
വേഷം മാറി ചൂതാട്ടകേന്ദ്രങ്ങളില്‍ എസ്.ഐ.യുടെ പരിശോധന; മൂന്നിടങ്ങളിൽ നിന്നായി പിടിച്ചെടുത്തത് 18,000 രൂപ; രണ്ട് പേരെ അറസ്റ്റ് ചെയ്തു
സ്വന്തം ലേഖിക
കാസര്‍കോട് : വേഷം മാറി ചൂതാട്ടകേന്ദ്രങ്ങളില്‍ എസ്.ഐ.യുടെ പരിശോധന.
മൂന്നിടങ്ങളില്‍ നിന്നായി 18,000 രൂപ പിടിച്ചെടുത്തു. ഒറ്റനമ്പര്‍ ചൂതാട്ടത്തിന് നേതൃത്വം നല്‍കുന്ന സംഘത്തിലെ പ്രധാനികളായ രണ്ടുപേരെ അറസ്റ്റ് ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൊസങ്കടിയിലെ റസാഖ് (35), കടമ്പാറിലെ അശ്വിന്‍ (28) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മഞ്ചേശ്വരം എസ്.ഐ. എന്‍.പി.രാഘവനാണ് കാക്കി യൂണിഫോമിനു പകരം ബനിയനും ലുങ്കിയും സാധാരാണ തൊപ്പിയുമിട്ട് വേഷം മാറിയെത്തി ഹൊസങ്കടിയിലെ ഒറ്റനമ്പര്‍ ചൂതാട്ടകേന്ദ്രം, മിയാപ്പദവ് കൊമങ്കളം, ഹൊസങ്കടി കടമ്പാര്‍ എന്നിവിടങ്ങളിലെ മഡ്ക, ചീട്ടുകളി കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയത്.
ഹൊസങ്കടി കേന്ദ്രീകരിച്ച് ചൂതാട്ടസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന പരാതി വ്യാപകമായതോടെ പ്രദേശത്ത് പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്ക്ക് പൊലീസ് എത്തുമ്പോഴേക്കും കേന്ദ്രത്തിന് സമീപത്തായി തമ്പടിച്ചിരിക്കുന്ന ഏജന്റുമാര്‍ മുഖേന വിവരമറിഞ്ഞ് ചൂതാട്ടസംഘം രക്ഷപ്പെടും.
ഇതിനാലാണ് എസ്.ഐ. തന്നെ വേഷംമാറി പരിശോധനയ്ക്കെത്തിയത്. ഹൊസങ്കടിയിലെ സൂപ്പര്‍ മാര്‍ക്കറ്റിനു സമീപം വാടകയ്ക്കെടുത്ത മുറി കേന്ദ്രീകരിച്ചാണ് ഒറ്റനമ്പര്‍ ചൂതാട്ടകേന്ദ്രം പ്രവര്‍ത്തിക്കുന്നത്.
ഇവിടേക്കാണ് മഞ്ചേശ്വരം എസ്.ഐ. പോലീസ് ജീപ്പ് ദുരെ നിര്‍ത്തി കാല്‍നടയായി വേഷം മാറിയെത്തിയത്. ചൂതാട്ടകേന്ദ്രത്തിലെത്തിയത് എസ്.ഐ.യാണെന്ന് അറിഞ്ഞതോടെ ഇവിടെ വാതുവെപ്പിനെത്തിയവര്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.