ബ്രെത്തലൈസറിൽ ഊതണമെന്ന് എസ് ഐ, പറ്റില്ലെന്ന് സിപിഎം കൗൺസിലർ; ചങ്ങനാശേരിയിൽ സിപിഎം നേതാവും എസ്ഐയും തമ്മിൽ കയ്യാങ്കളിയും സംഘർഷവും; ഒരു മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു; രണ്ട് പേരും ആശുപത്രിയിൽ

Spread the love

കോട്ടയം: നടുറോഡിൽ സിപിഎം നേതാവും പ്രബേഷൻ എസ്ഐയും തമ്മിൽ സംഘർഷം.
ബ്രെത്തലൈസറിൽ ഊതിക്കുന്നതിനെച്ചൊല്ലിയാണ് സംഘർഷമുണ്ടായത്.

നടുറോഡിൽ നടന്ന സംഘർഷത്തെ തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. സിപിഎം പ്രവർ‌ത്തകർ സംഘടിച്ചെത്തിയതോടെ ഒടുവിൽ പൊലീസിനു മടങ്ങേണ്ടിവന്നു. പരുക്കേറ്റ എസ്ഐ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ഇവിടേക്കും സിപിഎം, എസ്എഫ്ഐ പ്രവർത്തകർ സംഘടിച്ചെത്തി. അതോടെ എസ്ഐ സ്വകാര്യ ആശുപത്രിയിലേക്ക് മാറി.

ചങ്ങനാശേരി പൊലീസ് സ്റ്റേഷനിൽനിന്ന് 700 മീറ്റർ മാത്രം അകലെ വാഴൂർ റോഡിൽ സെൻട്രൽ ജംക്‌ഷനു സമീപം വെള്ളിയാഴ്ച രാത്രി 8.30ന് ആയിരുന്നു സംഭവം. സിപിഎം ഏരിയ കമ്മിറ്റി അംഗവും നഗരസഭാ കൗൺസിലറുമായ പി.എ.നിസാറും എസ്ഐ ടിനുവും തമ്മിലാണു സംഘർഷമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡിൽ ബ്രെത്തലൈസർ ഉപയോഗിച്ചു പരിശോധന നടത്തുകയായിരുന്നു ടിനു. സിപിഒമാരായ രഞ്ജിത്, ഷെഫീക് എന്നിവരും ഒപ്പമുണ്ടായിരുന്നു. ഇതുവഴി ബൈക്കിലെത്തിയ നിസാറിനോടു യന്ത്രത്തിലേക്ക് ഊതാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം ഊതാൻ തയാറായില്ല. മെഷീൻ തട്ടിത്തെറിപ്പിക്കുകയും ചെയ്തു. തുടർന്നു വാക്കേറ്റവും സംഘർഷവുമുണ്ടായി. ഇതിനിടയിൽ ടിനുവിനു മർദനമേറ്റു. പിന്നാലെ, നാട്ടുകാരും പാർട്ടി പ്രവർത്തകരും സ്ഥലത്തു സംഘടിച്ചു. സിപിഎം നേതാക്കളും എത്തിയതോടെ പൊലീസിനു പിന്തിരിയേണ്ടി വന്നു.

സംഭവത്തിൽ നിസാറും എസ്ഐയും പരാതി നൽകിയതായി എസ്എച്ച്ഒ വിനോദ് കുമാർ പറഞ്ഞു. വാഹനം തടഞ്ഞുനിർത്തി പൊലീസ് തന്നെ കയ്യേറ്റം ചെയ്തെന്നും എസ്ഐ ടിനു മർദിച്ചെന്നും നിസാർ ആരോപിച്ചു