
പത്തനംതിട്ട: കുന്നംകുളത്തെയും പീച്ചിയിലെയും കസ്റ്റഡി മർദ്ദനത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി മുൻ എസ്‌എഫ്‌ഐ നേതാവ്.
എസ്‌എഫ്‌ഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റായിരുന്ന ജയകൃഷ്ണൻ തണ്ണിത്തോടാണ് 2012ലെ കസ്റ്റഡി മർദ്ദനത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വെളിപ്പെടുത്തല്‍.
ആലപ്പുഴ ഡിവൈഎസ്‌പിയും കോന്നി മുൻ സിഐയുമായ മധുബാബുവിനെതിരെയും ജയകൃഷ്ണന്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്. കാലിന്റെ വെള്ള അടിച്ചു പൊട്ടിച്ചെന്നും കണ്ണിലും ശരീരത്തിലും മുളക് സ്‌പ്രേ ചെയ്തു, ചെവിയുടെ ഡയഫ്രം അടിച്ചുപൊളിച്ചെന്നും ജയകൃഷ്ണന്റെ കുറിപ്പിലുണ്ട്.
ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്തെങ്കിലും ഇതുവരെ നടപ്പാക്കിയില്ലെന്നും യുവാവ് ആരോപിക്കുന്നു. തുടർനടപടിക്ക് ഉടൻ ഹൈക്കോടതിയെ സമീപിക്കാനാണ് ജയകൃഷ്ണൻ തീരുമാനിച്ചിരിക്കുന്നത്.