രാത്രി 12 മണിയോടെ എമർജൻസി നമ്പറായ 112 ൽ വിളിച്ചു; ലോഡ്ജിൽ പൂട്ടി ഇട്ടിരിക്കുകയാണെന്നും രക്ഷിക്കണമെന്നും അറിയിപ്പ്; പൊലീസെത്തിയതോടെ വൻ ട്വിസ്റ്റ്; ഒടുവിൽ പൊലീസിനെയും ഫയർഫോഴ്സിനെയും വട്ടം ചുറ്റിച്ച യുവാവ് പിടിയിൽ

Spread the love

ആലപ്പുഴ: എമർജൻസി കോൾ നമ്പരായ 112ൽ വിളിച്ച് പൊലീസിനെ വട്ടം ചുറ്റിച്ച യുവാവ് പിടിയിൽ. അമ്പലപ്പുഴ കരുമാടി പുത്തൻചിറയിൽ ധനീഷ് (33) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 23 ന് രാത്രി 12 മണിയോടെ എമർജൻസി നമ്പറായ 112 ൽ വിളിച്ച ധനീഷ് ഓച്ചിറ ലാംസി സൂപ്പർ മാർക്കറ്റിന് എതിർവശമുള്ള ലോഡ്ജിൽ തന്നെ പൂട്ടി ഇട്ടിരിക്കുകയാണെന്നും രക്ഷിക്കണമെന്നും അറിയിക്കുകയായിരുന്നു.

വിവരം ഉടൻ കായംകുളത്ത് പട്രോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന സംഘത്തിന് കൈമാറി. നിമിഷനേരത്തിനുള്ളിൽ വാഹനം അവിടെ എത്തി പരിശോധിച്ചു. എന്നാൽ ലോഡ്ജിന്റെ ഷട്ടർ അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. ലോഡ്ജിന്റ ചുമതലക്കാരനെ ബന്ധപ്പെടുവാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

തുടർന്ന് ഉദ്യോഗസ്ഥർ അവിടെ നിന്നും യുവാവിനെ ഫോണിൽ വിളിച്ചപ്പോൾ റൂമിൽ തന്നെ ഉണ്ടെന്നും പറഞ്ഞു. തുടർന്ന് പൊലീസ്, ഫയർ ഫോഴ്സിൻ്റെ സഹായം തേടി. സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് ഓഫീസർ ജയകുമാറിന്റെ നേതൃത്വത്തിൽ ഫയർ ഫോഴ്സ് സംഘം പൂട്ട് അറുത്തു മാറ്റി അകത്തു കടന്നു റൂമുകൾ പരിശോധിച്ചതിൽ ആരെയും കണ്ടെത്താൻ സാധിച്ചില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീണ്ടും 112 ൽ ഫോൺ വിളി ചെന്നതിനെ തുടർന്ന് അന്വേഷണം നടത്തിയ കായംകുളം പൊലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്‌പെക്ടർ രതീഷ് ബാബുവിന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം മറ്റൊരു ലോഡ്ജിൽ നിന്നും ധനീഷിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ധനീഷിനെതിരെ കായംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.