play-sharp-fill
പച്ചക്കറി വിലയിൽ പൊലീസ് ഇടപെടൽ: നാല് കടകൾക്കെതിരെ നടപടി; സംയുക്ത പരിശോധന ബുധനാഴ്ച മുതൽ

പച്ചക്കറി വിലയിൽ പൊലീസ് ഇടപെടൽ: നാല് കടകൾക്കെതിരെ നടപടി; സംയുക്ത പരിശോധന ബുധനാഴ്ച മുതൽ

സ്വന്തം ലേഖകൻ

കോട്ടയം: വെള്ളപ്പൊക്കത്തിന്റെ മറവില്‍ പച്ചക്കറിസാധനങ്ങള്‍ക്ക് അമിതവില ഈടാക്കിവന്ന വ്യാപാരികള്‍ക്കു പോലിസ് കടിഞ്ഞാണിട്ടു. കോട്ടയം നഗരത്തിലും പരിസരപ്രദേശങ്ങളിലും പച്ചക്കറികള്‍ക്ക് അമിതവിലയാണ് പല വ്യാപാരികളും ഈടാക്കിയിരുന്നത്. മിക്കവാറും കടകളിലും വിലവരപ്പട്ടിക ഉണ്ടായിരുന്നില്ല. ബുധനാഴ്ച മുതൽ പൊലീസും – റവന്യുവും – സിവിൽ സപ്ളൈസ് വകുപ്പും ചേർന്നുള്ള സംയുക്ത പരിശോധനയും ആരംഭിക്കും. ഉണ്ടെങ്കില്‍ തന്നെ ചില സാധനങ്ങളുടെ വില മാത്രമാണ് പ്രദര്‍ശിപ്പിച്ചിരുന്നത്. ഒരു കിലോയ്ക്ക് 27 രൂപ മൊത്ത വിലയുള്ള തക്കാളിക്ക് അറുപതു രൂപയും, 42 രൂപ മൊത്ത വിലയുള്ള പച്ചമുളകിന് 80-100 രൂപയും, 35 രൂപ മൊത്ത വിലയുള്ള മുരിങ്ങകായ്ക്കു 80-100 രൂപയും, 50 രൂപ മൊത്ത വിലയുള്ള പാവയ്ക്കായ്ക്ക് 80-90 രൂപയും, 26 രൂപ മൊത്ത വിലയുള്ള കോവയ്ക്കായ്ക്ക് 60 രൂപയും, 45-47 രൂപ മൊത്ത വിലയുള്ള ഏത്തക്കായ്ക്ക് 80 രൂപയും ആണ് പല വ്യാപാരികളും വാങ്ങിയിരുന്നത്. പോലിസ് പരിശോധനയ്ക്കായി എത്തിയതറിഞ്ഞ് മലയാളം അറിയാത്ത അന്യ സംസ്ഥാന തൊഴിലാളികളെ കട ഏല്‍പ്പിച്ച് മുങ്ങിയ ഉടമസ്ഥന്മാരേ വിളിച്ചു വരുത്തി വിലവിവരപട്ടിക സ്ഥാപിച്ചു. പോലീസിന്റെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്ന് മാര്‍ക്കറ്റിലെ എല്ലാ പച്ചക്കറി വ്യാപാരികളും വില വിലവിവര പട്ടിക സ്ഥാപിക്കുവാനും വില കുറയ്ക്കുവാനും തയാറായി. കൂടുതലായി ഈടാക്കിയ വില പലരും ഉപഭോക്താക്കള്‍ക്ക് തിരികെ നല്‍കി. പോലിസിനൊപ്പം ജില്ലാ സപ്ലൈ വകുപ്പും പരിശോധനകളില്‍ പങ്കെടുത്തു. വിലവിവര പട്ടിക സ്ഥാപിക്കാനും വില കുറയ്ക്കാനും വിമുഖത കാട്ടിയ നാല് കടകള്‍ക്കെതിരെ സപ്ലൈ വകുപ്പ് കേസ് എടുത്തു. വരും ദിവസങ്ങളിലും പരിശോധനകള്‍ കര്‍ശനമായി തുടരുന്നതാണ് എന്ന് ജില്ലാ പോലിസ് മേധാവി അറിയിച്ചു. വില വിവര പട്ടിക പരിശോധിച്ചു മാത്രം സാധനങ്ങള്‍ വാങ്ങുവാന്‍ ജില്ലാ പോലിസ് മേധാവി എല്ലാ ജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു. പച്ചക്കറി കടകളില്‍ നിന്നും സാധനങ്ങളുടെ വിലയും തൂക്കവും പേരും ഉള്‍പ്പെടുന്ന ബില്ല് എല്ലാവരും ചോദിച്ച് വാങ്ങേണ്ടതാണ്. വെള്ളപ്പൊക്കത്തിന്റെ മറവില്‍ സാധന ദൌര്‍ലഭ്യം ഉണ്ടെന്നു വരുത്തി തീര്‍ത്ത് അമിത വില ഈടാക്കുന്ന ആളുകള്‍ക്കെതിരെ വരും ദിനങ്ങളില്‍ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും. ജില്ലാ പോലിസ് മേധാവി ശ്രീ ഹരിശങ്കര്‍ ഐ പി എസ് ന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കോട്ടയം ഡി വൈ എസ് പി ശ്രീ ആര്‍ ശ്രീകുമാര്‍, കോട്ടയം ഡി വൈ എസ് പി ഓഫീസിലെ എ എസ് ഐ മാരായ ഹരിക്കുട്ടന്‍, പ്രസാദ്‌, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ അരുണ്‍ കുമാര്‍ കെ. ആര്‍, വനിതാ സിവില്‍ പോലിസ് ഓഫീസര്‍ മിനിമോള്‍ കെ എം എന്നിവരും , ജില്ലാ സപ്ലൈ ഓഫീസര്‍ ശ്രീമതി എം.പി ശ്രീലത, സീനിയര്‍ സൂപ്രണ്ട് ശ്രീമതി പി എന്‍ ഇന്ദിരാ ദേവി, ഹെഡ് ക്ലാര്‍ക്ക് ശ്രീമതി ദീപ്തി ദിവാകരന്‍, റേഷനിംഗ് ഇന്‍സ്പെക്ടര്‍ ജെ ദിനേഷ് എന്നിവര്‍ പരിശോധനകളില്‍ പങ്കെടുത്തു.