പോക്സോ കേസിലെ പ്രതിയെ ജാമ്യത്തിലിറക്കാൻ വ്യാജ രേഖകൾ; കോടതിയെ കബളിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോഴിക്കോട്: പോക്സോ കേസിലെ പ്രതിയെ ജാമ്യത്തിലെടുക്കുന്നതിനായി വ്യാജ നികുതി ശീട്ടുകള്‍ നല്കി കോടതിയെ പറ്റിച്ച കേസിൽ രണ്ടുപേർ പിടിയിൽ. തിരുവനന്തപുരം മലയിന്‍ കീഴ് പുതുവല്‍ പുത്തന്‍ വീട്ടില്‍ സുധാകുമാര്‍, കുടപ്പാമൂട് റോഡരികത്ത് വീട്ടില്‍ ഉണ്ണികൃഷ്ണന്‍ എന്നിവരെയാണ് കോഴിക്കോട് ടൌണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

2018ലാണ് കേസിന് ആസ്പദമായ സംഭവം. തൊട്ടിൽപാലം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസില്‍ പ്രതിയായ ഝാർഖണ്ഡ്‌ സ്വദേശി നസറുദ്ദീനെ ജാമ്യത്തില്‍ എടുക്കുന്നതിനായാണ് ഇവർ വ്യാജ രേഖകൾ നൽകിയത്. കോഴിക്കോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി (പോക്സോ) മുമ്പാകെയാണ് അസ്സലാണെന്ന വിധത്തിൽ വ്യാജ രേഖകള്‍ ഹാജരാക്കി ജാമ്യക്കാരായി നിന്ന് ജാമ്യം വാങ്ങിച്ചു കോടതിയെ വഞ്ചിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിലെ പ്രതി നസറുദ്ദീന്‍ ഹാജരാകാത്തതിനെ തുടര്‍ന്നു പ്രതിക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിക്കുകയും, ജാമ്യകാര്‍ക്കെതിരെ വില്ലേജ് ഓഫീസ് മുഖേന നടപടി സ്വീകരിക്കുന്നതിനുമായി വില്ലേജ് ഓഫീസുകളിലേക്ക് നോട്ടീസ് അയക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് രേഖകള്‍ വ്യാജമാണെന്ന് മനസിലായത്. തുടര്‍ന്നു നെടുമങ്ങാട് തഹസില്‍ദാര്‍ രേഖകള്‍ വ്യാജമാണെന്നുള്ള വിവരം കോടതിയെ അറിയിക്കുകയായിരുന്നു.

തുടര്‍ന്നു കോടതിയുടെ പരാതിയില്‍ കോഴിക്കോട് ടൌണ്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഒളിവില്‍ കഴിയുന്ന പ്രതികളെ തിരുവനന്തപുരത്ത് വെച്ചു പിടികൂടുകയുമായിരുന്നു.

ഇവർക്കെതിരെ വഞ്ചിയൂര്‍ കോടതിയിലും സമാനമായ കേസുണ്ട്. പ്രതികളെ വ്യാജ രേഖകള്‍ നിര്‍മിക്കാന്‍ സഹായിച്ചവരെ കുറിച്ചും, പ്രതിക്ക് ജാമ്യത്തിനായി ഹാജരായ അഭിഭാഷകര്‍ക്ക് കേസില്‍ എന്തെങ്കിലും പങ്കുണ്ടോ എന്ന കാര്യത്തിലും പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ടൗണ്‍ പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ. ബൈജു കെ ജോസിന്‍റെ നേതൃതത്തില്‍ എസ്.ഐ.മാരായ ജിബിന്‍ ജെ ഫ്രെഡി, അബ്ദുള്‍ സലിം.വി.വി, സീനിയര്‍ സി.പി.ഒ. മാരായ സജേഷ് കുമാര്‍, ഉദയ കുമാര്‍, സി.പി.ഒ. അനൂജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.