പൊലീസുകാർക്ക് ലോക്ക് ഡൗണിൽ എന്തുമാകാമോ…? മദ്യലഹരിയിൽ സുഹൃത്തുക്കൾക്കൊപ്പം കാറിൽ ഹൈവേയിലൂടെ പാഞ്ഞു: ഓട്ടോറിക്ഷയിൽ ഇടിച്ച കാർ നിർത്താതെ ഓടിച്ചു പോയി; വാഹനം തടഞ്ഞ സി.ഐ അടക്കമുള്ള പൊലീസുകാരോട് അസഭ്യ വർഷം; പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിന് കറുകച്ചാൽ സി.ഐയ്‌ക്കെതിരെ കൊല്ലം കൊട്ടിയത്ത് കേസ്
തേർഡ് ഐ ബ്യൂറോ
കറുകച്ചാൽ: മദ്യലഹരിയിൽ സുഹൃത്തുക്കൾക്കൊപ്പം കാറിൽ പായുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ചു വീഴ്ത്തുകയും, സംഭവത്തെപ്പറ്റി അന്വേഷിക്കാൻ എത്തിയ സി.ഐ അടക്കമുള്ള പൊലീസ് സംഘത്തെ അസഭ്യം പറയുകയും ചെയ്ത കറുകച്ചാൽ സ്റ്റേഷൻ ഹൗസ് ഓഫിസറായ പൊലീസ് ഇൻസ്‌പെക്ടർക്കെതിരെ കേസ്. കറുകച്ചാൽ സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.സലീമിനെതിരെയാണ് ജാമ്യമില്ലാത്ത വകുപ്പുകൾ പ്രകാരം ചാത്തന്നൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ജസ്റ്റിൻ ജോൺ കേസെടുത്തത്. സലിമിനൊപ്പം കാറിനുള്ളിലുണ്ടായിരുന്ന രണ്ടു പേരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
ചൊവ്വാഴ്ച രാത്രി വൈകി ദേശീയ പാതയിൽ ചാത്തന്നൂർ പൊലീസ് സ്റ്റേഷനുമുന്നിലായിരുന്നു അപകടം. കൊട്ടിയം ഭാഗത്തേയ്ക്കു വരികയായിരുന്നു സലിമും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം. ഈ സമയം ചാത്തന്നൂർ പൊലീസ് സ്റ്റേഷനു മുന്നിൽ വച്ച് ഇവരുടെ വാഹനം എതിർദിശയിൽ നിന്നും എത്തിയ ഓട്ടോറിക്ഷയിൽ ഇടിച്ചു. അപകടത്തെ തുടർന്നു ഇവർ വാഹനം നിർത്താതെ അമിത വേഗത്തിൽ ഓടിച്ചു പോയി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസ് സ്റ്റേഷനിൽ നിന്നും വിവരം അറിയിച്ചത് അനുസരിച്ച് രണ്ടു കിലോമീറ്റർ അകലെയായി കൊട്ടിയം ജംഗ്ഷനിൽ വച്ച് കൺട്രോൾ റൂം പൊലീസ് സംഘം വാഹനം തടഞ്ഞിട്ടു. ഇതോടെ സിഐ സലിം അടക്കമുള്ളവർ വാഹനത്തിൽ നിന്നും പുറത്തിറങ്ങി കൺട്രോൾ റൂം പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞു. ഇതോടെ പാരിപ്പള്ളി സി.ഐ അടക്കമുള്ളവർ സ്ഥലത്ത് എത്തി. ഇതോടെ സി.ഐ യ്ക്കു നേരെയായി സലിമിന്റെ തട്ടിക്കയറ്റം.
തുടർന്നു കേസെടുക്കുമെന്നു പൊലീസ് അറിയിച്ചതോടെ സംഭവ സ്ഥലത്തു നിന്നും അപകടത്തിൽപ്പെട്ട കാറും എടുത്ത് സിഐ സലിം രക്ഷപെട്ടു. ഇദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന രണ്ടു സുഹൃത്തുക്കളെ പൊലീസ് സംഘം ഉടൻ തന്നെ കസ്റ്റഡിയിൽ എടുത്തു. ഇവരെ സ്റ്റേഷനിൽ എത്തിച്ചു. ഓട്ടോ ഡ്രൈവറിൽ നിന്നും മൊഴിയെടുത്ത് വാഹനാപകടത്തിനും അശ്രദ്ധമായി വാഹനം ഓടിച്ചതിനും സലിമിനെതിരെ കേസെടുത്തു. പൊലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനുമടക്കം സലിമിനെയും സുഹൃത്തുക്കളെയും ഉൾപ്പെടുത്തി ജാമ്യമില്ലാത്ത വകുപ്പ് പ്രകാരവും കേസെടുത്തിട്ടുണ്ട്.
പൊലീസ് കേസെടുത്തതായി മനസിലാക്കിയതോടെ സലിം ഒളിവിൽ പോയതായാണ് സൂചന. ഒരു ദിവസത്തെ ഔദ്യോഗിക അവധിയെടുത്ത് കറുകച്ചാലിൽ നിന്നും പോയ സലിം രണ്ടു ദിവസമായി മുങ്ങി നടക്കുകയാണ്. ഇതിലും നടപടിയുണ്ടാകുമെന്നു ഉറപ്പായിട്ടുണ്ട്.