play-sharp-fill
നെടുങ്കണ്ടം ലോക്കപ്പിൽ നടന്നത് കൊല്ലാക്കൊല: രാജ്കുമാറിന്റെ സ്വകാര്യ ഭാഗങ്ങളിൽ കാന്താരി മുളക് അരച്ച് തേച്ചു; ക്രൂരത ചെയ്ത പൊലീസുകാർ മദ്യ ലഹരിയിൽ

നെടുങ്കണ്ടം ലോക്കപ്പിൽ നടന്നത് കൊല്ലാക്കൊല: രാജ്കുമാറിന്റെ സ്വകാര്യ ഭാഗങ്ങളിൽ കാന്താരി മുളക് അരച്ച് തേച്ചു; ക്രൂരത ചെയ്ത പൊലീസുകാർ മദ്യ ലഹരിയിൽ

തേർഡ് ഐ ബ്യൂറോ

ഇടുക്ക: നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ ലോക്കപ്പിൽ രാജ്കുമാറിനെ കൊല്ലാക്കൊല ചെയ്ത പൊലീസുകാർ മദ്യലഹരിയിലായിരുന്നുവെന്ന് റിപ്പോർട്ട്. അതിക്രൂരമായ രീതിയിലാണ് ഇവർ രാജ്കുമാറിനോടു പെരുമാറിയത്. രാജ്കുമാറിന്റെ സ്വകാര്യ ഭാഗങ്ങളിൽ കാന്താരിമുളക് അരച്ചു തേച്ച പൊലീസ് ഉദ്യോഗസ്ഥർ അതിക്രൂരമായി മാർദിച്ചെന്നും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഒരുദിവസം പോലും രാജ്കുമാറിനെ പൊലീസുകാർ ഉറങ്ങാൻ അനുവദിച്ചിച്ചിരുന്നില്ലെന്ും കണ്ടെത്തിയിട്ടുണ്ട്. മദ്യലഹരിയിലാണ് പൊലീസുകാർ നാല് ദിവസവും രാജ്കുമാറിനെ മർദ്ദിച്ചതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തി.
ആരോപണ വിധേയരായ പൊലീസുകാരുടെ മൊഴിയെടുക്കലിലൂടെയാണ് ക്രൈംബ്രാഞ്ചിന് വിവരങ്ങൾ ലഭിച്ചത്. മൊഴിയെടുക്കൽ പുരോഗമിക്കുകയാണ്.
മർദനത്തിന്റെ വിവരങ്ങൾ ഇടുക്കി എസ്.പിയെ അറിയിച്ച ജില്ലാ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെ നെടുങ്കണ്ടം എസ്.ഐ കെ.എ സാബു ഭീഷണിപ്പെടുത്തിയെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
നെടുങ്കണ്ടം സ്റ്റേഷനിൽ നടന്ന കാര്യങ്ങൾ ഡി.ജി.പി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുന്നതിൽ സ്റ്റേറ്റ് ഇന്റലിജൻസ് ഗുരുതരമായ വീഴ്ചവരുത്തിയതായും കണ്ടെത്തി.
സ്റ്റേഷനുള്ളിൽ നിന്ന് രാജ്കുമാറിന്റെ അലർച്ച കേട്ടിരുന്നെന്ന് കുടുംബവഴക്കിനെത്തുടർന്ന് പൊലീസ് കസ്റ്റഡിയിലായ ഹക്കീം നേരത്തെ വെളിപ്പെടുത്തിയിരുന്നു. രാജ്കുമാർ കസ്റ്റഡിയിലുണ്ടായിരുന്ന ദിവസമാണ് ഹക്കീമിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.
മെയ് 14ന് കസ്റ്റഡിയിലെടുത്ത തന്നെ അന്ന് രാത്രി മുഴുവൻ പൊലീസ് മർദ്ദിക്കുകയായിരുന്നെന്ന് ഹക്കീം പറഞ്ഞിരുന്നു.മർദ്ദനത്തിൽ പരിക്കേറ്റതിനെ തുടർന്ന് നെടുങ്കണ്ടം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഹക്കീം.
അടുത്ത ദിവസം രാവിലെയാണ് വീട്ടുകാരെ വിളിക്കാൻ ഫോൺ പോലും ലഭിക്കുന്നത്. തുടർന്നാണ് തന്നെ പീരുമേട് കോടതിയിലേക്ക് കൊണ്ടുപോയത്.