play-sharp-fill
ഗ്യാസിന്റെ സബ്‌സിഡി കിട്ടാൻ സ്വർണമാലയുടെ തൂക്കം അറിയണം: കാറിലെത്തിയ തട്ടിപ്പുകാർ വയോധികയുടെ മാലയുമായി കടന്നു; കോട്ടയം അയ്മനത്ത് തട്ടിപ്പ് നടത്തിയ ഗ്യാസ് ഏജൻസിയിൽ നിന്നെന്ന് പറഞ്ഞെത്തിയ രണ്ടംഗ സംഘം; കവർന്നത് രണ്ടര പവന്റെ മാല; പ്രതികളുടെ രേഖാചിത്രം പുറത്തു വിട്ടു

ഗ്യാസിന്റെ സബ്‌സിഡി കിട്ടാൻ സ്വർണമാലയുടെ തൂക്കം അറിയണം: കാറിലെത്തിയ തട്ടിപ്പുകാർ വയോധികയുടെ മാലയുമായി കടന്നു; കോട്ടയം അയ്മനത്ത് തട്ടിപ്പ് നടത്തിയ ഗ്യാസ് ഏജൻസിയിൽ നിന്നെന്ന് പറഞ്ഞെത്തിയ രണ്ടംഗ സംഘം; കവർന്നത് രണ്ടര പവന്റെ മാല; പ്രതികളുടെ രേഖാചിത്രം പുറത്തു വിട്ടു

സ്വന്തം ലേഖകൻ

കോട്ടയം: ഗ്യാസിന്റെ സബ്‌സിഡി ലഭിക്കാൻ സ്വർണമാലയുടെ തൂക്കം അറിയണമെന്നാവശ്യപ്പെട്ട് വീട്ടിലെത്തിയ സംഘം വയോധികയുടെ രണ്ടര പവന്റെ സ്വർണമാലയുമായി കടന്നു. മകന്റെ സുഹൃത്തുക്കളാണെന്ന് പരിചയപ്പെടുത്തിയെത്തിയ സംഘമാണ് 83 കാരിയായ വയോധികയുടെ മാലയുമായി കവർന്നത്. സംഭവത്തിൽ ഉൾപ്പെട്ടവരെന്ന് സംശയിക്കുന്ന രണ്ടു പേരുടെ രേഖാ ചിത്രം പൊലീസ് പുറത്തു വിട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെ അയ്മനത്തു നിന്നും പുത്തൻതോടിന് പോകുന്ന വഴിയിലെ കല്ലുങ്കത്ര വട്ടക്കാട്ട് വീട്ടിലായിരുന്നു തട്ടിപ്പ് നടന്നത്. ഇവിടെയുണ്ടായിരുന്ന ജാനകിയുടെ (83) സ്വർണമാലയാണ് തട്ടിപ്പ് സംഘം കവർന്ന് മുങ്ങിയത്. ഇവരുടെ ഇളയ മകൻ പ്രമോദ് സ്വകാര്യ ബസിലെ കണ്ടക്ടറാണ്. പ്രമോദിനും, ഭാര്യക്കുമൊപ്പമാണ് ജാനകി താമസിക്കുന്നത്. ഇരുവരും പുറത്തു പോയ സമയത്ത് കാറിലെത്തിയ രണ്ടംഗ സംഘം ഗ്യാസ് അടുപ്പുമായി വീട്ടിലേയ്ക്ക് കയറുകയായിരുന്നു. ഗ്യാസ് കണക്ഷൻ പരിശോധിക്കണമെന്നും, പ്രഷർകുക്കൽ വിൽക്കാനുണ്ടെന്നും അറിയിച്ചാണ് സംഘം എത്തിയത്. പ്രദേശത്തെ പല വീടുകളിലും കയറിയിറങ്ങിയ സംഘം ഇവിടെയെല്ലാം പ്രമോദിന്റെ വീട് ഏതാണെന്ന് തിരക്കിയിരുന്നു. ഇതേ തുടർന്നാണ് ഇവർ പ്രമോദിന്റെ വീട്ടിലെത്തിയത്.
ഈ സമയം ജാനകി മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. ജാനകിയോട് റേഷൻ കാർഡും, ആധാർ കാർഡും മറ്റു രേഖകളുമായി എത്താൻ പ്രതികൾ ആവശ്യപ്പെട്ടു. ഇത് അനുസരിച്ച് ഈ രേഖകൾ സഹിതം ഇവർ എത്തി. രേഖകൾ പരിശോധിക്കുന്നതിനിടെ സബ്‌സിഡി ലഭിക്കണമെങ്കിൽ കഴു്ത്തിൽകിടക്കുന്ന സ്വർണത്തിന്റെ തൂക്കം അറിയേണ്ടതുണ്ടെന്ന് പ്രതികൾ ജാനകിയെ അറിയിച്ചു. ഇത് അനുസരിച്ച് ജാനകി സ്വർണ മാല ഊരി നൽകി. ഇതോടെ പ്രതികൾ മാലയുമായി സ്ഥലം വിട്ടു. പ്രതികൾ മുങ്ങിയതോടെയാണ് താൻ തട്ടിപ്പിന് ഇരയായതായി ഇവർക്ക് മനസിലായത്. തുടർന്ന് ഇവർ ബഹളം വച്ചതോടെ സംഭവ സ്ഥലത്ത് നാട്ടുകാരും കൂടി. നാട്ടുകാർ വിവരം അറിയിച്ചതോടെ പൊലീസ് എത്തി ജാനകിയുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്തു.
വെള്ള സാൻട്രോ കാറിലാണ് രണ്ടംഗ സംഘം അയ്മനത്ത് എത്തിയത്. ഇവർക്ക് ഏകദേശം 25 മുതൽ 30 വരെ പ്രായമുണ്ടെന്നാണ് വ്യക്തമാകുന്നത്. കാറിന്റെ നമ്പർ അടക്കമുള്ള വിശദാംശങ്ങൾ സഹിതം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ തട്ടിപ്പിന് ഇരയായ ജാനകിയുടെയും സമീപവാസികളുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസിലെ ആർട്ടിസ്റ്റ് രാജേഷ് മണിമല പ്രതികളുടേതെന്ന് കരുതുന്ന രേഖാചിത്രം തയ്യാറാക്കിയിട്ടുണ്ട്. രണ്ടു പ്രതികളെപ്പറ്റിയും അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്. പ്രതികളെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ കോട്ടയം വെസ്റ്റ് പൊലീസിൽ വിവരം അറിയിക്കുക. വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫസർ സിഐ – 9497987072. എസ്‌ഐ വെസ്റ്റ് – 9497980328. പൊലീസ് സ്റ്റേഷൻ – 0481 2567210.