സ്‌കൂട്ടർ ഇടിച്ച്‌ കടത്തിണ്ണയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യാചകന്റെ സഞ്ചികളില്‍ നിന്ന് ലഭിച്ചത് ലക്ഷങ്ങൾ; സ്വത്ത്‌ കണ്ട് അമ്പരന്ന് പോലീസ്

Spread the love

ആലപ്പുഴ: സ്‌കൂട്ടർ ഇടിച്ച്‌ കടത്തിണ്ണയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യാചകന്റെ സഞ്ചികളില്‍ നിന്ന് ലഭിച്ചത് ലക്ഷങ്ങൾ, സ്വത്ത്‌ കണ്ട് അമ്പരന്ന് പോലീസ്. ഏകദേശം 4,52,207 രൂപയോളമാണ് യാചകന്റെ സഞ്ചികളിൽ നിന്നും ലഭിച്ചത്.. ചാരുംമൂട്ടിലും പരിസരങ്ങളിലുമായി ഭിക്ഷാടനം നടത്തിവന്ന ഇയാള്‍ തിങ്കളാഴ്ച സന്ധ്യയോടെയാണ് അപകടത്തില്‍പ്പെട്ടത്. സ്‌കൂട്ടർ ഇടിച്ച്‌ വീണതിനെ തുടർന്ന് നാട്ടുകാർ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചിരുന്നു. അനില്‍ കിഷോർ, തൈപറമ്ബില്‍, കായംകുളം എന്നാണ് ഇയാള്‍ ആശുപത്രിയില്‍ നല്‍കിയ വിലാസം.

video
play-sharp-fill

തലയ്ക്ക് പരിക്കുള്ളതിനാല്‍ വിദഗ്ദ്ധ ചികിത്സയ്ക്ക് ഡോക്ടർ നിർദ്ദേശിച്ചെങ്കിലും രാത്രിയോടെ ഇയാള്‍ ആശുപത്രിയില്‍ നിന്നിറങ്ങിപ്പോയി. ചൊവ്വാഴ്ച രാവിലെയാണ് ടൗണിലെ ഒരു കടത്തിണ്ണയില്‍ മരിച്ചു കിടക്കുന്നത് കണ്ടത്. നൂറനാട് പൊലീസ് എത്തി മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇയാളുടെ കൈവശമുണ്ടായിരുന്ന സഞ്ചികള്‍ സ്റ്റേഷനില്‍ കൊണ്ടുവന്ന് പരിശോധിച്ചപ്പോഴാണ് നോട്ടുകള്‍ അടങ്ങിയ പ്ലാസ്റ്റിക് ടിന്നുകള്‍, പഴ്സുകള്‍ എന്നിവ കണ്ടത്.

തുടർന്ന് പൊലീസ് ചാരുംമൂട്ടിലെ പഞ്ചായത്തംഗമായ ഫിലിപ്പ് ഉമ്മനെ സ്റ്റേഷനിലേക്ക് വരുത്തി. എസ്.ഐ രാജേന്ദ്രൻ, എ.എസ്.ഐ രാധാകൃഷ്ണനാചാരി, സി.പി.ഒ മണിലാല്‍ എന്നിവരും പഞ്ചായത്ത് മെമ്ബറും പൊതുപ്രവർത്തകനായ അരവിന്ദാക്ഷനും കൂടി നോട്ടുകള്‍ എണ്ണിയപ്പോഴാണ് നാലര ലക്ഷം രൂപയുണ്ടെന്ന് വ്യക്തമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2000ത്തിന്റെ 12 നോട്ടുകളും സൗദി റിയാലും കൂട്ടത്തിലുണ്ടായിരുന്നു. 5 പ്ലാസ്റ്റിക് ടിന്നുകളിലായി നോട്ടുകള്‍ അടുക്കി സെല്ലോടോപ്പ് ഒട്ടിച്ച നിലയിലായിരുന്നു സഞ്ചിയില്‍ സൂക്ഷിച്ചിരുന്നത്. ഇയാളുടെ ബന്ധുക്കളാരും ഇതുവരെ എത്തിയിട്ടില്ലെന്നും പണം കോടതിയില്‍ ഹാജരാക്കുമെന്നും നൂറനാട് സി.ഐ എസ്.ശ്രീകുമാർ പറഞ്ഞു.