
തിരുവനന്തപുരം: ഇതാണ് പോലീസ്, ഇതാവണം പോലീസ്.മനുഷ്യത്വം വാനോളം നിറഞ്ഞു നിൽക്കുന്ന ഒരുകൂട്ടം പോലീസ് ഉദ്യോഗസ്ഥരെക്കുറിച്ചാണ്. ആറ്റിങ്ങലിൽ പാലത്തിൽ നിന്നും ചാടി ആത്മഹത്യചെയ്യാന്‍ ശ്രമിച്ച യുവാവിനെ അനുനയിപ്പിച്ച് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് സമൂഹ്യമാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹം.
ബുധനാഴ്ച രാത്രി അയിലം പാലത്തില്‍ നിന്നും ചാടാൻ ശ്രമിച്ച പോത്തന്‍കോട് സ്വദേശിയായ 23കാരനെയാണ് ആറ്റിങ്ങൽ എസ്‌ഐ ജിഷ്ണുവും എഎസ്‌ഐ മുരളീധരന്‍ പിള്ളയും ചേർന്ന് അനുനയിപ്പിച്ച് കരയിലേക്കെത്തിച്ചത്.
സംഭവത്തിന്‍റെ വീഡിയോ ദൃശ‍്യങ്ങൾ സമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് കേരള പൊലീസിന്‍റെ സമൂഹ്യ മാധ്യമ അക്കൗണ്ടുകളിലടക്കം അഭിനന്ദനങ്ങളെത്തുന്നത്. ചാടാനായി പാലത്തിന്‍റെ കൈവരികളിൽ കയറിയിരുന്ന യുവാവിനോട്, കയറിവാടാ മോനേ, എന്തു പ്രശ്‌നമുണ്ടെങ്കിലും പരിഹരിക്കാമെന്നും അതിനാണ് പൊലീസെന്നും പറഞ്ഞാണ് ഉദ്യോഗസ്ഥർ അനുനയിപ്പിക്കുന്നത്.
കരയേണ്ടെന്നും കരയിലേക്ക് കയറിവായെന്നും പറഞ്ഞ് ഉദ്യോഗസ്ഥർ ആശ്വസിപ്പിക്കുന്നതോടെ യുവാവ് തിരികെ വരുന്നതും പൊലീസിനൊപ്പം പാലത്തിന്‍റെ വശങ്ങളിൽ ഇരുന്ന് സംസാരിച്ച് പ്രശ്നം പരിഹരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ബുധനാഴ്ച രാത്രി എട്ടുമണിയോടെ കണ്‍ട്രോള്‍ റൂമില്‍നിന്ന് സന്ദേശം കിട്ടിയതിന്‍റെ അടിസ്ഥാനത്തിലാണ് സ്ഥലത്തെത്തിയതെന്ന് എസ്‌ഐ ജിഷ്ണു പറഞ്ഞു. പ്രദേശവാസികളാരോ ആണ് വിളിച്ചു പറഞ്ഞത്. ജീപ്പിൽ വേഗം പുറപ്പെട്ടു. ഞങ്ങളെത്തുമ്പോൾ പുഴയിലേക്കു ചാടാനായി തൂണില്‍ പിടിച്ചു നില്‍ക്കുന്ന യുവാവിനെയാണ് കണ്ടത്.
ആദ്യം സംസാരിച്ചു നോക്കിയിട്ട് യുവാവ് വഴങ്ങിയില്ല. പേരു പോലും പറയാന്‍ കൂട്ടാക്കിയില്ല. ഇപ്പോള്‍ ചാടുമെന്ന അവസ്ഥയിലായിരുന്നു അവന്‍. ഞങ്ങള്‍ രണ്ടുപേരും മാറി മാറി സംസാരിച്ചു. ചുറ്റും ഉണ്ടായിരുന്ന ആളുകളെ ഒക്കെ മാറ്റി. പിന്നെയും സംസാരിച്ചപ്പോള്‍ അയാള്‍ വഴങ്ങുകയായിരുന്നു. ജീവിതത്തിലെ കുറേ പ്രശ്‌നങ്ങള്‍ പറഞ്ഞു.
അതെല്ലാം ഞങ്ങള്‍ ക്ഷമയോടെ കേട്ടു. ഒടുവില്‍ താഴെ ഇറക്കി പാലത്തിന്‍റെ സൈഡില്‍ അവനൊപ്പം ഇരുന്നു. അവന് കരയണമെന്ന് പറഞ്ഞപ്പോള്‍ കൂടെ ഇരുന്നു. കരഞ്ഞു തീര്‍ക്കാന്‍ പറഞ്ഞു. ഞങ്ങള്‍ കൂടെ ഉണ്ടെന്നു പറഞ്ഞപ്പോള്‍ അവന് അതില്‍ വിശ്വാസം തോന്നി. അവന്‍റെ പ്രശ്നങ്ങൾ കേൾക്കാനായി അപ്പോള്‍ ആരെങ്കിലും വേണമായിരുന്നു.
ഞങ്ങള്‍ അതാണ് ചെയ്തത്. ഒടുവില്‍ വീട്ടുകാരെയും വിളിച്ചു വരുത്തി കൂടെ വിടുകയായിരുന്നു. എനിക്കും പൊലീസ് ആകണമെന്നു പറഞ്ഞിട്ടാണ് അവന്‍ പോയത്. അപ്പോള്‍ വലിയ സന്തോഷം തോന്നിയെന്നും എസ്ഐ ജിഷ്ണു പറഞ്ഞു
ഇത്തരത്തിൽ നിരവധി സംഭവങ്ങൾ നേരിടേണ്ടിവരുമെന്നും എല്ലാം ക്യാമറയിൽ ചിത്രീകരിക്കാറില്ലെന്നും പൊലീസ് പറയുന്നു. ഈ സംഭവം യാദൃശ്ചികമായി എടുത്തതാണ്. ബോധവത്‌കരണത്തിനായി കേരള പൊലീസിന്‍റെ സമൂഹ്യമാധ്യമ അക്കൗണ്ടിൽ ഷെയർ ചെയ്തതാണന്നും പൊലീസ് പറഞ്ഞു.