
മതിയായ രേഖകളില്ലാതെ സ്വിഫ്റ്റ് കാറിൽ കടത്തിയത് 21.45 ലക്ഷം രൂപ; പൊതുമരാമത്ത് വകുപ്പിലെ കരാറുകാരൻ പിടിയിൽ
സ്വന്തം ലേഖകൻ
കാസർകോട്: മതിയായ രേഖകളില്ലാതെ 21.45 ലക്ഷം രൂപ കാറിൽ കടത്തുകയായിരുന്ന പൊതുമരാമത്ത് വകുപ്പ് കരാറുകാരനെ ബദിയടുക്ക പോലീസ് പിടികൂടി. നായന്മാർമൂല പാണലം സ്വദേശിയും കരാറുകാരനുമായ യു എ ഹക്കിമിനെ (42) യാണ് ബദിയടുക്ക എസ്ഐ കെ പി വിനോദ് കുമാറും സംഘവും പിടികൂടിയത്. ഹക്കിമിനെയും പണം കടത്താൻ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
നെല്ലിക്കട്ട ഗുരുനഗറിലെ ടർഫ് കോർട്ടിന് സമീപം വെച്ച് തിങ്കളാഴ്ച വൈകുന്നേരം നാലരയ്ക്കാണ് സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന പണം പോലീസ് പിടിച്ചെടുത്തത്. പ്രതിയെ ചൊവ്വാഴ്ച രാവിലെ കാസർകോട് കോടതിയിൽ ഹാജരാക്കും. എസ്ഐ വിനോദ് കുമാറിനൊപ്പം എസ്ഐ ലക്ഷ്മി നാരായണനും പോലീസ് ഉദ്യോഗസ്ഥരായ ചന്ദ്രകാന്ത്, വർഗീസ് എന്നിവരും കുഴൽപ്പണം പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
കഴിഞ്ഞ ഒരു മാസത്തിനിടെ പോലീസ് ഒരു കോടിയിലധികം രൂപയുടെ കള്ളപ്പണം പിടികൂടിയിട്ടുണ്ട്. ഈ മാസം രണ്ടിന് സ്‌കൂട്ടറിൽ കടത്തുകയായിരുന്ന 30 ലക്ഷം രൂപയുടെ കുഴൽപ്പണം പിടിച്ചെടുത്തിരുന്നു. സംഭവത്തിൽ ചെമ്മനാട് സ്വദേശി ഹബീബിനെ കാസർകോട് ടൗൺ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞമാസം 17ന് കാസർകോട് ജില്ലയിലെ മൂന്നു സ്ഥലങ്ങളിൽനിന്ന് 57 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടിയിരുന്നു. നീലേശ്വരത്തും കാസർകോട് നഗരത്തിലും പുലിക്കുന്നിലും വെച്ചാണ് പണം പിടികൂടിയത്.