കുമാരനല്ലൂർ ക്ഷേത്രത്തിലെ കാണിക്കവഞ്ചി തകർത്ത സംഭവം: പ്രതി പൊലീസ് കസ്റ്റഡിയിൽ; പിടിയിലായത് സിസിടിവി ക്യാമറ ദൃശ്യങ്ങൾ കണ്ട് തിരിച്ചറിഞ്ഞ്
സ്വന്തം ലേഖകൻ
കോട്ടയം: കുമാരനല്ലൂർ ക്ഷേത്രത്തിലെ കാണിക്ക തകർത്ത കേസിലെ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രദേശത്തെ സിസിടിവി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ കയ്യിൽ നിന്നും കാണിക്കവഞ്ചിയിലെ വിഗ്രഹത്തിൽ അണിഞ്ഞിരുന്ന മാല കണ്ടെത്തിയിട്ടുണ്ട്. പ്രതി ഇതര സംസ്ഥാന തൊഴിലാളിയാണെന്നാണ് സൂചന. എന്നാൽ, ഇതു സംബന്ധിച്ചു പൊലീസ് സ്ഥിരീകരണം നൽകിയിട്ടില്ല. വൈകിട്ട് നാലുമണിയോടെ അറസ്റ്റ് ഉണ്ടാകുമെന്ന് ഡിവൈഎസ്പി ആർ.ശ്രീകുമാർ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.
ശനിയാഴ്ച പുലർച്ചെയോടെയാണ് അക്രമി എം.സി റോഡരികിൽ നിന്നും ഉള്ളിലേയ്ക്ക് കുമാരനല്ലൂർ മേൽപ്പാലത്തിന്റെ അടിയിലിരിക്കുന്ന കാണിക്കവഞ്ചി തകർത്തത്. കാണിക്കവഞ്ചി തകർക്കുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിൽ നിന്നും ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ നടന്ന മറ്റൊരു ബൈക്ക് മോഷണക്കേസിൽ ശനിയാഴ്ച രാവിലെ പ്രതിയെ ഗാന്ധിനഗർ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് ക്ഷേത്രത്തിലെ കാണിക്കവഞ്ചിയിലെ വിഗ്രഹത്തിലുണ്ടായിരുന്ന മാല പ്രതിയുടെ കയ്യിൽ നിന്നും കണ്ടെത്തിയത്. ഇതോടെയാണ് ഇയാൾ തന്നെയാണ് കാണിക്ക വഞ്ചി തകർത്തതെന്ന സംശയം പൊലീസിനുണ്ടായത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് അക്രമം നടത്തിയ സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങൾ തന്നെയാണ് കസ്റ്റഡിയിൽ എടുത്ത് സമയത്തും ധരിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് ഇയാളെ ഗാന്ധിനഗർ എസ്‌ഐ മനു എം നായരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുകയാണ്.
കാണിക്കവഞ്ചി തകർത്തതിന്റെ മറവിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ഒരു വിഭാഗത്തിന്റെ ശ്രമമാണ് പ്രതി അറസ്റ്റിലായതോടെ ഇല്ലാതായത്.