സംസ്ഥാനത്ത് 1129 പോലീസുകാര്‍ ക്രിമിനൽ കേസുകളിലെ പ്രതി ; നടപടി എന്തായെന്ന് മനുഷ്യാവകാശ കമ്മീഷന്‍
സ്വന്തംലേഖകൻ
തിരുവനന്തപുരം: ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 1129 പോലീസുകാര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ അടിയന്തരമായി അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട പോലീസുകാര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന് നേരത്തേ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിറക്കിയിരുന്നു.
ക്രിമിനല്‍ കേസുകളില്‍ പ്രതികളായ പോലീസുകാര്‍ക്കെതിരെ കേരള പോലീസ് ആക്ടിലെ സെക്ഷന്‍ 86 പ്രകാരം നടപടിയെടുക്കാന്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. വിവരാവകാശ പ്രവര്‍ത്തകനായ അഡ്വ.ഡി.ബി.ബിനുവിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 2018 ഏപ്രില്‍ 12-നാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി.മോഹന്‍ദാസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കിയത്.
ഒരു വര്‍ഷം കഴിഞ്ഞിട്ടും കമ്മീഷന്‍ ഉത്തരവില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കച്ചിട്ടുണ്ടെന്ന് പോലീസ് മേധാവി കമ്മീഷനെ അറിയിച്ചിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.