ദുരുപയോഗം വ്യാപകമാകുന്നു….!! പ്രായപൂര്‍ത്തിയാകാത്ത വ്യക്തികള്‍ തമ്മിലുള്ള പ്രണയബന്ധങ്ങളെ പോക്‌സോ കേസുകളില്‍ നിന്നും വ്യത്യസ്തമായി കാണണം; സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി

Spread the love

ഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത വ്യക്തികള്‍ തമ്മിലുള്ള പ്രണയബന്ധങ്ങളെ പോക്‌സോ കേസുകളില്‍ നിന്നും വ്യത്യസ്തമായി കാണണമെന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി.

ക്രിമിനല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനാണ് പോക്‌സോ നിയമം എന്ന് കോടതി ഓര്‍മ്മപ്പെടുത്തി. പോക്‌സോ കേസ് ഉപയോഗിച്ച്‌ പല പ്രതികാരങ്ങളും നടക്കുന്ന സാഹചര്യത്തിലാണ് കോടതിയുടെ നിരീക്ഷണം.

തന്റെ കാമുകിയെ വീട്ടില്‍ നിയമവിരുദ്ധമായി തടങ്കലില്‍ വച്ചിട്ടുണ്ടെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും കാണിച്ച്‌ 21 കാരന്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പ്രകാരം സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള കേസ് പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ സുപ്രധാന പരാമര്‍ശം നടത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോക്‌സോ നിയമം കുട്ടികളെ ലൈംഗികാതിക്രമത്തില്‍ നിന്ന് സംരക്ഷിക്കാനാണ് കൊണ്ടുവന്നതെങ്കിലും, നിരവധി കേസുകളില്‍ കൗമാരക്കാര്‍ തമ്മിലുള്ള സമ്മതപ്രകാരമുള്ള ബന്ധങ്ങളിലേക്കും വിവാഹങ്ങളിലേക്കും ഇതിന്റെ വകുപ്പുകള്‍ പ്രയോഗിക്കപ്പെടുന്നുണ്ടെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

സത്യസന്ധമായ ലൈംഗികാതിക്രമ കേസുകള്‍ക്ക് നിയമം ശക്തമായി ബാധകമാക്കേണ്ടത് അത്യാവശ്യമാണെന്നും, എന്നാല്‍ പ്രണയബന്ധങ്ങളില്‍ നിന്നുള്ള കേസുകളില്‍ ഒരേ മാനദണ്ഡം പ്രയോഗിക്കുന്നത് ഗുരുതരമായ അനീതിക്ക് ഇടയാക്കാമെന്നും കോടതി വ്യക്തമാക്കി. ഈ നിരീക്ഷണങ്ങള്‍ വരും കാലങ്ങളില്‍ ഇത്തരം കേസുകളെ സ്വാധീനിക്കും. പോക്‌സോ കേസ് ദുരുപയോഗം വ്യാപകമാണെന്ന നിരീക്ഷണങ്ങള്‍ക്കിടെയാണ് കോടതിയുടെ ഇടപെടല്‍.