
ആലപ്പുഴ: ഭർത്താവിൻ്റെ അച്ഛനെതിരെ നൽകിയ പോക്സോ പീഡന പരാതി പൊലീസ് അന്വേഷിച്ചില്ലെന്ന് ആരോപിച്ച് യുവതി നൽകിയ പരാതി മനുഷ്യാവകാശ കമ്മിഷൻ നേരിട്ട് അന്വേഷിക്കും. ചേർത്തല അരൂക്കുറ്റി സ്വദേശി സമർപ്പിച്ച പരാതിയിലാണ് നടപടി. പൊലീസിൽ പരാതി നൽകിയിട്ടും അന്വേഷിച്ചില്ലെന്ന അമ്മയുടെ ആരോപണം മനുഷ്യാവകാശ കമ്മീഷൻ്റെ അന്വേഷണ വിഭാഗമാണ് നേരിട്ട് അന്വേഷിക്കുകയെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി ഗീത വ്യക്തമാക്കി.
പൊലീസ് പരാതിക്കാരിയുടേയോ കുട്ടിയുടേയോ മൊഴി എടുത്തിട്ടില്ലെന്നും കുട്ടിയെ യാതൊരു പരിശോധനക്കും വിധേയമാക്കിയിട്ടില്ലെന്നുമുള്ള അമ്മയുടെ പരാതി ഗൗരവതരമാണെന്ന് കമ്മിഷൻ്റെ ഉത്തരവിൽ ചൂണ്ടിക്കാട്ടി. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചു വരുന്ന കാലത്ത് ശരിയായ അന്വേഷണം നടത്തേണ്ടത് അനിവാര്യമാണെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. കമ്മീഷന്റെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ നാല് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിൽ പറഞ്ഞു.
ഭർത്താവിൻ്റെ വീട്ടുകാർക്കെതിരെ വേറെയും പരാതികൾ
പരാതിക്കാരി 2015ലാണ് വിവാഹിതയായത്. ഭർത്താവിന്റെ വീട്ടുകാർ ശാരീരികമായും മാനസീകമായും ഉപദ്രവിച്ചിരുന്നതായി ഇവർ പരാതിയിൽ ആരോപിക്കുന്നുണ്ട്. 2023 ഡിസംബർ 11 ന് ഭർത്താവിന്റെ പിതാവ് തന്നെ കയറിപിടിക്കാൻ ശ്രമിച്ചു. ഇതേ വ്യക്തി തന്റെ മകളെ ഉപദ്രവിച്ചതിനെതിരെ 2024 ജൂൺ 26 ന് മായിത്തറ ചൈൽഡ് ലൈനിൽ പരാതി നൽകി. മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് ചൈൽഡ് ലൈനിൽ നിന്നും ആ പരാതി റാഫർ ചെയ്തിരുന്നു. എന്നാൽ നടപടിയുണ്ടായില്ല. കേസിൽ നിന്നും പിന്മാറാൻ പൊലീസുകാരി ആവശ്യപ്പെട്ടു. 2024 ജൂലൈ 1 ന് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. എന്നാൽ എസ്‌പി മോശമായി പെരുമാറിയെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയിൽ നിന്ന് റിപ്പോർട്ട് വാങ്ങിയിരുന്നു. പരാതിക്കാരിയെ ഭർതൃഗൃഹത്തിൽ വച്ച് മാനസികമായും ശാരീരികമായും ഉപദ്രവിച്ചതിന് പൂച്ചാക്കൽ പൊലീസ് ക്രൈം 797/2024 നമ്പറായി കേസെടുത്തിട്ടുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ കേസ് ചേർത്തല കോടതിയുടെ പരിഗണനയിലാണ്. പരാതിക്കാരിയുടെ മകളെ ഭർത്താവിന്റെ അച്ഛൻ ലൈംഗികാക്രമണത്തിന് വിധേയയാക്കിയെന്ന പരാതി വസ്തുതാവിരുദ്ധമാണെന്നും കുട്ടിയെ ഭർത്താവിന് വിട്ടു കൊടുക്കാതിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. അതേസമയം ഈ റിപ്പോർട്ട് തെറ്റാണെന്ന് പരാതിക്കാരി വാദിക്കുന്നു.