
അമ്പലപ്പുഴ : അമ്പലപ്പുഴ ദേശീയപാതയിലൂടെ രാത്രിയില്‍ യുവാക്കളുടെ മരണപ്പാച്ചില്‍. തടയാൻനിന്ന പോലീസിന്റെ ജീപ്പിലുരസിയിട്ടും നിർത്താതെ പാഞ്ഞ കാറിന്റെ പിന്നിലെ ഒരു ചക്രം ഊരിപ്പോയി. എന്നിട്ടും നിർത്താത്ത കാർ എട്ടു കിലോമീറ്റർ പിന്നിട്ട് നിന്നതോടെ ഇവർ പിടിയിലായി. മദ്യലഹരിയിലായിരുന്നു സംഘമെന്ന് പോലീസ് പറഞ്ഞു.
ഓച്ചിറ ചങ്ങംകുളങ്ങര ഗൗരി ഭവനത്തില്‍ ആദർശ് (23), കരുനാഗപ്പള്ളി സ്വദേശികളായ പ്രവീണ്‍ നിവാസില്‍ പ്രവീണ്‍ (25), ആലിൻകടവ് പുന്നമൂട്ടില്‍ അഖില്‍ (26), ദിലീപ് ഭവനത്തില്‍ സഞ്ജയ് (25), ഷിനാസ് മൻസിലില്‍ നിയാസ് (22), കാട്ടില്‍ക്കടവ് മണ്ടനത്തുതറയില്‍ ഹൗസില്‍ സൂരജ് (21) എന്നിവരാണ് കാറിലുണ്ടായിരുന്നത്. അഖിലാണ് കാറോടിച്ചത്.
അബുദാബിയില്‍ ആദ്യമായി ജോലിക്കു പോകുന്ന സഞ്ജയ്യെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കാൻ പോകുകയായിരുന്നു ഇവർ. സംഭവത്തെ തുടർന്ന് യുവാവിന്റെ വിദേശയാത്ര മുടങ്ങി.പല്ലനയില്‍ സ്കൂട്ടറിലിടിച്ച ശേഷം നിർത്താതെ പോയ കാർ ദേശീയപാതയിലൂടെ പാഞ്ഞുവരുന്നതായി ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയാണ് പോലീസ് കണ്‍ട്രോള്‍റൂമില്‍നിന്ന് അമ്ബലപ്പുഴ സ്റ്റേഷനില്‍ വിവരം ലഭിച്ചത്. കാർ മറ്റു ചില വാഹനങ്ങളിലും ഉരസുകയും ഡ്രൈവർമാർ വെട്ടിച്ചുമാറ്റി അപകടമൊഴിവാക്കുകയും ചെയ്തിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവരെ പിടികൂടാൻ പോലീസ് സംഘം ജീപ്പുമായി അമ്പലപ്പുഴ കച്ചേരിമുക്കില്‍ കാത്തുനിന്നു. അതിവേഗത്തില്‍ പാഞ്ഞെത്തിയ കാർ ജീപ്പിലുരസിയിട്ടും നിർത്തിയില്ല. കാക്കാഴം ഭാഗത്ത് ഡിവൈഡറിനു മുകളില്‍ കയറിയപ്പോഴാണ് പിന്നില്‍ വലതുവശത്തെ ചക്രം ഊരിപ്പോയത്. മൂന്നു ചക്രങ്ങളില്‍ പാച്ചില്‍ തുടർന്നു. പോലീസ് പിന്തുടരുന്നതു മനസ്സിലാക്കി പുന്നപ്രയിലെത്തി കിഴക്കോട്ടുള്ള റോഡിലേക്കു തിരിഞ്ഞു. അരക്കിലോമീറ്റർ പിന്നിട്ട് കളരി ക്ഷേത്രത്തിനടുത്തെത്തിയപ്പോഴാണ് നിന്നുപോയത്.
വിവരമറിഞ്ഞ് പുന്നപ്ര പോലീസും റോഡിലിറങ്ങിയിരുന്നു. പ്രവീണ്‍, ആദർശ്, അഖില്‍ എന്നിവരെ കാറില്‍നിന്നാണു പിടിച്ചത്. ഓടിരക്ഷപ്പെടാൻ ശ്രമിച്ച മറ്റു മൂന്നുപേരെ നാട്ടുകാരുടെ സഹായത്തോടെയും പിടികൂടി. ഇവരെ അമ്ബലപ്പുഴ പോലീസിനു കൈമാറി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കാർ സുഹൃത്തിന്റേതാണെന്നാണ് ഇവർ പോലീസിനോടു പറഞ്ഞത്. കരുനാഗപ്പള്ളിയില്‍നിന്നു തീരദേശപാതയിലൂടെ വലിയഴീക്കല്‍ പാലം കയറി തൃക്കുന്നപ്പുഴ, പല്ലന റൂട്ടിലൂടെ തോട്ടപ്പള്ളിയിലെത്തിയാണ് ദേശീയപാതയില്‍ പ്രവേശിച്ചത്. പൊതുമുതല്‍ നശിപ്പിച്ചതിനും മദ്യപിച്ചു വാഹനമോടിച്ചതിനും പോലീസിന്റെ ജോലി തടസ്സപ്പെടുത്തിയതിനുമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്.