്മാർ ഉപയോഗിച്ച ഉപകരണം എന്ന നിലയിലാണ് ആനയെ കസ്റ്റഡിയിലെടുത്തതെന്ന് അധികൃതർ പറഞ്ഞു.
ആനയെ തളയ്ക്കാനും മറ്റുമായി വഴുക്കുംപാറയിലെ വനംവകുപ്പ് ഓഫീസ് പരിസരം സജ്ജമാക്കിയിരുന്നതായി അധികൃതർ പറയുന്നു.
രാവിലെ ഒമ്പതു മണിവരെ സ്റ്റേഷൻ പരിസരത്തും അതിനുശേഷം വെയിലിന് ചൂട് കൂടുന്നത് അനുസരിച്ച് സമീപത്തെ കാട്ടിലുമാണ് ആനയെ തളച്ചതെന്നും അവർ പറഞ്ഞു.
ആനയ്ക്ക് ആവശ്യമായ പനമ്പട്ടകളും ശുദ്ധജലവും നേരത്തെ തന്നെ സംഭരിച്ചുവെച്ചിരുന്നതായും ഒരു ദിവസത്തേക്ക് താത്കാലിക പാപ്പാനെ ഏർപ്പെടുത്തിയിരുന്നതായും അധികൃതർ അവകാശപ്പെട്ടു. ആനയുടെ ഉടമസ്ഥാവകാശവും മറ്റു രേഖകളും തൃശ്ശൂർ സാമൂഹികവനവത്കരണ വിഭാഗം അടുത്തദിവസം പരിശോധിക്കും.
ആൽപ്പാറ സ്വദേശി പാട്ടത്തിനെടുത്തതാണ് കുഴൂർ സ്വാമിനാഥൻ എന്ന ആന.കഴിഞ്ഞ വ്യാഴാഴ്ച അധികൃതർ നടത്തിയ പരിശോധനയിലാണ് മോഷണം സ്ഥിരീകരിച്ചത്.
കാട്ടാനയില്ലാത്ത ഈ ജനവാസമേഖലയിൽ ആനയുടെ സാന്നിധ്യം കണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് സംഭവം വ്യക്തമായത്.