മക്കൾ നാല്, പെരുമഴയത്ത് കടത്തിണ്ണയിൽ അഭയം തേടിയ വയോധികന് പോലീസ് തുണ.
കല്ലമ്പലം : നാല് മക്കൾ ഉണ്ടായിട്ടും ആരും നോക്കാൻ ഇല്ലാതെ കോരിച്ചൊരിയുന്ന മഴയത്ത് കടത്തിണ്ണയിൽ അഭയം തേടിയ രോഗിയായ വയോധികന് കല്ലമ്പലം പോലീസ് തുണയായി. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ദുരിതം അനുഭവിക്കുന്ന നാവായിക്കുളം കപ്പാംവിള ചരുവിള പുത്തൻ വീട്ടിൽ ഉത്തമൻപിള്ള (72) യാണ് മക്കൾ വീട്ടിൽ കയറ്റാതായതോടെ കടത്തിണ്ണയിൽ അഭയം പ്രാപിച്ചത്.
ഉത്തമന്റെ ഭാര്യക്ക് മക്കൾ പറയുന്നതിനപ്പുറം സ്വന്തമായി ഒരു നിലപാട് ഇല്ലാത്തതും, അച്ഛനെ നോക്കാൻ മക്കൾ ഒരേപോലെ തയ്യാറാകാതിരുന്നതുമാണ് പ്രശ്നങ്ങൾക്ക് കാരണം. നാട്ടുകാർ മക്കളോട് അച്ഛനെ കൊണ്ടുപോകാൻ ഫോണിൽക്കൂടി ആവശ്യപ്പെട്ടെങ്കിലും കൊണ്ടുപോകാൻ ആരും കൂട്ടാക്കത്തതിനെ തുടർന്ന് നാട്ടുകാർ കല്ലമ്പലം പോലീസിനെ വിവരം അറിയിച്ചു. കല്ലമ്പലം എസ് ഐ അഭിലാഷിൻറെ നേതൃത്വത്തിൽ ഗ്രേഡ് എസ് ഐ നാരായണൻ, അനൂപ്, ബിനുപ്രകാശ്, സജിത്ത് എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. വഞ്ചിയൂർ, വെള്ളല്ലൂർ, കപ്പാംവിള എന്നിവിടങ്ങളിലായി താമസിക്കുന്ന നാല് മക്കളെയും പോലീസ് ഫോൺ ചെയ്തു വിവരം അറിയിച്ചിട്ടും ആരും വരാനോ അച്ഛനെ കൂട്ടികൊണ്ടുപോകാനോ തയ്യാറായില്ല.
തുടർന്ന് പോലീസ് ഉത്തമൻപിള്ളയെ പോലീസ് വാഹനത്തിൽ കയറ്റി ഒരു മകളുടെ വീട്ടിലെത്തിക്കുകയും അടുത്ത ദിവസം എല്ലാ മക്കളെയും സ്റ്റേഷനിൽ വിളിപ്പിച്ച് മാതാപിതാക്കളെ നോക്കാതെ ഉപേക്ഷിച്ചാൽ നിയമ നടപടികൾക്ക് വിധേയരാകേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തതിനെ തുടർന്ന് മക്കളെല്ലാപേരും കൂടി നോക്കാമെന്നുള്ള ഉറപ്പിൽ വിട്ടയച്ചു.