മജിസ്ട്രേറ്റ് സ്‌കൂളിന്റെ കഞ്ഞിപ്പുരയിൽ കയറി: പൊലീസും ഒപ്പം കയറി: കഞ്ഞി വയ്ക്കാനല്ല, സ്‌കൂൾ വൃത്തിയാക്കാൻ; ദുരിതാശ്വാസ ക്യാമ്പായ സ്‌കൂൾ വൃത്തിയാക്കാൻ പൊലീസും മജിസ്ട്രേറ്റും രംഗത്ത്
സ്വന്തം ലേഖകൻ
ഏറ്റുമാനൂർ: പൊലീസിനും മജിസ്ട്രേറ്റിനും എന്താണ് സ്‌കൂളിൽ കാര്യമെന്ന് ഇനി ആരും ചോദിക്കരുത്. സ്‌കൂളിന്റെ കഞ്ഞിപ്പുരവരെ ഇന്ന് പൊലീസും മജിസ്ട്രേറ്റും കയ്യടക്കി. എന്തിനെന്നല്ലേ.ദുരിതാശ്വാസ ക്യാമ്പായിരുന്ന സ്‌കൂളും പരിസരവും വൃത്തിയാക്കാൻ.
പ്രളയബാധിത പ്രദേശങ്ങളിൽ നിന്നുള്ള ആളുകളെ താമസിപ്പിച്ച സ്‌കൂളുകളിലെ ക്യാമ്പുകൾ ഒഴിഞ്ഞു പോയിരുന്നു. ബുധനാഴ്ച മുതൽ സ്‌കൂളുകൾ പൂർവ സ്ഥിതിയിൽ എത്തിത്തുടങ്ങുകയാണ്. ഇതിനു മുന്നോടിയായണ് ചൊവ്വാഴ്ച രാവിലെ മുതൽ ഏറ്റുമാനൂർ സി.ഐ എ.ജെ തോമസിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പായിരുന്ന സ്‌കൂൾ വൃത്തിയാക്കാൻ രംഗത്തിറങ്ങിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗവ.ജെ.ബി എൽ പി സ്‌കൂൾ, പേരൂർ ജംഗ്ഷനിലെ സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂൾ തുടങ്ങിയ വിദ്യാലയങ്ങളാണ് ഇന്ന് പൊലീസ് സംഘം വൃത്തിയാക്കുന്നതിനായി രംഗത്തിറങ്ങിയത്. സ്‌കൂളിന്റെ കഞ്ഞിപ്പുരയും, മറ്റ് പ്രദേശങ്ങളും പരിസരവും എല്ലാം പൊലീസ് വൃത്തിയാക്കി.
ഇതിനിടെയാണ് അപ്രതീക്ഷിതമായി ഏറ്റുമാനൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സന്തോഷ് ദാസ് ഇവിടെ എത്തിയത്. സ്‌കൂളും പരിസരവും വൃത്തിയക്കുന്ന പൊലീസിന്റെ പ്രവർത്തനത്തെപ്പറ്റി കേട്ടറിഞ്ഞാണ് അദ്ദേഹവും സ്‌കൂളിലെത്തിയത്.
തുടർന്ന് അദ്ദേഹം ശുചീകരണ പ്രവർത്തനങ്ങളിൽ ആദ്യാവസാനം നിറഞ്ഞു നിന്നു. സ്‌കൂളിന്റെ കഞ്ഞിപ്പുര വൃത്തിയാക്കാൻ ഒപ്പം കൂടിയ അദ്ദേഹം ഇത്തരം പ്രവർത്തനങ്ങളിൽ സജീവമായി രംഗത്തിറങ്ങിയ പൊലീസുകാരെയും അഭിനന്ദിച്ചു.