കോട്ടയം നഗരത്തിൽ വീണ്ടും ട്രാൻസ്‌ജെൻഡർ വേഷം കെട്ടിയവരുടെ അഴിഞ്ഞാട്ടം: മദ്യലഹരിയിൽ നാഗമ്പടത്ത് നഗ്നതാ പ്രദർശനവും പരസ്യമായി അസഭ്യം പറയലും; പിടിയിലായ ആളെ ബലമായി പൊലീസിന്റെ കയ്യിൽ നിന്നും മോചിപ്പിച്ചു

കോട്ടയം നഗരത്തിൽ വീണ്ടും ട്രാൻസ്‌ജെൻഡർ വേഷം കെട്ടിയവരുടെ അഴിഞ്ഞാട്ടം: മദ്യലഹരിയിൽ നാഗമ്പടത്ത് നഗ്നതാ പ്രദർശനവും പരസ്യമായി അസഭ്യം പറയലും; പിടിയിലായ ആളെ ബലമായി പൊലീസിന്റെ കയ്യിൽ നിന്നും മോചിപ്പിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: നഗരമധ്യത്തിൽ നാഗമ്പടത്ത് വീണ്ടും ട്രാൻസ്‌ജെൻഡർ വേഷം കെട്ടിയ സാമുഹ്യ വിരുദ്ധ സംഘത്തിന്റെ അഴിഞ്ഞാട്ടം. മദ്യലഹരിയിൽ പരസ്യമായി അസഭ്യം പറയുകയും, നാട്ടുകാരെയും കട ഉടമകളെയും ആക്രമിക്കാൻ ശ്രമിക്കുകയും, പ്രതിരോധിച്ചവർക്കു നേരെ നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തു. ഒരു മണിക്കൂറോളം നാഗമ്പടത്ത് അഴിഞ്ഞാടിയ അക്രമി സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടിയെങ്കിലും, കൂട്ടാളികൾ ചേർന്ന് ബലമായി ഇവരെ പൊലീസ് വാഹനത്തിനുള്ളിൽ നിന്നും മോചിപ്പിച്ചു.
ബുധനാഴ്ച രാത്രി എട്ടരയോടെ നാഗമ്പടം ബസ് സ്റ്റാൻഡിനുള്ളിലായിരുന്നു അക്രമ സംഭവങ്ങൾ അരങ്ങേറിയത്. ട്രാൻസ്‌ജെൻഡർ വേഷം കെട്ടിയെത്തിയ രണ്ടു പേരും, ഒപ്പമുണ്ടായിരുന്ന യുവാവും ബസ് സ്റ്റാൻഡിനുള്ളിൽ വച്ച് പരസ്യമായി മദ്യപിക്കുകയായിരുന്നു. സ്റ്റാൻഡിനുള്ളിലുണ്ടായിരുന്ന കടക്കാരും, യാത്രക്കാരും ഇത് ചോദ്യം ചെയ്തു. സ്ത്രീകൾ അടക്കമുള്ള ഒരു പറ്റം യാത്രക്കാർ നിൽക്കുമ്പോഴായിരുന്നു ഇവരുടെ പരസ്യമദ്യപാനവും അതിക്രമവും. യാത്രക്കാർ ഇതിനെ ചോദ്യം ചെയ്തതോടെ അക്രമി സംഘം ഇവർക്കു നേരെ തിരിഞ്ഞു. ഇവരെ അസഭ്യം പറഞ്ഞ അക്രമികൾ, നഗ്നതാ പ്രദർശനം നടത്തി. ഒരു മണിക്കൂറോളം പ്രദേശത്തെ ആകെ ഭീതിയിൽ നിർത്തിയാണ് ഇവർ അഴിഞ്ഞാടിയത്. അസഭ്യം പറയുകയും, ആളുകൾക്കു നേരെ ചീറിയടുക്കുകയും ചെയ്ത അക്രമി സംഘം, ഒഴിഞ്ഞു മാറിയവരുടെ നേരെ മദ്യം തുപ്പുകയും ചെയ്തു.
ഇതോടെ നാഗമ്പടത്തെ വ്യാപാരികൾ പൊലീസിൽ വിവരം അറിയിച്ചു. പാഞ്ഞെത്തിയ പൊലീസ് സംഘം ഇവർക്കൊപ്പമുണ്ടായിരുന്ന പുരുഷനെ പിടികൂടി. ഇതോടെ പൊലീസിനു നേരെ തിരിഞ്ഞ ട്രാൻസ്‌ജെൻഡർ വേഷധാരികൾ ബലമായി ഇവരെ ജീപ്പിൽ നിന്നും പിടിച്ചിറക്കി. തുടർന്ന് ഇവിടെ നിന്ന് രക്ഷപെട്ട് പോകുകയായിരുന്നു.
ഒരിടവേളയ്ക്ക് ശേഷം നഗരം വീണ്ടും ട്രാൻസ്‌ജെൻഡർ വേഷധാരികളുടെ തട്ടിപ്പിന് ഇരയാകുന്നതാണ് ഇപ്പോൾ കാണുന്നത്. നേരത്തെ കെ.എസ്ആർടിസി സ്റ്റാൻഡിലും, ശാസ്ത്രി റോഡിലും, നാഗമ്പടത്തും ഇത്തരക്കാരുടെ ശല്യമുണ്ടായിരുന്നു. ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ പേരിലാണ് ഇപ്പോൾ ഇത്തരക്കിൽ തട്ടിപ്പ് നടത്തുന്നത്. ട്രാൻസ്‌ജെൻഡർ സമൂഹത്തെ അപമാനിക്കുന്ന രീതിയിൽ ലൈംഗിക തൊഴിലിൽ ഏർപ്പെടുകയും, ഭിക്ഷയെടുക്കുകയും ചെയ്യുകയാണ് ഇവർ. ഇവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ പൊലീസിനും ധൈര്യമില്ല. ട്രാൻസ്‌ജെൻഡറുകൾ ഏത് വ്യാജന്മാർ ഏത് എന്ന് തിരിച്ചറിയാനാവാത്തതാണ് പൊലീസിനെയും ഭയപ്പെടുത്തുന്നത്.