
ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യാൻ പ്രത്യേക ചോദ്യാവലിയുമായി പൊലീസ്; ഹോട്ടലിൽ പരിശോധന നടന്ന രാത്രിയിൽ ഉണ്ടായ സംഭവങ്ങൾ ഇഴകീറി ചോദിക്കാൻ 32 ചോദ്യങ്ങളടങ്ങിയ പ്രാഥമിക ചോദ്യാവലി; പൊലീസ് ചോദ്യം ചെയ്യൽ നേരിടാൻ അഭിഭാഷകരുടെ സഹായം തേടി നടൻ; മൂന്ന് പ്രമുഖ ക്രിമിനൽ അഭിഭാഷകരോട് നിയമോപദേശം തേടി
കൊച്ചി: ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യാൻ പ്രത്യേക ചോദ്യാവലി തയാറാക്കി പൊലീസ്. 32 ചോദ്യങ്ങളടങ്ങിയ പ്രാഥമിക ചോദ്യാവലിയാണ് എറണാകുളം ടൗൺ നോർത്ത് പൊലീസ് തയാറാക്കിയത്. ഹോട്ടലിൽ പരിശോധന നടന്ന രാത്രിയിൽ ഉണ്ടായ സംഭവങ്ങൾ ഇഴകീറി ചോദിക്കാനാണ് നീക്കം.
ഷൈൻ ടോം ചാക്കോയുടെ കഴിഞ്ഞ ഒരു മാസത്തെ കോൾ ലോഗുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സമീപകാലത്ത് ഷൈൻ നഗരത്തിൽ താമസിച്ച 6 ഹോട്ടലുകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. ഹോട്ടലുകളിൽ താമസിച്ചിരുന്ന ദിവസങ്ങളിൽ ഷൈനിനെ സന്ദർശിച്ചവരുടെ പട്ടികയും പൊലീസ് തയാറാക്കിയിട്ടുണ്ട്.
അടുത്തിടെ ഷൈൻ കേരളത്തിനു പുറത്തേക്ക് നടത്തിയ യാത്രകളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു. ഷൈനുമായി ബന്ധപ്പെട്ട് എക്സൈസിന് കിട്ടിയ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. അതേസമയം, പൊലീസ് ചോദ്യം ചെയ്യൽ നേരിടാൻ അഭിഭാഷകരുടെ സഹായം തേടി നടൻ ഷൈൻ ടോം ചാക്കോ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചിയിലെ മൂന്ന് പ്രമുഖ ക്രിമിനൽ അഭിഭാഷകരുമായി ഷൈൻ ഫോണിൽ സംസാരിച്ചു. ഇന്ന് ഹാജരായില്ലെങ്കിലും പ്രശ്നമില്ലെന്നാണ് ഷൈൻ ടോം ചാക്കോയ്ക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശം. എന്നാൽ, ഇന്ന് ഹാജരായില്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളാകുമെന്ന ആശങ്ക ഷൈനും കുടുംബത്തിനുമുണ്ട്.