video
play-sharp-fill
രോഗിയുടെ ജീവൻരക്ഷിക്കാൻ ആംബുലൻസിനു മുന്നിലോടിയ പൊലീസുകാരന് അക്ഷര നഗരത്തിന്റെ ആദരം; ആദ്യ സ്വീകരണം നൽകുന്നത് സെന്റിനിയൽ ലയൺസ് ക്ലബ്: രഞ്ജിത്തിനു കൂടുതൽ ആദരവൊരുക്കാൻ വിവിധ സംഘടനകൾ രംഗത്ത്

രോഗിയുടെ ജീവൻരക്ഷിക്കാൻ ആംബുലൻസിനു മുന്നിലോടിയ പൊലീസുകാരന് അക്ഷര നഗരത്തിന്റെ ആദരം; ആദ്യ സ്വീകരണം നൽകുന്നത് സെന്റിനിയൽ ലയൺസ് ക്ലബ്: രഞ്ജിത്തിനു കൂടുതൽ ആദരവൊരുക്കാൻ വിവിധ സംഘടനകൾ രംഗത്ത്

തേർഡ് ഐ ബ്യൂറോ

കോട്ടയം: നഗരമധ്യത്തിലെ ഗതാഗതക്കുരുക്കിൽ കുടുങ്ങിയ ആംബുലൻസിനു മുന്നിലോടി കടന്നു പോകാൻ വഴിയൊരുക്കിയ പൊലീസുകാരൻ അക്ഷരനഗരത്തിന്റെ ആദരം. വൈക്കം ചെമ്പ് സ്വദേശിയും ഹൈവേ പെട്രോളിംഗ് സംഘത്തിലെ സിവിൽ പൊലീസ് ഓഫിസറുമായ രഞ്ജിത്ത് രാധാകൃഷ്ണനാണ് ആദരം ഒരുക്കാൻ കോട്ടയത്തെ വിവിധ സംഘടനകൾ രംഗത്ത് എത്തിയിരിക്കുന്നത്. ആദ്യമായി സെന്റിനിയൽ ലയൺസ് ക്ലബാണ് രഞ്ജിത്തിനു ആദരം ഒരുക്കാൻ തീരുമാനിച്ചിരിക്കുന്നത്. ജനുവരി 17 ന് നടക്കുന്ന കുടുംബ സംഗമത്തിൽ രഞ്ജിത്തിനെ ആദരിക്കുന്നതിനാണ് ലയൺസ് ക്ലബ് യോഗം തീരുമാനിച്ചിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവിയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാവും രഞ്ജിത്തിന് ആദരം നൽകുക.
കഴിഞ്ഞ 27 ന് കോട്ടയം നഗരത്തിൽ അയ്യപ്പജ്യോതി പരിപാടിയ്ക്കിടെയാണ് നഗരമധ്യത്തിലെ ഗതാഗതക്കുരുക്കിൽ ആംബുലൻസ് കുടുങ്ങിയത്. നിമിഷങ്ങളോളം സ്റ്റാർ ജംഗ്ഷനിലെ ഗതാഗതക്കുരുക്കിൽ ആംബുലൻസ് കുടുങ്ങിയെങ്കിലും, മുന്നോട്ട് പോകാൻ സാധിച്ചില്ല. ഈ സമയം സ്റ്റാർ ജംഗ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രഞ്ജിത്ത് ആംബുലൻസിനു മുന്നിലോടി വഴിയൊരുക്കുകയായിരുന്നു. സ്റ്റാർ ജംഗ്ഷൻ മുതൽ തിരുനക്കര മൈതാനം വരെയോടിയാണ് രഞ്ജിത്ത് ആംബുലൻസിനു കടന്നു പോകാൻ വഴിയൊരുക്കിയത്. ആംബുലൻസിൽ ഇരുന്നയാൾ രഞ്ജിത്തിന്റെ ഈ പുണ്യപ്രവർത്തി പകർത്തിയ വീഡിയോ കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കിലിട്ടു. പൊലീസുകാരന്റെ പേരോ മറ്റു വിവരങ്ങളോയില്ലാതെയായിരുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഈ വീഡിയോയിൽ ഉള്ളത് രഞ്ജിത്ത് ആണെന്ന് കണ്ടെത്തിയ തേർഡ് ഐ ന്യൂസ് ലൈവ് ഇതു സംബന്ധിച്ചു വാർത്ത നൽകിയതോടെയാണ് രഞ്ജിത്താണ് ഈ പൊലീസുകാരനെന്ന് തിരിച്ചറിഞ്ഞത്. ഇതോടെയാണ് രഞ്ജിത്തിന് അഭിനന്ദന പ്രവാഹം എത്തിയതും. സെന്റിനിയൽ ലയൺസ് ക്ലബിന്റെ കഴിഞ്ഞ ദിവസം ചേർന്ന കമ്മിറ്റിയിലാണ് രഞ്ജിത്തിനെ ആദരിക്കുന്നത് സംബന്ധിച്ചു തീരുമാനം എടുത്തത്.
തേർഡ് ഐ ന്യൂസ് ലൈവിന്റെ റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ട വിവിധ സംഘടനകൾ രഞ്ജിത്തിനെ ആദരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ തന്നെ ഈ സംഘടനകൾ ആദരവുമായി രംഗത്ത് എത്തുമെന്നാണ് സൂചന.