രേഷ്മാ നിഷാന്തും സംഘവും ശബരിമലയിൽ എത്തി: നീലിമലയിൽ പ്രതിഷേധിച്ച് പ്രതിഷേധക്കാർ; പൊലീസ് ബലം പ്രയോഗിച്ച് യുവതികളെ തിരിച്ചിറക്കി

രേഷ്മാ നിഷാന്തും സംഘവും ശബരിമലയിൽ എത്തി: നീലിമലയിൽ പ്രതിഷേധിച്ച് പ്രതിഷേധക്കാർ; പൊലീസ് ബലം പ്രയോഗിച്ച് യുവതികളെ തിരിച്ചിറക്കി

സ്വന്തം ലേഖകൻ

ശബരിമല: മണ്ഡലകാലത്തിനു മുൻപ് മാലയിട്ട് വൃതമെടുത്ത് എത്തിയ കണ്ണൂർ സ്വദേശി രേഷ്മ നിഷാന്തിനെയും സംഘത്തിനെയും നീലിമലയിൽ ഒരു വിഭാഗം പ്രതിഷേധക്കാർ തടയുകയായിരുന്നു. തുടർന്ന് പൊലീസ് ബലം പ്രയോഗിച്ച് രേഷ്മയെയും സംഘത്തെയും തിരിച്ചിറക്കി.
ഇവരെ നീലിമലയിൽ തടഞ്ഞു. പ്രതിഷേധവുമായി ഒരുകൂട്ടം ആളുകളാണ് യുവതികളെ തടഞ്ഞത്.
ബുധനാഴ്ച പുലർച്ചെയാണ് ഇരുവരും ശബരിമല ദർശനത്തിനായി പമ്പയിലെത്തിയത്. തുടർന്ന് മല ചവിട്ടി മുന്നോട്ട് പോയ യുവതികളെ പ്രതിഷേധക്കാർ തടയുകായിരുന്നു. പിൻമാറാൻ തയ്യാറല്ലെന്ന് ഇവർ പൊലീസിനെ നിലപാട് അറിയിച്ചു. എന്നാൽ മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. ശരണമന്ത്രം വിളികളുമായി പ്രതിഷേധക്കാർ ഇവരെ മുന്നോട്ട് പോകാൻ അനുവദിക്കാതെ വളഞ്ഞു. തുടർന്ന അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വ്രതം എടുത്താണ് ദർശനത്തിനായി എത്തിയതെന്ന് ഇവർ മാധ്യമങ്ങളോട് വിശദീകരിച്ചു. സ്ഥലത്ത് സംഘർഷാവസ്ഥ കണക്കിലെടുത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. നേരത്തെ രേഷ്മാ നിഷാന്ത് ശബരിമല ദർശനത്തിനായി എത്തിയിരുന്നു. പ്രതിഷേധത്തെ തുടർന്ന് മടങ്ങുകയായിരുന്നു
അഞ്ച് പേർ മാത്രമാണ് ആദ്യം യുവതികളെ തിരിച്ചറിഞ്ഞ് തടഞ്ഞത്. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്ത് യുവതികളുമായി മലകയറാൻ വീണ്ടും ശ്രമിച്ചു. എന്നാൽ പിന്നീട് കൂടുതൽ ഭക്തർ എത്തുകയായിരുന്നു. ആന്ധ്രയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും എത്തിയ ഭക്തരാണ് കൂടുതലും പ്രതിഷേധിക്കുന്നത്.
നീലിമല പിന്നിട്ട് മുന്നോട്ട് പോയാലും നിരവിധി പ്രതിഷേധകർ പലയിടങ്ങളിലായി സംഘടിച്ചിട്ടുണ്ടെന്നാണ് വിവരം. മകരജ്യോതിക്ക് പിന്നാലെ നിരോധനാഞ്ജ അവസാനിച്ചിരുന്നു, അതിനാൽ പോലീസിന് പ്രതിഷേധക്കാരെ ഒരു രീതിയിലും എതിർക്കാൻ സാധിക്കാത്ത നിലയാണ്.
അതേസമയം ഇപ്പോൾ ദർശനത്തിന് ശ്രമിക്കുന്നത് നല്ലതല്ലെന്ന് പോലീസ് യുവതികളെ അറിയിച്ചെന്നും തിരികെ പോകണമെന്ന് ആവശ്യപ്പെട്ടെന്നുമാണ് വിവരം. എന്നാൽ തിരികെ പോകാൻ തങ്ങൾ തയ്യാറല്ലെന്നും. മാലയിട്ട് വ്രതം നോറ്റ് വന്നത് തിരികെ പോകാനല്ലെന്നുമാണ് യുവതികളുടെ നിലപാട്.
തുടർന്ന് പൊലീസ് സംഘം യുവതികളുമായി ചർച്ച നടത്തി. മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിൽ യുവതികൾ മല കയറണമെന്ന നിലപാടിൽ ഉറച്ചു നിന്നു. തുടർന്ന് പൊലീസ് ഇടപെട്ട് യുവതികളെ ബലം പ്രയോഗിച്ച് തിരിച്ചിറക്കുകയായിരുന്നു.