പൊലീസിനെ സീറ്റ് ബെൽറ്റ് ധരിപ്പിച്ച് ബൈക്ക് യാത്രക്കാരന്റെ ഷോ..! യുവാവ് എത്തിയത് അതിവേഗം പായുന്ന ഡ്യൂക്ക് ബൈക്കിൽ; പൊലീസിനെതിരെ ആയതിനാൽ വീഡിയോയും വൈറലായി

Spread the love
സ്വന്തം ലേഖകൻ
ആലപ്പുഴ: പൊലീസിനെതിരെ ആർക്കും എന്തും പറയാം, പ്രവർത്തിക്കാം. പൊലീസിന്റെ പുറത്ത് കുതിരയും കയറാം..! സോഷ്യൽ മീഡിയയിൽ പൊലീസ് വിരുദ്ധ പോസ്റ്റുകൾക്ക് കട്ട സപ്പോര്ട്ടുമാണ് കിട്ടുന്നത്. ഇത് തന്നെയാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആലപ്പുഴയിൽ നിന്നും പുറത്ത് വന്ന വീഡിയോയും പറയുന്നത്. ബൈക്കിൽ ഹെൽമറ്റിൽ ക്യാമറയും വച്ച് അതിവേഗം പാഞ്ഞെത്തിയ ചെത്തുപയ്യൻ പൊലീസുദ്യോഗസ്ഥൻ സീറ്റ് ബെൽറ്റ് ധരിക്കാതെ സാവധാനം ബൈക്ക് ഓടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.
പൊലീസിന്റെ നിയമലംഘനത്തെ ചോദ്യം ചെയ്യാനായി യുവാവ് എത്തിയതാണ് മണിക്കൂറിൽ നൂറിനു മുകളിൽ ഒറ്റ ഗിയറിൽ തന്നെ പായുന്ന ഡ്യൂക്ക് ബൈക്കിലും. തൊട്ടാൽ പറക്കുന്ന ഡ്യൂക്കിലിരുന്ന, പാവം പൊലീസുകാരൻ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് രോഷാകുലനാകുകയാണ് ആ ചെറുപ്പക്കാരൻ.
സ്‌കോട്ട്‌ലൻഡ് യാർഡിന്റെ സേവനമാണ് കേരളത്തിലെ പൊലീസിൽ നിന്നും ആളുകൾ പ്രതീക്ഷിക്കുന്നത്. പക്ഷേ, തിരിച്ച ആളുകൾ പൊലീസിനു നൽകുന്നത് തനി തൊട്ടി പ്രതികരണവും. ഇന്ന് സംസ്ഥാനത്തെ പൊലീസ് സേനയിലുള്ളതിൽ യുവാക്കളിൽ 90 ശതമാനവും മികച്ച ബിരുദ്ധ ധാരികളും അഭ്യസ്ഥവിദ്യരുമാണ്. പൊലീസിനെ തൊഴിലായി കണ്ട് വളരെ മാന്യമായാണ് ഇവരിൽ പലരും പണിയെടുക്കുന്നതും. എന്നാൽ, പൊലീസുകാരെല്ലാം ഇതേ രീതിയിലാണെന്നാണ് ഇപ്പോഴത്തെ ട്രോളിംങ് സംഘത്തിന്റെ പ്രചാരണം.
പൊലീസ് വാഹനത്തിന് പിന്നാലെ സഞ്ചരിക്കുന്ന ബൈക്കിൽ ഘടിപ്പിച്ചിരിക്കുന്ന ആക്ഷൻ കാമറയിലൂടെയാണ് യുവാവ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. ബൈക്കുകാരൻ മുന്നിൽ കയറി പൊലീസുകാരോട് സാറേ സീറ്റ് ബെൽറ്റൊക്കെ ഇടാം എന്ന് പറയുന്നുണ്ട്. പിന്നീടും പല തവണ ചോദ്യം ആവർത്തിച്ച ശേഷം ജീപ്പിന് കുറുകെ ബൈക്ക് വച്ച ശേഷം ഡ്രൈവറെ സീറ്റ് ബെൽറ്റ് ധരിപ്പിച്ചിട്ടാണ് യുവാവ് ജീപ്പ് മുന്നോടു വിടുന്നത്. പൊലീസ് വാഹനം എവിടെ പോകുന്നു എന്തിനു പോകുന്നു എന്നുള്ള കാര്യങ്ങളൊന്നും തിരക്കാതെ, സ്വന്തം ഷോ കാണിക്കലിനു വേണ്ടി നിയമപാലകരെ ക്യാമറയ്ക്കു മുന്നിൽ നിർത്തി അപമാനിക്കുകയാണ് യഥാർത്ഥത്തിൽ ആ ചെറുപ്പക്കാരൻ ചെയ്തത്.
നിരത്തിൽ നിയമം പാലിക്കേണ്ടവരിൽ 90 ശതമാനവും ഇതൊന്നും പാലിക്കാതെ തോന്നും പടിയാണ് വാഹനം ഓടിക്കുന്നത്. എന്നിട്ടാണ്, ഈ നിയമങ്ങൾ പാലിക്കുന്നത് പരിശോധിക്കുന്ന പൊലീസിനെ പഴി പറയുന്നത്.
സംഭവത്തിൽ ബൈക്ക് ഓടിച്ച യുവാവിനെതിരെ കൊല്ലം അഴീക്കൽ ശ്രായിക്കാട് കുന്നുംപുറം വീട്ടിൽ എ.അനീഷ് പൊലീസിനു പരാതി നൽകിയിട്ടുണ്ട്. പൊലീസ് വാഹനം റോഡിൽ തടഞ്ഞ് ഗതാഗതക്കുരുക്കുണ്ടാക്കിയതനെതിരെയാണ് ഇയാൾ പരാതി നൽകിയിരിക്കുന്നത്. ആലപ്പുഴ കളക്ടറേറ്റിനു എതിർവശം വോൾഗോ ടെയ്‌ലേഴ്‌സിനു മുന്നിൽ വച്ചാണ് യുവാവ് കേരള പൊലീസിന്റെ കെ.എൽ 01 ബിആർ 9471 നമ്പർ രജിസ്‌ട്രേഷനിലുള്ള ബൈക്ക് തടഞ്ഞത്. ഇയാൾ വാഹനം തടയുകയും പൊലീസ് ഉദ്യോഗസ്ഥനെ സീറ്റ് ബെൽറ്റ് ധരിപ്പിക്കുകയും ചെയ്തതിലൂടെ പൊലീസുകാരുടെ ജോലി തടസപ്പെടുത്തുകയും, വാഹനഗതാഗതം തടസപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ഇത് ചിത്രീകരിച്ച് സോഷ്യൽ മീഡിയയിലൂടെ പരസ്യപ്പെടുത്തുന്നതിലൂടെ സമൂഹമധ്യത്തിൽ പൊലീസിനെ അപമാനിക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു. ഈ സാഹചര്യത്തിൽ യുവാവിനെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ അനീഷ് ആവശ്യപ്പെടുന്നു.